Connect with us

International

ഇസ്‌റാഈല്‍- ഫലസ്തീന്‍ കരാറിനെ പിന്താങ്ങി ട്രംപ്‌

Published

|

Last Updated

ന്യൂയോര്‍ക്ക്: ഫലസ്തീന്‍ വിഷയത്തില്‍ നിലപാട് മാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്‌റാഈലും ഫലസ്തീനും തമ്മില്‍ കരാറിലെത്തുന്നതിനെ ഇഷ്ടപ്പെടുന്നുവെന്നായിരുന്നു ട്രംപിന്റെ ഇതുസംബന്ധിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസിനോടുള്ള പ്രതികരണം. തന്റെ മരുമകനെ മധ്യേഷ്യയില്‍ പ്രതിനിധിയായി നിയമിക്കുമെന്നും ഇടനിലക്കാരനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വീകാര്യമായ കരാറിലെത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തുമ്പോള്‍ ഇരു വിഭാഗവും ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം. സുരക്ഷാ കൗണ്‍സിലില്‍ അമേരിക്കക്കുള്ള വീറ്റോ പവര്‍ നൂറ് ശതമാനം ഉപയോഗപ്പെടുത്താനും സന്നദ്ധനാണ്. ഇസ്‌റാഈലിനും ഫലസ്തീനും ഇടയില്‍ കരാര്‍ നിലവില്‍ വരുന്നതിനെ ഇഷ്ടപ്പെടുന്നവരില്‍ ഒരാളാണ് താനും. കാരണം അതത്ര വലിയൊരു നേട്ടമായിരിക്കും. ധാരാളം ആളുകള്‍, വലിയവര്‍ ഉള്‍പ്പെടെ, ഇതു സാധ്യമല്ലെന്ന് എന്നോട് പറഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷേ ഞാനത് അംഗീകരിക്കാന്‍ തയ്യാറല്ല. സമാധാനം ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ഇസ്‌റാഈല്‍- ഫലസ്തീന്‍ സമാധാന ചര്‍ച്ചകളെ കുറിച്ച് ട്രംപ് സംസാരിക്കുന്നത് ഇതാദ്യമല്ല.
അതേസമയം, ഇസ്‌റാഈല്‍ അധികൃതര്‍ നിയമവിരുദ്ധമായി ഫലസ്തീനികളുടെ മണ്ണില്‍ നടത്തുന്ന കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കണമെന്നും എല്ലാ സമാധാന ചര്‍ച്ചകള്‍ക്കുമുള്ള പ്രധാന തടസ്സം ഇസ്‌റാഈലിന്റെ ഈ നടപടിയാണെന്നുമാണ് ഫലസ്തീന്‍ പറയുന്നത്. ഇപ്പോഴും നിയമവിരുദ്ധമായ ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇസ്‌റാഈല്‍ തുടരുകയും ചെയ്യുന്നു. അന്താരാഷ്ട്രാ സമൂഹത്തിന്റെ ഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പുണ്ടെങ്കിലും അതെല്ലാം തള്ളിക്കളഞ്ഞാണ് കുടിയേറ്റ കേന്ദ്രങ്ങള്‍ ഇസ്‌റാഈല്‍ കെട്ടിപ്പൊക്കുന്നത്.

ഇസ്‌റാഈല്‍- ഫലസ്തീന്‍ പ്രശ്‌നത്തിനിടയില്‍ അമേരിക്ക വര്‍ഷങ്ങളായി ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇസ്‌റാഈല്‍ അനുകൂല നിലപാടെടുത്ത് ഫലസ്തീനികളെ വഞ്ചിക്കുന്ന സമീപനമാണ് പുലര്‍ത്തിപ്പോരുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
പുതിയ പ്രസിഡന്റ് ജൂതര്‍ക്ക് അനുകൂലമായ തീരുമാനങ്ങളെടുക്കുന്ന വ്യക്തിയാണെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍, ഇസ്‌റാഈല്‍- ഫലസ്തീന്‍ വിഷയത്തില്‍ അദ്ദേഹമെടുക്കുന്ന നടപടികള്‍ കൂടുതല്‍ ജാഗ്രതയോടെ കാണേണ്ടിവരുമെന്ന് രാഷ്ട്രീയ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Latest