കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരണസംഖ്യ 148 ആയി

Posted on: November 22, 2016 2:08 pm | Last updated: November 22, 2016 at 8:21 pm

rescue-workers-search-kanpur-survivors-pukhrayan-derailment_367d3af4-af3f-11e6-8409-a9cfd08eff29ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഇന്‍ഡോര്‍- പാറ്റ്‌ന എക്സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 148 ആയി. ഇരുനൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. പരുക്കേറ്റവരെ കാണ്‍പൂരിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

വിശദ പരിശോധനയിലാണ് കോച്ചുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടന്ന മൃതദേഹങ്ങള്‍ കൂടി ഇന്നലെ പുറത്തെടുത്തത്. ദേശീയ ദുരന്തനിവാരണ സേനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ട്രാക്ക് പുനഃസ്ഥാപിക്കുന്നതിന് വേണ്ടി അപകടത്തില്‍പ്പെട്ട കോച്ചുകള്‍ ട്രാക്കില്‍ നിന്ന് നീക്കം ചെയ്തു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ബോഗികള്‍ വേര്‍പ്പെടുത്തിയാണ് ട്രാക്ക് പുനഃസ്ഥാപിക്കുന്നത്.

അപകട കാരണം വ്യക്തമാകുന്നതിനായി ഫോറന്‍സിക് അന്വേഷണത്തിന് ഉത്തരവിട്ടതായി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയില്‍ അറിയിച്ചു. തിരിച്ചറിഞ്ഞ 123 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായി ഡി ജി പി അറിയിച്ചു. കൂടുതല്‍ മൃതദേഹങ്ങള്‍ കോച്ചുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന നടത്തുന്നത്. ദുരന്ത നിവാരണ സേനക്ക് പുറമെ യു പി പോലീസും അര്‍ധസൈനിക വിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.

അതിനിടെ, റഷ്യയും ഫ്രാന്‍സും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ അനുശോചനം അറിയിക്കുന്നതായും പരുക്കേറ്റവര്‍ വളരെ വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും റഷ്യന്‍ പ്രസിഡന്റ് വഌദമിര്‍ പുട്ടിന്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമയച്ച സന്ദേശത്തില്‍ പറഞ്ഞു. ഫ്രഞ്ച് വിദേശകാര്യമന്ത്രിയും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഞായറാഴ്ച പുലര്‍ച്ചെ കാണ്‍പൂരില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ പൊക്രയാന്‍ പട്ടണത്തിലാണ് അപകടമുണ്ടായത്. പാളത്തിലുണ്ടായ വിള്ളലാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പാറ്റ്‌ന- ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. എസ് 1, എസ് 2 കോച്ചുകളിലുണ്ടായിരുന്നവരാണ് മരിച്ചവരിലധികവും. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണിത്.