നോട്ട് നിരോധനം: പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത് നിയമസഭയുടെ പ്രമേയം

Posted on: November 25, 2016 12:15 am | Last updated: November 25, 2016 at 12:10 am

modiന്യൂഡല്‍ഹി: സഹകരണ പ്രതിസന്ധി സംബന്ധിച്ച് ഭരണ- പ്രതിപക്ഷ പിന്തുണയോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം പ്രധാനമന്ത്രിയെ പ്രകോപിപ്പിച്ചെന്നും ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് സന്ദര്‍ശനാനുമതി നിഷേധിച്ചതെന്നും സൂചന. ഈ വിഷയത്തില്‍ കേരള നിയമ സഭ പ്രമേയം പാസാക്കിയത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. കറന്‍സി കേന്ദ്ര വിഷയമാണെന്നും അത് നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നതും പ്രമേയം പാസാക്കുന്നതും ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിന് വിരുദ്ധമാണെന്നുമായിരുന്നു ജയ്റ്റ്ലിയുടെ വാദം.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലെത്തിലെത്തിയ നിവേദക സംഘവുമായുള്ള ചര്‍ച്ചയിലാണ് കേന്ദ്ര സര്‍ക്കാറിന്റെയും പ്രധാനമന്ത്രിയുടെയും അതൃപ്തി ജയ്റ്റ്ലി പ്രകടിപ്പിച്ചത്. ഇക്കാര്യം കുമ്മനം പിന്നീട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. കേരളത്തില്‍ സാമ്പത്തിക അരാജകത്വവും അസ്വസ്ഥതയും സൃഷ്ടിക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ചൊവ്വാഴ്ചയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം പാസാക്കിയത്.

അതേസമയം, കേരള നിയമസഭ പാസാക്കിയ പ്രമേയം സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളുടെ വികാരമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കേരളത്തില്‍നിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ആ വികാരത്തെയാണ് പ്രധാനമന്ത്രി നിസ്സാരമായി തള്ളിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് നിന്നു പോയ ബി ജെ പി സംഘത്തിന്റെ നിര്‍ദേശമനുസരിച്ചാകാം സര്‍വകക്ഷി സംഘത്തെ കാണേണ്ടതില്ലെന്ന് പ്രധാനമന്ത്രി തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.