ശരീഅത്ത് നിയമങ്ങളില്‍ മാറ്റങ്ങള്‍ സാധ്യമല്ല: കാന്തപുരം

Posted on: November 25, 2016 10:08 pm | Last updated: November 26, 2016 at 8:46 pm

kanthapuramകോഴിക്കോട്: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനു പിന്നില്‍ രാജ്യത്ത്‌വര്‍ഗീയത സൃഷ്ടിക്കലാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഒരു മതത്തിന്റെ വിശ്വാസ ആചാരങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് വര്‍ഗീയത വളര്‍ത്തുന്നതും രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കുന്നതുമാണെന്നും കാന്തപുരം പറഞ്ഞു. ‘ഏക സിവില്‍ കോഡ്: ബഹുസ്വരതയെ തകര്‍ക്കരുത്’ എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി കടപ്പുറത്ത് സംഘടിപ്പിച്ച അവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശരീഅത്ത് നിയമങ്ങളില്‍ ഒരു തരത്തിലുള്ള മാറ്റങ്ങളും സാധ്യമല്ല. ഇത് മാറ്റാന്‍ ആര്‍ക്കും അധികാരമില്ല. ഓരോ വ്യക്തിക്കും വിശ്വാസ ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഈ സ്വാതന്ത്ര്യം വകവെച്ചു തരലാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണത്തലവനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. മതങ്ങളുടെ വ്യക്തിത്വം അംഗീകരിക്കുമ്പോഴാണ് ദേശീയോദ്ഗ്രഥനവും ഐക്യവും സാധ്യമാകുന്നത്.

നിര്‍ബന്ധിത മതപരിവര്‍ത്തനം ഇസ്‌ലാമില്‍ ഇല്ല. 800 വര്‍ഷത്തോളം മുസ്‌ലിം രാജാക്കന്‍മാര്‍ ഭരണം നടത്തിയിട്ടും ഇന്ത്യയെ ഇസ്‌ലാമിക റിപ്പബ്ലിക് ആക്കാന്‍ ശ്രമിച്ചിട്ടില്ല. ആദ്യകാലത്ത് ഭരണം നടത്തിയ ഹിന്ദു രാജാക്കന്‍മാരും ഹിന്ദു രാജ്യത്തിനായി ശ്രമിച്ചിട്ടില്ല. പുതിയ കാലഘട്ടത്തിലെ ഭരണാധികാരികളും ഇത് മാതൃകയാക്കണം. വിത്യസ്ത മതസ്ഥര്‍ അവരുടെ വിശ്വാസം അനുസരിച്ച് ജീവിച്ചതിന്റെ പേരില്‍ ഇവിടെ പൊതുനിയമങ്ങളും വ്യക്തി നിയമങ്ങളും ഏറ്റുമുട്ടേണ്ട സാഹചര്യം ഇന്നുവരെ ഉണ്ടായിട്ടില്ല. ഏതെങ്കിലും ഒരു മതത്തിന്റെ നയം മാത്രം അടിസ്ഥാനമാക്കി ഭരണം നടത്തുന്നത് അപകടകരമാണ്. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ മുഖമുദ്ര. ഏക സിവില്‍ കോഡ് വന്നാല്‍ ഏത് മതമാകും അടിസ്ഥാനമാക്കുക എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ബന്ധപ്പെട്ടവര്‍ ഇതുവരെ നല്‍കിയിട്ടില്ല.

ഭരണഘടന നല്‍കുന്ന മൗലികാവകാശം സംരക്ഷിക്കലാണ് പ്രധാനം. നിര്‍ദേശക തത്വം അതിനോട് ഏറ്റുമുട്ടുന്നുണ്ടെങ്കില്‍ അത് എടുത്തു കളയണം. ഏകസിവില്‍ കോഡിനെതിരെ മതേതരത്വത്തിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങളും ഐക്യപ്പെടണം. ശരീഅത്ത് സംബന്ധമായ വിഷയങ്ങളില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിനൊപ്പം നില്‍ക്കും. അതേസമയം, ലോ ബോര്‍ഡിന്റെയും മറ്റും യോഗത്തില്‍ പങ്കെടുത്ത് പുറത്തുവന്ന് ശരീഅത്തില്‍ ചില ഭേദഗതികള്‍ ആവശ്യമുണ്ടെന്ന് പറയുന്ന മതപരിഷ്‌കരണ വാദികളുടെ നയങ്ങളോട് സുന്നികള്‍ക്ക് യോജിക്കാന്‍ കഴിയില്ലെന്നും കാന്തപുരം പറഞ്ഞു.
ജനങ്ങളുടെ ആശങ്ക അകറ്റിയതിന് ശേഷമേ ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാവൂവെന്നും ഇക്കാര്യത്തില്‍ തിരക്ക് ആവശ്യമില്ലെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

ഏക സിവില്‍ കോഡ് ബഹുസ്വരതയെ തകര്‍ക്കരുത് എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ നടന്ന സമ്മേളനം വൈകിട്ട് അഞ്ചിന് സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പതാക ഉയര്‍ത്തിയതോടെയാണ് ആരംഭിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, കോഴിക്കോട് രൂപത വികാരി റവ. ഡോ. തോമസ് പനക്കല്‍, സ്വാമി വിശ്വ ഭദ്രാനന്ദ ശക്തിബോധി, മുന്‍മന്ത്രി ബിനോയ് വിശ്വം, സി പി എം നേതാവ് കെ ടി കുഞ്ഞിക്കണ്ണന്‍, കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് അഡ്വ. പി എം സുരേഷ് ബാബു, സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി പ്രസംഗിച്ചു. എസ് വൈ എസ് ജനറല്‍ സെക്രട്ടറി മജീദ് കക്കാട് സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ എന്‍ അലി അബ്ദുല്ല നന്ദിയും പറഞ്ഞു.