എംഎം മണി മന്ത്രിസഭയിലേക്ക്; എസി മൊയ്തീന് വ്യവസായം

Posted on: November 20, 2016 1:20 pm | Last updated: November 21, 2016 at 9:37 am

mm-mani

തിരുവനന്തപുരം: അധികാരത്തിലേറി ആറാം മാസത്തില്‍ മന്ത്രിസഭയില്‍ അഴിച്ചുപണി. സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം എം മണിയെ മന്ത്രിസഭയിലുള്‍പ്പെടുത്തും. വൈദ്യുതി വകുപ്പാണ് മണിക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞ നാളെ നടക്കും.
രണ്ട് ദിവസമായി ചേര്‍ന്ന സി പി എം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. എം എം മണി മന്ത്രിസഭയിലെത്തുന്നതോടെ ജയരാജന്‍ വഹിച്ചതടക്കം മറ്റ് ചില വകുപ്പുകളില്‍ പുനഃക്രമീകരണം നടത്താനും സി പി എം സംസ്ഥാന സമിതി തീരുമാനിച്ചു. വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജന്‍ ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് രാജിവച്ച ഒഴിവിലേക്കാണ് മണിയെത്തുന്നത്. ജയരാജന്‍ വഹിച്ചിരുന്ന വ്യവസായ, കായിക, യുവജനക്ഷേമ വകുപ്പുകള്‍ നിലവിലെ സഹകരണ ടൂറിസം മന്ത്രിയായ എ സി മൊയ്തീന് നല്‍കി. മൊയ്തീന്‍ കൈകാര്യം ചെയ്തിരുന്ന സഹകരണ, ടൂറിസം വകുപ്പുകള്‍ കടകംപള്ളി സുരേന്ദ്രന് നല്‍കും. ദേവസ്വത്തിന്റെ ചുമതല കടകംപള്ളിയില്‍ തുടരും. ഇ പി ജയരാജന്‍ രാജിവെച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് വ്യവസായം, കായിക, യുവജന ക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്തുവന്നിരുന്നത്.
ഉടുമ്പന്‍ ചോലയില്‍ നിന്നുള്ള എം എല്‍ എയായ എം എം മണി ആദ്യമായാണ് മന്ത്രി സ്ഥാനത്ത് എത്തുന്നത്. നിലവില്‍ നിയമസഭാ ചീഫ് വിപ്പാണ്. മന്ത്രിസഭ രൂപവത്കരിച്ചപ്പോള്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളില്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതെ പോയ ഏക നേതാവാണ് മണി. ഇടുക്കിക്കാര്‍ക്ക് പ്രിയപ്പെട്ട മണിയാശാനായ എം എം മണി മൂന്ന് തവണ തുടര്‍ച്ചയായി പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയത്.
സംസ്ഥാന കമ്മിറ്റിക്കിടയില്‍ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നാണ് മണിയുടെ പേര് അംഗീകരിച്ചത്. തുടര്‍ന്ന് തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. എം എം മണിയെ മന്ത്രിസഭയിലെടുക്കാനുള്ള സി പി എം സംസ്ഥാന സമിതി തീരുമാനം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്ത മുന്‍ മന്ത്രി ജയരാജന്‍ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുത്തില്ല. തന്റെ ബന്ധുക്കളെയും സി പി എം നേതാക്കളുടെ മക്കളെയും വ്യവസായ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചതാണ് ഇ പി ജയരാജന് വിനയായത്.
മുന്നണി ധാരണയനുസരിച്ച് മന്ത്രിസഭയില്‍ സി പി എമ്മിനുണ്ടാകേണ്ടത് പന്ത്രണ്ട് മന്ത്രിമാരാണ്. പുതിയ മന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സത്യപ്രതിജ്ഞയുടെ സമയവും മറ്റ് കാര്യവും മുഖ്യമന്ത്രി ഗവര്‍ണറുമായി ആലോചിച്ച് തീരുമാനിക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടി നിര്‍ദേശം കൊടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. മുഖ്യമന്ത്രിക്ക് മാത്രമാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ അധികാരമെന്നും കോടിയേരി വ്യക്തമാക്കി.
2016 മെയ് 25ന് ചുമതലയേറ്റ പിണറായി വിജയന്‍ മന്ത്രിസഭയുടെ ആദ്യ പുനഃസംഘടനയാണിത്. ഇ പി ജയരാജന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് പുതിയ അംഗത്തെ മന്ത്രിസഭയിലെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാന സമിതി യോഗം നടക്കുന്നതിനിടെ ഇന്നലെ രാവിലെ അടിയന്തര സി പി എം സെക്രട്ടേറിയറ്റ് യോഗം ചേരുകയായിരുന്നു. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് എം എം മണിയുടെ പേര് നിര്‍ദേശിച്ചത്.
തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സമിതി മണിയെ മന്ത്രിയാക്കാനുള്ള നിര്‍ദേശം ഐകകണ്‌ഠ്യേന അംഗീകരിച്ചു.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് ആലോചനകളുണ്ടായെങ്കിലും സ്പീക്കറെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു വരുന്ന അദ്ദേഹത്തെ മാറ്റേണ്ടതില്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതോടെ എം എം മണിക്ക് മന്ത്രിസഭയിലേക്കുള്ള വഴി തുറക്കുകയായിരുന്നു. ജയരാജന്റെ ഒഴിവില്‍ സുരേഷ് കുറുപ്പ്, എസ് ശര്‍മ എന്നിവരെയും മന്ത്രിസ്ഥാനത്തേക്ക് സി പി എം പരിഗണിച്ചിരുന്നു.