ചെന്നൈയിനെ തകര്‍ത്ത് മുംബൈ ഐഎസ്എല്‍ സെമിയില്‍

Posted on: November 23, 2016 9:35 pm | Last updated: November 23, 2016 at 9:35 pm

islമുംബൈ: ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്ത് മുംബൈ സിറ്റി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമിയില്‍. 13 മത്സരങ്ങളില്‍നിന്ന് 22 പോയിന്റുമായാണ് മുംബൈ സെമി ഉറപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഡീഗോ ഫോര്‍ലാന്റെ മുംബൈയുടെ ജയം.

തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 32 ാം മിനിറ്റില്‍ മുംബൈ ലക്ഷ്യം കണ്ടു. സുനില്‍ ഛേത്രിയുടെ പാസ് മത്യാസ് ഡെഫെഡെറികോ തകര്‍പ്പന്‍ ഇടംകാലന്‍ ഷോട്ടിലൂടെ വലയില്‍ നിക്ഷേപിക്കുകയായിരുന്നു. ചെന്നൈയിന്‍ തിരിച്ചടിക്ക് അവസരങ്ങള്‍ തേടിയെങ്കിലും മുംബൈ പ്രതിരോധം പിളര്‍ത്താനായില്ല.

രണ്ടാം പകുതിയില്‍ മുംബൈ കൂടുതല്‍ കരുത്തോടെ ആക്രമിച്ചു. ഛേത്രിയും ഫോര്‍ലാനുമായിരുന്നു ആക്രമണത്തിനു നേതൃത്വം നല്‍കിയത്. ഇതോടെ 60 ാം മിനിറ്റില്‍ മുംബൈ വീണ്ടും ലക്ഷ്യം കണ്ടു. ബോക്‌സിനു പുറത്തുനിന്ന് ഡീഗോ ഫോര്‍ലാന്‍ മറിച്ചുനല്‍കിയ പാസ് ലോംഗ് റേഞ്ചറിലൂടെ വലയിലെത്തിച്ച് ക്രിസ്റ്റ്യന്‍ വാഡോസാണ് മുംബൈയുടെ ലീഡ് വര്‍ധിപ്പിച്ചത്. പിന്നാലെ ഗോളി മാത്രം മുന്നില്‍നില്‍ക്കെ ഛേത്രിക്കും മുംബൈക്കും അവസരങ്ങള്‍ തുറന്നുകിട്ടിയെങ്കിലും ചെന്നൈയിന്‍ പ്രതിരോധം തക്കസമയത്ത് ഇടപെട്ട് കൂടുതല്‍ അപകടമൊഴിവാക്കി.

തോല്‍വി വഴങ്ങിയ ചെന്നൈയിന്‍ 14 പോയിന്റുമായി ഏഴാം സ്ഥാനത്തു തുടരുന്നു. രണ്ടാമതുള്ള ഡല്‍ഹി ഡൈനമോസിന് 17 പോയിന്റാണുള്ളത്. 15 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.