സഹകരണ മേഖലയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം: മുഖ്യമന്ത്രി

Posted on: November 17, 2016 11:57 am | Last updated: November 18, 2016 at 9:16 am

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഇതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സഹകരണ ബാങ്കുകളിലുള്ളത് സാധാരണക്കാരന്റെ പണമാണ്. സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറണം. ആഡംബരമാണ് കേരളത്തിലെ പ്രതിസന്ധിക്ക് കാരണമെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവന അംഗീകരിക്കാനാവില്ല. അന്യസംസ്ഥാന തൊഴിലാളികളെ പണമയക്കുന്നതില്‍ നിന്ന് തടയുന്ന അനാവശ്യ നടപടികള്‍ ഒഴിവാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശബരിമല തീര്‍ഥാടന പാതയിലെ എടിഎമ്മുകളില്‍ എപ്പോഴും പണം നിറക്കാനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തോട്ടം തൊഴിലാളികളുടെ കൂലി വിതരണം കളക്ടര്‍മാര്‍ നടത്തും. ഇതിനായി തൊഴിലുടമ മുഴുവന്‍ തുകയും കളക്ടര്‍ക്ക് നല്‍കണം. എല്ലാ ട്രഷറികളിലും കറന്‍സി എക്‌സ്‌ചേഞ്ച് കൗണ്ടറുകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.