മോദിയുടെ മുക്കുപണ്ടം

മോദിയുടെ എല്ലാ പരിപാടികള്‍ക്കുമുള്ള പ്രത്യേകത ഇതാണ്. പ്രഖ്യാപിക്കുന്ന ദിവസം പ്രതിപക്ഷ കക്ഷികള്‍ക്കുപോലും എതിര്‍ത്ത് ഒന്നും മിണ്ടാനാകില്ല. ബുദ്ധിയുള്ള ഏതെങ്കിലും ഒരാള്‍ കാര്യകാരണ സഹിതം മോദി ചെയ്തിരിക്കുന്നത് തെറ്റാണെന്ന് പറഞ്ഞാല്‍ ഉടനെ അയാള്‍ കള്ളപണത്തിന്റെ ഏജന്റാണെന്ന് മുദ്രകുത്തും. ജനങ്ങളെ ഇത്രയധികം അപഹസിക്കുന്ന ഒരു ഭരണകൂടം ഇവിടെ ഇതിന് മുമ്പുണ്ടായിട്ടില്ല. നിങ്ങളെന്തിനാണ് ഭ്രാന്ത് പിടിച്ച് ബേങ്കിലേക്ക് ഓടുന്നത് എന്നാണ് ഇവര്‍ ജനത്തോട് ചോദിക്കുന്നത്. മോദിക്കും അമിത്ഷാക്കും അരുണ്‍ ജെയ്റ്റിലിക്കുമൊന്നും ബേങ്കിലോ എ ടി എമ്മിന്റെ മുമ്പിലോ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട. അതുപോലെയാണോ ഓട്ടോറിക്ഷ ഓടിക്കുന്നവനും കൈവണ്ടി വലിക്കുന്നവനും കൈത്തറി, കശുവണ്ടി, കയര്‍ തൊഴിലാളികളുടെയുമൊക്കെ അവസ്ഥ?
Posted on: November 19, 2016 6:17 am | Last updated: November 19, 2016 at 12:20 am

narendra-modi-jpg-image-784-410സര്‍വ സജ്ജമായ സ്തുതിപാടക വൃന്ദം, അജന്‍ഡ നടപ്പാക്കാന്‍ സര്‍വസഹായവുമായി വമ്പന്‍ കോര്‍പ്പറേറ്റുകള്‍, ഊതിവീര്‍പ്പിക്കാന്‍ മീഡിയാപ്പട- ഇതായിരുന്നു മോദിയെ അധികാരത്തിലേക്ക് വഴിനടത്തിയ പ്രധാന ഘടകങ്ങള്‍. അദ്ദേഹം എന്ത് അബദ്ധം ചെയ്താലും അതിനെ മഹത്വവത്കരിച്ച് ഈ സംഘം കൂടെയുണ്ടാകും. അത്തരം അബദ്ധ നീക്കങ്ങളെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കി നാവടപ്പിക്കലാണ് ഇതില്‍ ഒന്നാമത്തെയും മൂന്നാമത്തെയും വിഭാഗത്തിന്റെ പ്രധാന പ്രവര്‍ത്തനം. അദ്ദേഹം ഭരണത്തിലേറിയപ്പോഴും ഇവരുടെ പ്രവര്‍ത്തനം തുടരുകയാണ്. ഇവരെ ലക്ഷ്യം വെച്ചുള്ളതും ഇവര്‍ക്ക് വിഭവങ്ങളൊരുക്കുന്നതുമായ പ്രവര്‍ത്തനമാണ് മോദി നടത്തിവരുന്നത്. ഇത്തരത്തില്‍ സ്തുതിപാടകര്‍ക്കുള്ള അവസനാ വിഭവമാണ് നോട്ട് പിന്‍വലിക്കല്‍. എന്നാല്‍ സ്തുതി പാടുന്നവര്‍ക്ക് പോലും പ്രഹരമേല്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു എന്നതാണ് പുതിയ സാഹചര്യം വ്യക്തമാക്കുന്നത്. അനുഭവിച്ച് നടുവൊടിയുന്നവന് മുമ്പില്‍ മോദി സ്തുതി ഏശാതെ പോകുകയാണ്. അമ്മയെ പോലും വരിയില്‍ നിര്‍ത്തിയിട്ടും എല്ലാം രാജ്യത്തിനെന്ന പല്ലവി ആവര്‍ത്തിച്ചിട്ടും വികാരപരമായ പ്രസംഗിച്ചിട്ടുമൊന്നും ജനരോഷത്തെ തണുപ്പിക്കാന്‍ സാധിക്കുന്നില്ല.

നോട്ട് പിന്‍വലിക്കല്‍ ഇന്ത്യയില്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ, അതൊന്നും ജനങ്ങള്‍ക്ക് ഒരു ദിവസത്തെ പ്രയാസം പോലുമുണ്ടാക്കിയിട്ടില്ല. അതിനെ പ്രധാനമന്ത്രിയുടെ നേട്ടമായി ആഘോഷിച്ചുമില്ല. സാമ്പത്തിക ക്രമീകരണത്തിന്റെ ഭാഗമായുള്ള സാധാരണ നടപടിയായി ജനങ്ങളെ പ്രയാസപ്പെടുത്താതെ അത്തരം പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതിനും ഭരണാധികാരികള്‍ മിടുക്ക് കാണിച്ചു. അടിയന്തിരാവസ്ഥക്ക് ശേഷം വന്ന മൊറാര്‍ജി ദേശായി ഗവണ്‍മെന്റാണ് അധോലോക നായകന്‍മാരെ തകര്‍ക്കാന്‍ ഇന്ത്യയില്‍ ആദ്യമായി നോട്ടു പിന്‍വലിച്ചത്. ഒരാള്‍ക്കു പോലും അതിന്റെ പേരില്‍ വെയിലു കെള്ളേണ്ടിവരികയോ ജോലി നഷ്ടപ്പെടേണ്ടിവരികയോ ചെയ്തിട്ടില്ല. 10,000 രൂപയുടെയും 1000 രൂപയുടെയും നോട്ടുകളാണദ്ദേഹം പിന്‍വലിച്ചത്. അന്ന് പതിനായിരം രൂപയുടെ നോട്ട് അധോലോകക്കാരുടെയും കൊള്ളക്കാരുടെയും കൈയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരെ തകര്‍ക്കാന്‍ വേണ്ടിയാണിത് ചെയ്തതെങ്കിലും തികച്ചും ഒരു ഭരണപരമായ നടപടി എന്ന നിലക്ക് കൊട്ടിഘോഷമില്ലാതെ ചെയ്യുകയാണുണ്ടായത്. വ്യാജ നോട്ട് ഉണ്ട് എന്ന് ബോധ്യപ്പെടുമ്പോള്‍ അത്തരം നോട്ടുകള്‍ പിന്‍വലിക്കുകയും പുതിയ നോട്ടുകള്‍ ഇറക്കുകയും ചെയ്യും. ഇത് കാലാകാലങ്ങളായി റിസര്‍വ് ബേങ്ക് ചെയ്തുവരുന്ന നടപടിയാണ്. നമ്മുടെ കൈയില്‍ ഇന്ന് കാണുന്ന 10 രൂപ നോട്ടും 20 രൂപ നോട്ടും 500 രൂപ നോട്ടുമെല്ലാം അത്തരത്തില്‍ പിന്‍വലിച്ച് പുറത്തിറക്കിയതാണ്. ഇതെല്ലാം ഒരു രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിന് വേണ്ടി റിസര്‍വ് ബേങ്കും കേന്ദ്ര ഗവണ്‍മെന്റും എല്ലാം കൂടി ചെയ്യുന്ന ഭരണപരമായ ഒരു പ്രക്രിയയാണ്. അതൊന്നും സാധാരണക്കാരനെ ഒരിക്കല്‍ പോലും ബാധിച്ചിട്ടില്ല. കാരണം അത് പിന്‍വലിക്കുന്നത് അത്തരത്തിലാണ്. മോദിക്ക് എന്തുചെയ്താലും അത് ഇത്തിരി മോടിയോടുകൂടി ചെയ്യണമെന്ന താത്പര്യമാണ് പുതിയ പ്രതിസന്ധിക്ക് കാരണം. അതിനാണ് ഇദ്ദേഹം ഈ നാടകീയമായ രംഗങ്ങള്‍ സൃഷ്ടിച്ചത്. എല്ലാ നോട്ടുകളും പിന്‍വലിക്കുന്നത് അപ്രതീക്ഷിതമായിട്ടാണ്. എന്നാല്‍ ഇത് എല്ലാവരെയും വിളിച്ചറിയിച്ച് ആഘോഷമായി കൊട്ടിഘോഷിച്ച് ഇദ്ദേഹം എന്തോ ഒരു മഹാസംഭവം ഇവിടെ ചെയ്തു എന്ന് വരുത്തി തീര്‍ക്കുകയാണ് ചെയ്തത്. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന സര്‍ക്കാറിന് രണ്ട് വര്‍ഷം കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ. പിന്നിട്ട വര്‍ഷങ്ങളില്‍ ജനങ്ങളെ സ്വാധീനിക്കുന്നതും സ്വന്തം അനുയായികളുടെ പ്രതീക്ഷ നിറവേറ്റുന്നതുമായ യാതൊരു ഇടപെടലും നടത്താനായിലെന്ന കാര്യം മോദി മനസ്സിലാക്കിയിട്ടുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വേളയിലെ പ്രധാന വാഗ്ദാനം സ്വിസ് ബാങ്കിലെ കള്ളപ്പണം തിരിച്ച് പിടിച്ച് ഓരോ പൗരന്റേയും പേരില്‍ 15 ലക്ഷം എക്കൊണ്ടില്‍ വരുമെന്നായിരുന്നു. ഇത് അദ്ദേഹത്തെ തിരിഞ്ഞുകുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. മോദിയുടെ 15 ലക്ഷം രൂപ എവിടെയെന്ന് ആളുകള്‍ മുക്കിലും മൂലയിലുമിരുന്ന് ചോദിക്കാന്‍ തുടങ്ങി. ഇതിന് ഉത്തരം മുട്ടിയതോടെയാണ് നോട്ട് പിന്‍വലിക്കല്‍ ജാലവിദ്യക്ക് രൂപം നല്‍കിയത്.

താന്‍ കള്ളനോട്ട് ലോബിക്കെതിരെ ശക്തമായ നടപടിയെടുത്തു എന്ന ഒരു പുകമറയുണ്ടാക്കാനുള്ള ശ്രമത്തല്‍ ആദ്യ ഒന്ന് രണ്ട് ദിനം മോദി വിജയിച്ചെങ്കിലും പിന്നീടുള്ള ദിനങ്ങള്‍ അതിലെ അബന്ധങ്ങള്‍ തിരിച്ചറിഞ്ഞ ജനത്തിന്റെ പ്രതിഷേധത്തിനാണ് രാജ്യം സാക്ഷിയാകുന്നത്. കള്ളപ്പണക്കാര്‍ ആരും ലൈനിലെത്തിയില്ല. പകരം സാധാരണക്കാരന്‍ മണിക്കൂറുകള്‍ ലൈന്‍ നില്‍ക്കേണ്ട സ്ഥിതിയാണിപ്പോള്‍.
മോദിയുടെ നടപടി അബദ്ധങ്ങളും സംശയങ്ങളും നിറഞ്ഞതാണ്. മൊറാര്‍ജി ദേശായി പതിനായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചിട്ട് പകരം ഇറക്കിയത് 500 രൂപയുടെ ചെറിയ നോട്ടുകളാണ്. കള്ള നോട്ടടിക്കുന്നവര്‍ എപ്പഴും ചെറിയ നോട്ടല്ല വലിയ നോട്ടുകളാണ് അടിക്കുക. അവര്‍ക്കതാണ് ലാഭം. ഇവിടെ 500 രൂപയും 1000 രൂപയും പിന്‍വലിച്ചിട്ട് പകരം ഇറക്കിയത് 2000 രൂപയുടെ നോട്ടുകളാണ്. 2000 രൂപയുടെ ഒറ്റ നോട്ട് ശമ്പളമായോ കൂലിയായോ ദിവസേന വാങ്ങാന്‍ സാധിക്കുന്നവര്‍ എത്ര പേരുണ്ട്? 2000 രൂപയുടെ ഒറ്റ നോട്ട് കടയില്‍ കൊടുത്ത് നൂറിനോ നൂറ്റമ്പതിനോ സാധനം വാങ്ങിയാല്‍ തിരിച്ചു നല്‍കാന്‍ മാത്രമുള്ള ചില്ലറ നമ്മുടെ വിപണിയില്‍ ലഭ്യമാണോ? ക്രയവിക്രയത്തിനാവശ്യമായ വിധം കറന്‍സികള്‍ വിപണിയില്‍ ഇല്ലാതെ പോയതാണ് ഇന്നത്തെ മുഖ്യപ്രശ്‌നം. ധനമന്ത്രി പറയുന്നത് മൂന്നാഴ്ച കൊണ്ട് എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്നാണ്. എന്നാല്‍ മോദി പറയുന്നത് 50 ദിവസം കാത്തിരിക്കൂ എന്നാണ്. ഒരു മാസമെന്നോ രണ്ടു മാസമെന്നോ പറയുമ്പോള്‍ ആളുകളുടെ മനസ്സിലുണ്ടാവുന്ന അമര്‍ഷത്തിന്റെ കാഠിന്യം കുറക്കാനാണ് മൂന്ന് ആഴ്ച എന്നും 50 ദിവസം എന്നുമൊക്കെ പറയുന്നത്. ചില ഉല്‍പ്പന്നങ്ങള്‍ക്ക് 299, 399 എന്നൊക്കെ വിലയിടുന്ന വിധത്തിലുള്ള ഒരഭ്യാസം മാത്രം.

 

ഇവര്‍ ഇനി മൂന്ന് ആഴ്ചയോ 50 ദിവസം കൂടിയോ ജനം പട്ടിണി കിടന്നാല്‍ മതി എന്ന് പരോക്ഷമായി പറയുകയാണ്. മൂന്ന് ആഴ്ചയും അമ്പത് ദിവസവുമൊക്കെ കഴിയുമ്പോഴേക്കും ജനത്തിന് ഇതൊരു ശീലമായികൊള്ളുമെന്ന് മറ്റാരേക്കാളുമധികം മോദിക്കറിയാം.
ജനങ്ങളെ ഇത്രയധികം അപഹസിക്കുന്ന ഒരു ഭരണകൂടം ഇവിടെ ഇതിന് മുമ്പുണ്ടായിട്ടില്ല. നിങ്ങളെന്തിനാണ് ഭ്രാന്ത് പിടിച്ച് ബേങ്കിലേക്ക് ഓടുന്നത് എന്നാണ് ഇവര്‍ ജനത്തോട് ചോദിക്കുന്നത്. മോദിക്കും അമിത്ഷാക്കും അരുണ്‍ ജെറ്റിലിക്കുമൊന്നും ബേങ്കിലോ എ ടി എമ്മിന്റെ മുമ്പിലോ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട. അവരൊക്കെ സര്‍ക്കാര്‍ ചെലവിലാണ് കഴിയുന്നത്. അതുപോലെയാണോ ഓട്ടോറിക്ഷ ഓടിക്കുന്നവനും കൈവണ്ടി വലിക്കുന്നവനും കൈത്തറി, കശുവണ്ടി, കയര്‍ തൊഴിലാളികളുടെയുമൊക്കെ അവസ്ഥ? ഈ അസംഘടിതരും നിരാലംബരുമായ പട്ടിണി പാവങ്ങള്‍ക്ക് മരുന്ന് വാങ്ങാനും ഭക്ഷണം വാങ്ങാനും നിത്യനിദാന കാര്യങ്ങള്‍ക്കും ബേങ്കിലേക്കോടുകയല്ലാതെ മറ്റെന്തു ഗതി. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും കള്ളനോട്ടടിക്കുന്നവരല്ല. കള്ളപ്പണമോ വ്യാജനോട്ടോ രാജ്യത്തൊഴുകുന്നുണ്ടെങ്കില്‍ അതിന്റെ ഉറവിടമാണ് കണ്ടെത്തേണ്ടത്. അവിടെയാണ് തടയിടേണ്ടത്. അതിന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമുണ്ട്. റവന്യൂ ഇന്റലിജന്‍സ് വിഭാഗമുണ്ട്. പട്ടാളമുണ്ട്, പോലീസുണ്ട് ഇവയൊക്കെ ഉപയോഗിച്ച് ഇത്തരം കേന്ദ്രങ്ങള്‍ അടച്ചു പൂട്ടിക്കുന്നതിനു പകരം അര പട്ടിണിക്കാരനെ മുഴു പട്ടിണിക്കാരനാക്കാനേ ഇപ്പോള്‍ ചെയ്ത ഈ നടപടികൊണ്ട് കഴിയുകയുള്ളൂ. എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് പറയാറുണ്ട്. ഇവിടെ എലിയെ പേടിച്ച് രാജ്യം തന്നെ ചുട്ടിരിക്കുകയാണ്. മോദിയുടെ എല്ലാ പരിപാടികള്‍ക്കുമുള്ള പ്രത്യേകത ഇതാണ്. പ്രഖ്യാപിക്കുന്ന ആദ്യത്തെ ദിവസം പ്രതിപക്ഷ കക്ഷികള്‍ക്കുപോലും എതിര്‍ത്ത് ഒന്നും മിണ്ടാനാവില്ല. ബുദ്ധിയുള്ള ഏതെങ്കിലും ഒരാള്‍ കാര്യകാരണ സഹിതം മോദി ചെയ്തിരിക്കുന്നത് തെറ്റാണെന്ന് പറഞ്ഞാല്‍ ഉടനെ അയാള്‍ കള്ളപണത്തിന്റെ ഏജന്റാണെന്ന് മുദ്രകുത്തും. സത്യത്തില്‍ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും സാംസ്‌കാരിക നായകന്‍മാര്‍ക്കുമൊക്കെ പറ്റിയതും ഇതാണ്.

 

സര്‍ജിക്കല്‍ അറ്റാക്ക് എന്നും പറഞ്ഞ് മോദി പാക്കിസ്ഥാന് എതിരെ യുദ്ധം ചെയ്തു വലിയ പ്രചരണം നടത്തി. ഇന്ത്യ കണ്ട ഏറ്റവും വലിയ സര്‍ജിക്കല്‍ അറ്റാക് നടത്തിയ ഭരണാധികാരി ഇന്ദിരാഗാന്ധിയായിരുന്നു. ലോകത്തെ ശക്തയായ അപൂര്‍വം ഭരണാധികാരികളില്‍ ഒരാളായിരുന്നു ഇന്ദിരാഗാന്ധി. എന്നാല്‍ ഇന്ദിരാ ഗാന്ധി അതും കൊട്ടിഘോഷിച്ചു കൊണ്ട് നടന്നില്ല. എല്‍ ടി ടി തീവ്രവാദികള്‍ കൊളംബോ കീഴടക്കി അവിടെ അമേരിക്ക വന്ന് രാജ്യത്തിന്റെ അധികാരം ഏറ്റെടുക്കുകുയം ചെയ്യുന്നു എന്ന് ബോധ്യമായപ്പോഴാണ് രാജീവ്ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ ശ്രീലങ്കയിലേക്കയച്ചത്. സ്വന്തം ജീവിതം തന്നെ അദ്ദേഹത്തിന് ബലി കൊടുക്കേണ്ടി വന്നു. അന്ന് അതിനെ എതിര്‍ത്ത് രാജ്യം മുഴുവന്‍ പ്രസംഗിച്ചു നടന്നവരാണ് ബി ജെ പി ക്കാര്‍. ഇന്ത്യക്കാരായ തമിഴ് പുലികളെ കൊല്ലാനായി ഇന്ത്യന്‍ പട്ടാളത്തെ ശ്രീലങ്കയിലേക്കയച്ചു എന്ന് പറഞ്ഞ് രാജിവ് ഗാന്ധിക്കെതിരെ പ്രചരണം നടത്തി വികാരമുണ്ടാക്കി അത് തങ്ങള്‍ക്കനുകൂല വോട്ടാക്കി മാറ്റിയവരാണ് ഇപ്പോള്‍ അതിര്‍ത്തിയില്‍ സ്ഥിരമായി പട്ടാളക്കാര്‍ മാത്രമറിഞ്ഞു നടപ്പാക്കി വരുന്ന ഒരു അറ്റാക്കിനെ ഒരു മഹാസംഭവമാക്കി നടത്തിയത്. ആദ്യത്തെ മൂന്ന് ദിവസം അതിന് വലിയ പ്രചരണമായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ആളുകള്‍ സത്യം മനസ്സിലാക്കി തുടങ്ങി. സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ കാണുന്നവര്‍ക്കറിയാം, മുക്കിയ സ്വര്‍ണ്ണത്തിന് സാധാരണ സ്വര്‍ണത്തേക്കാള്‍ നല്ല തിളക്കം കാണും. തൊട്ടു നോക്കുമ്പോഴാണ് മുക്കു പണ്ടമാണെന്ന് തിരിച്ചറിയുക. അതുപോലെയാണ് മോദി ചെയ്യുന്ന ഓരോ ഇടപാടും. അവ പരിശോധിച്ച് വരുമ്പോള്‍ ബോധ്യമാവും മുക്കുപണ്ടങ്ങളാണെന്ന്. അതില്‍ അവസാനത്തെ മുക്കുപണ്ടമാണ് ഈ നോട്ടു പിന്‍വലിക്കല്‍ എന്ന് പറയുന്നത്.