നിലമ്പൂരില്‍ മാവോയിസ്റ്റ് വേട്ട രണ്ട് പേരെ വധിച്ചു

Posted on: November 24, 2016 4:49 pm | Last updated: November 24, 2016 at 11:24 pm
SHARE

 

ഏറ്റുമുട്ടല്‍ വാര്‍ത്തയറിഞ്ഞ് പടുക്ക ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയവര്‍
ഏറ്റുമുട്ടല്‍ വാര്‍ത്തയറിഞ്ഞ് പടുക്ക ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയവര്‍

നിലമ്പൂര്‍: നിലമ്പൂര്‍ വനമേഖലയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സി പി ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗവും നാടുകാണി ദളം മേധാവിയുമായ ആന്ധ്ര പ്രദേശ് സ്വദേശി ദേവാരാജ്, ആന്ധ്ര സ്വദേശി കാവേരി എന്ന അജിത എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റൊരാള്‍ കൂടി കൊല്ലപ്പെട്ടതായി സൂചനയുണ്ട്. ഒരാള്‍ക്ക് പരുക്കേറ്റു.
അതേസമയം, കൊല്ലപ്പെട്ടവരുടെ പേരു വിവരങ്ങള്‍ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലമ്പൂര്‍ സൗത്ത് ഫോറസ്റ്റ് ഡിവിഷനില്‍പ്പെട്ട കരുളായി റെയ്ഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. പടുക്ക ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ദൂരെ കാപ്പ്്- ഇത്തികണ്ണിപ്പാറക്ക് സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്. മാവോയിസ്റ്റ് വേട്ടയുടെ ഭാഗമായി വനത്തില്‍ പരിശോധന നടത്തിയ പോലീസ്, തണ്ടര്‍ബോള്‍ട്ട് സംഘമാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി നിലമ്പൂര്‍ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘം തിരച്ചില്‍ നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം നാല് മവോയിസ്റ്റുകളെ നെല്ലിക്കുത്ത് വനത്തില്‍ നാട്ടുകാര്‍ കണ്ടിരുന്നു. ഇതേത്തുടര്‍ന്ന് പോലീസും വനപാലകരും തിരച്ചില്‍ ശക്തമാക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി 60 അംഗ പോലീസ്, തണ്ടര്‍ബോള്‍ട്ട് സംഘം വനത്തില്‍ പരിശോധന നടത്തി. ഇന്നലെ ഉച്ചയോടെ 11 മാവോയിസ്റ്റുകളെ പോലീസ് കണ്ടെത്തുകയും ഇവരുമായി ഏറ്റുമുട്ടലുണ്ടാകുകയുമായിരുന്നു. 20 മിനുട്ടോളം വെടിവെപ്പ് തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. പോലീസിന്റെയോ തണ്ടര്‍ബോള്‍ട്ടിന്റെയോ ഭാഗത്ത് ആളപായമുണ്ടായിട്ടില്ല എന്നാണ് വിവരം. പോലീസ് നല്‍കുന്ന വിവരങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം പുറത്ത് എത്തിച്ചിട്ടില്ല. ഇന്ന് ഉത്തര മേഖല ഐ ജി അജിത്കുമാറിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം വനത്തിന് പുറത്തെത്തിക്കും.
പോലീസും തണ്ടര്‍ബോള്‍ ട്ടും വനത്തില്‍ തന്നെയാണുള്ള ത്. രക്ഷപ്പെട്ടവര്‍ക്കായി രാത്രി വൈകിയും തിരച്ചില്‍ തുടരുന്നു. ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ, നിലമ്പൂര്‍ നോര്‍ത്ത് ഡി എഫ് ഒ. ഡോ. ആര്‍ ആടരലശന്‍, പെരിന്തല്‍മണ്ണ ഡി വൈ എസ് പി. എം പി മോഹനചന്ദ്രന്‍, വിജിലന്‍സ് ഡി വൈ എസ് പി, നിലമ്പൂര്‍ സൗത്ത് ഡി എഫ് ഒ. കെ സജി എ ന്നിവരും വനപാലകരും പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here