Connect with us

Kerala

തിരക്കൊഴിയാതെ ബേങ്കുകള്‍; ചില്ലറക്കായി നെട്ടോട്ടം തുടരുന്നു

Published

|

Last Updated

എരഞ്ഞിക്കലില്‍ സ്വദേശിനി കൃഷ്ണ അമ്മാള്‍ മകന്റെ സഹായത്തോടെ മാനാഞ്ചിറ എസ് ബി ഐയില്‍ പണം മാറാനെത്തിയപ്പോള്‍. ചിത്രം: ശിഹാബ് പള്ളിക്കല്‍

എരഞ്ഞിക്കലില്‍ സ്വദേശിനി കൃഷ്ണ അമ്മാള്‍ മകന്റെ സഹായത്തോടെ മാനാഞ്ചിറ എസ് ബി ഐയില്‍ പണം മാറാനെത്തിയപ്പോള്‍. ചിത്രം: ശിഹാബ് പള്ളിക്കല്‍

തിരുവനന്തപുരം: എ ടി എമ്മുകളില്‍ നിന്ന് ലഭിക്കുന്ന 2000 രൂപയുടെ നോട്ടുകള്‍ക്ക് ചില്ലറ ലഭിക്കാതെ ജനം നെട്ടോട്ടത്തില്‍. പല എ ടി എമ്മുകളിലും 2000 രൂപ നോട്ടുകള്‍ മാത്രമാണുള്ളത്. കൈവശം പണമില്ലാത്തവര്‍ വേറെ വഴിയില്ലാതെ ഈ നോട്ടുകള്‍ എടുക്കുന്നുണ്ടെങ്കിലും ചെലവാക്കാനാകാതെ ബുദ്ധിമുട്ടുകയാണ്.

ടോക്കന്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയതിനാല്‍ മിക്ക ബേങ്കുകളിലും തിരക്ക് പ്രത്യക്ഷത്തില്‍ ഇല്ലെങ്കിലും എ ടി എമ്മുകള്‍ക്ക് മുന്നില്‍ വരി നീളുകയാണ്. നഗരപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എ ടി എമ്മുകളിലൊന്നും ചെറിയ നോട്ടുകളില്ലെങ്കില്‍ ഗ്രാമ പ്രദേശങ്ങളിലെ പല എ ടി എമ്മുകളും പ്രവര്‍ത്തനസജ്ജമല്ലെന്നതാണ് പ്രശ്‌നം. പണം നിറച്ചിട്ടുള്ള എ ടി എമ്മുകളിലെല്ലാം നീണ്ട നിരയാണ് കാണാനാകുന്നത്. ബേങ്ക് അധികൃതരുടെ കൈവശമുള്ള 100, 50 രൂപ നോട്ടുകള്‍ തീര്‍ന്നതാണ് എ ടി എമ്മുകളില്‍ 2000 മാത്രം അവശേഷിക്കാനുള്ള പ്രധാന കാരണം. പഴകിയതും ദ്രവിച്ചതുമായ നോട്ടുകള്‍ എ ടി എം മെഷിനുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കാത്തതിനാല്‍ ഇവ പോസ്റ്റ് ഓഫീസുകള്‍ വഴിയും ബേങ്ക് കൗണ്ടറുകള്‍ വഴിയും വിതരണം ചെയ്യുകയാണ്. റിസര്‍വ് ബേങ്കില്‍ നിന്നെത്തിച്ച 100 രൂപ നോട്ടുകളും തീര്‍ന്നു കഴിഞ്ഞു.

500 രൂപ നോട്ടുകള്‍ ഇന്നലെ മുതല്‍ എ ടി എമ്മുകള്‍ വഴി നല്‍കിയെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ചുരുക്കം ചില എ ടി എമ്മുകളില്‍ മാത്രമാണ് ഇത് ലഭ്യമായത്. എ ടി എമ്മുകള്‍ വഴി 500 രൂപ നോട്ടുകളുടെ വിതരണം വൈകുമെന്നാണ് പല ബേങ്ക് അധികൃതരും നല്‍കുന്ന വിവരം. പുതിയ 500 രൂപ നോട്ടുകള്‍ എ ടി എമ്മില്‍ ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള കാലതാമസമാണിതിന് കാരണം. ഓരോ എ ടി എമ്മിലും അധികൃതര്‍ നേരിട്ടെത്തി സജ്ജീകരണങ്ങള്‍ ഒരുക്കിയാല്‍ മാത്രമേ പുതിയ 500 രൂപ നോട്ട് വിതരണം ചെയ്യാന്‍ സാധിക്കൂ.

അതത് ബേങ്കുകളുടെ ചെസ്റ്റ് ബ്രാഞ്ചുകളില്‍ സമാഹരിച്ചിട്ടുള്ള അസാധു നോട്ടുകള്‍ 23ന് മുമ്പ് റിസര്‍വ് ബേങ്കിലെത്തിക്കാന്‍ ബേങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ ചെസ്റ്റ് ബ്രാഞ്ചും 130 കോടി രൂപയുടെ അസാധു നോട്ടെങ്കിലും എത്തിക്കണമെന്നാണ് നിര്‍ദേശം. ഇതിന് ആനുപാതികമായ അളവില്‍ പുതിയ നോട്ടുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
നോട്ട് നിരോധം വന്നതോടെ മിക്ക ബേങ്കുകളുടെയും ബജറ്റില്‍ നിക്ഷേപത്തിന് നിശ്ചയിച്ചിരുന്ന ലക്ഷ്യം ഇതിനകം കൈവരിച്ചിട്ടുണ്ട്. 2017 മാര്‍ച്ച് വരെയുള്ള സമയപരിധിക്കുള്ളില്‍ എത്തേണ്ട നിക്ഷേപമാണ് നവംബറില്‍ തന്നെ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പല ബേങ്കുകളും മാര്‍ച്ചിലും നിക്ഷേപ ലക്ഷ്യം പൂര്‍ത്തിയാക്കിയിരുന്നില്ല. എന്നാല്‍ ഇക്കുറി ആഭ്യന്തര നിക്ഷേപം കുമിഞ്ഞുകൂടുകയാണ്. അതേസമയം വായ്പ നല്‍കല്‍ നിരക്ക് കുറഞ്ഞിട്ടുമുണ്ട്.

---- facebook comment plugin here -----

Latest