ആറ് മക്കളുടെ മാതാവിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു

Posted on: November 21, 2016 9:22 am | Last updated: November 21, 2016 at 9:22 am

oldഓയൂര്‍ (കൊല്ലം): ആറ് മക്കളുള്ള 85കാരിയായ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി. കരിങ്ങന്നൂര്‍ ആലുംമൂട് മടവൂര്‍പുത്തന്‍ വീട്ടില്‍ സുഭാഷിണിക്കാണ് ഈ ദുര്‍ഗതി.
ആറ് ഏക്കര്‍ വസ്തു മക്കള്‍ക്ക് വീതം വെച്ച് കൊടുത്ത് എട്ട് സെന്റ് ഭൂമിയില്‍ കുടില്‍ കെട്ടി താമസിച്ചുവരികയായിരുന്നു സുഭാഷിണി. മാസങ്ങള്‍ക്ക് മുമ്പ് രോഗം മൂര്‍ഛിച്ച് അവശയായി കുടിലുള്ളില്‍ കണ്ടെത്തിയ ഇവരെ സംരക്ഷിക്കാന്‍ വെളിനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് പോലീസിന്റെ സാന്നിധ്യത്തില്‍ മക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
പത്ത് ദിവസം വീതം ഓരോ മക്കളും മാതാവിനെ കൂടെ താമസിപ്പിച്ച് ശുശ്രൂഷിക്കണമെന്നായിരുന്നു വ്യവസ്ഥ. കഴിഞ്ഞ ദിവസം ഒരാള്‍ നോക്കേണ്ടുന്ന പത്ത് ദിവസം കഴിഞ്ഞതോടെ അടുത്തയാള്‍ മാതാവിനെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയില്ല. ഇതേത്തുടര്‍ന്ന് ഇയാള്‍ മാതാവിനെ വീട്ടില്‍ നിന്ന് പുറത്താക്കി.
വീട്ടില്‍ നിന്ന് ഇറങ്ങേണ്ടിവന്ന സുഭാഷിണി കഴിഞ്ഞ ഒരു രാത്രി മുഴുവന്‍ റോഡരികിലായിരുന്നു കഴിച്ചുകൂട്ടിയത്. വയോധികയെ വഴിയരികില്‍ക്കണ്ട നാട്ടുകാര്‍ പൂയപ്പള്ളി പോലീസിനെയും രാഷ്ട്രീയ പ്രതിനിധികളെയും വിവരം അറിയിച്ചു.
എസ് ഐ സാബുജിയുടെ നേതൃത്വത്തില്‍ സുഭാഷിണിയെ ഒരു മകളെ ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മക്കളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഒരു മാസം വീതം ഓരോരുത്തരും മാതാവിനെ പരിചരിക്കുന്നതിന് വ്യവസ്ഥയുണ്ടാക്കിയിരിക്കുകയാണ്.