കാരുണ്യ ഫാര്‍മസിയില്‍ അര്‍ബുദ ചികിത്സക്കുള്ള സൗജന്യ മരുന്ന് കിട്ടാനില്ല

Posted on: November 19, 2016 10:12 am | Last updated: November 19, 2016 at 12:24 pm

വടക്കഞ്ചേരി: കാരുണ്യ ഫാര്‍മസിയില്‍ അര്‍ബുദ രോഗികള്‍ക്ക് കീമോ തെറാപ്പി ചെയ്യാനാവശ്യമായ സൗജന്യ മരുന്ന് വിതരണം നിലച്ചു. ട്രാസ്റ്റുസുമാബ് എന്ന മരുന്നാണ് ഒരു മാസത്തോളമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ കിട്ടാനില്ലാത്തത്. കീമോ തെറാപ്പിക്കുള്ള മരുന്നിന്റെ ബില്ല് കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് നല്‍കുകയും കാരുണ്യ ഫാര്‍മസി വഴി മരുന്ന് അനുവദിക്കുകയുമാണ് ചെയ്തിരുന്നത്.
രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇതുവഴി ലഭിച്ചിരുന്ന ആശ്വാസം വലുതായിരുന്നു.മരുന്ന് വിതരണം നിലച്ചത് രക്താര്‍ബുദത്തിന് ചികിത്സ തേടുന്നവരെയാണ് കൂടുതലായി ബാധിച്ചത്. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനാണ് കാരുണ്യ ഫാര്‍മസിയിലേക്ക് മരുന്ന് നല്‍കുന്നത്.ഈ ഇനത്തില്‍ 14 കോടിരൂപ കുടിശ്ശികയാണ്.തുക കിട്ടാത്തതിനാലാണ് മരുന്ന് വിതരണം നിര്‍ത്തിവെച്ചത്. ഒരു കോഴ്‌സ് മരുന്നിന് 44,000 രൂപ വിലയുണ്ട്.വിലപിടിച്ച മരുന്ന് സൗജന്യമായി കിട്ടിയിരുന്നത് രോഗികള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു.
പലര്‍ക്കും ചികിത്സ മുടങ്ങുന്ന സാഹചര്യമാണ്. എങ്ങനെയും പണം ഉണ്ടാക്കി പുറത്തു നിന്ന് വാങ്ങാമെന്ന് വെച്ചാലും എല്ലാ മരുന്ന് ഷാപ്പിലും ഈ മരുന്ന് കിട്ടില്ല.ഒരാഴ്ച മുതല്‍ മൂന്ന് ആഴ്ചവരെ ഇടവേളയില്‍ 13 തവണയായി ഉപയോഗിക്കേണ്ടുന്ന മരുന്നാണ് ട്രാസ്റ്റുസുമാബ്.
തൃശൂര്‍,കോഴിക്കോട്,കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രികളില്‍ നിന്ന് കുടിശ്ശികഭാഗികമായി അടക്കാമെന്ന ഉറപ്പില്‍ താത് ക്കാലികമായി മരുന്ന് വിതരണം തുടരുന്നുണ്ട്.
ഉയര്‍ന്ന വിലയുള്ള ട്രാസ്റ്റുസുമാബ് മരുന്നിന്റെ വിതരണം പുനരാരംഭിച്ചിട്ടില്ല. കുടിശ്ശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കുകയും മരുന്ന് ലഭ്യത ഉറപ്പാക്കുകും ചെയ്താലേ കൊടിയ വേദനയും ദുരിതവും അനു‘വിക്കുന്ന അര്‍ബുദ രോഗികള്‍ക്ക് ചികിത്സ തുടരാനാകൂ. അര്‍ബുദ രോഗ ചികിത്സയുള്ള സ്വകാര്യ ആസ്പത്രികളിലെ ഫാര്‍മസിയിലും ഇതിന് സമീപത്തെ മെഡിക്കല്‍ ഷാപ്പുകളിലും മരുന്ന് ലഭ്യമാണ്.ഇതിന്റെ ഉയര്‍ന്ന വില പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും താങ്ങാവുന്നതല്ല.
കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച പഴയ ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ സ്വകാര്യ മെഡിക്കല്‍ ഷാപ്പുകളില്‍ സ്വീകരിക്കാത്തതിനാല്‍ പണം ഉള്ളവരും മരുന്ന് വാങ്ങാനാകാതെ വിഷമിക്കുന്നു.