വരുമാനം കുറയും; പ്രതിസന്ധി കടുക്കും

Posted on: November 16, 2016 12:37 pm | Last updated: November 16, 2016 at 12:37 pm

currencyതിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിന്റെ പ്രത്യാഘാതം സംസ്ഥാന വരുമാനത്തിലും പ്രതിഫലിച്ച് തുടങ്ങി. ഈ മാസത്തെ നികുതി, നികുതിയേതര വരുമാനം കുത്തനെ ഇടിയും. നവംബറിലെ നികുതി വളര്‍ച്ച ഒറ്റ അക്കത്തില്‍ ഒതുങ്ങുമെന്ന് ധന വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം പതിനേഴ് ശതമാനമുണ്ടായിരുന്ന നികുതി വളര്‍ച്ച ഇത്തവണ പത്തിന് താഴേക്ക് വരുമെന്നാണ് കണക്ക്. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ട്രഷറി ഇടപാടുകളില്‍ നേരിട്ട പ്രതിസന്ധിക്കും അയവ് വന്നിട്ടില്ല.
വാറ്റ്, എക്‌സൈസ് തീരുവ, ഭൂമി രജിസ്‌ട്രേഷന്‍, ലോട്ടറി എന്നിവയാണ് സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. ഇതില്‍ എക്‌സൈസ് തീരുവ ഒഴിച്ച് ശേഷിക്കുന്ന മൂന്ന് മേഖലകളെയും നോട്ട് പിന്‍വലിക്കല്‍ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ നാല് മേഖലകളില്‍ നവംബര്‍ മാസം മാത്രം 1,250 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വിപണികളിലും വ്യാപാര സ്ഥാപനങ്ങളിലും വില്‍പ്പന കുറഞ്ഞതോടെ വാറ്റില്‍ വലിയ കുറവ് രേഖപ്പെടുത്തുന്നു. വാറ്റിന്റെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറയുന്നതോടെ ഈ മേഖലയില്‍ അഞ്ഞൂറ് കോടിയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. വിപണിയിലെ മാന്ദ്യം ഡിസംബറിലും തുടരുമെന്ന് ഉറപ്പാണ്. നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥയും വാറ്റ് വരുമാനത്തെ ബാധിച്ചു. കമ്പി, സിമന്റ് ഉള്‍പ്പെടെ നിര്‍മാണ സാമഗ്രികളില്‍ നിന്നുള്ള നികുതി വാറ്റ് വരുമാനത്തില്‍ പ്രധാനമാണ്. ഈ മേഖല പൂര്‍ണമായി സ്തംഭിച്ചിരിക്കുന്നതാണ് സാഹചര്യം.
ഭൂമിയുടെ കൈമാറ്റം പൂര്‍ണമായി സ്തംഭിച്ചതോടെ രജിസ്‌ട്രേഷനില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഈ മേഖലയില്‍ നിന്നുള്ള പ്രതിമാസ വരുമാനത്തില്‍ ഇരുനൂറ് കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ നാനൂറ് കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സീസണ്‍ തുടങ്ങിയതിന് പിന്നാലെയാണ് നോട്ട് മരവിപ്പിക്കല്‍ നടപടിയുണ്ടായത്. പ്രധാന ടൂറിസം കേന്ദ്രങ്ങളായ കോവളം, മൂന്നാര്‍, ആലപ്പുഴ, കുമരകം, കൊച്ചി മേഖലകളില്‍ ഇതിന്റെ പ്രത്യാഘാതം വ്യക്തമാണ്.
ഒരാഴ്ചത്തെ ലോട്ടറി ഉപേക്ഷിച്ചതോടെ നാനൂറ് കോടി രൂപയുടെ വരുമാന നഷ്ടം ഉറപ്പായി കഴിഞ്ഞു. ഈ മാസം ഇരുപത് മുതല്‍ 26 വരെയുള്ള പ്രതിവാര ലോട്ടറികള്‍ റദ്ദാക്കി കഴിഞ്ഞു. ലോട്ടറി അച്ചടി നിര്‍ത്തിവെക്കാനും ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. 28 കോടി രൂപയുടെ പ്രതിദിന വരുമാനമുള്ള ലോട്ടറി വില്‍പ്പന, കറന്‍സി ക്ഷാമം വന്നതോടെ എട്ട് കോടിയില്‍ താഴെയായി. കെ എസ് എഫ് ഇയുടെ വരുമാനത്തില്‍ 93 ശതമാനം കുറവ് വന്നു. ചിട്ടികള്‍ പുനഃക്രമീകരിച്ചു.
ബേങ്ക് പലിശയിനത്തില്‍ ലഭിക്കുന്ന വരുമാനം കൊണ്ട് അത്യാവശ്യ തുക ട്രഷറിയില്‍ നിന്ന് ഇടപാടുകാര്‍ക്ക് നല്‍കുന്നുണ്ടെങ്കിലും ട്രഷറിയിലേക്കെത്തേണ്ട പണം സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥ തുടരുകയാണ്. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ എസ് ആര്‍ ടി സിക്കും നോട്ട് പിന്‍വലിക്കല്‍ വലിയ ആഘാതമായിട്ടുണ്ട്. പ്രതിദിന യാത്രക്കാരില്‍ ഒന്നര ലക്ഷത്തിന്റെ കുറവാണ് കഴിഞ്ഞ ഒരാഴ്ചയില്‍ ഉണ്ടായത്.
നോട്ട് നിരോധനം നിലവില്‍ വന്ന ആദ്യ ദിവസം കെ എസ് ആര്‍ ടി സിയുടെ പ്രതിദിന വരുമാനത്തില്‍ 39 ലക്ഷം രൂപയുടെ കുറവുണ്ടായി. തൊട്ടടുത്ത ദിവസം വരുമാന നഷ്ടം അമ്പത് ലക്ഷമായി ഉയര്‍ന്നു. ഒരാഴ്ചക്കിടെ ശരാശരി 35 ലക്ഷം പ്രതിദിന നഷ്ടം സംഭവിക്കുന്നു. ശമ്പളം, പെന്‍ഷന്‍, ഇന്ധന ബില്‍ എന്നിവ നല്‍കാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്നതിനിടെയാണ് നോട്ട് പിന്‍വലിക്കല്‍ ഇരുട്ടടിയായത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ഇപ്പോള്‍ തന്നെ നൂറ് കോടി രൂപ കുടിശ്ശികയുണ്ട്. കുടിശ്ശിക നല്‍കിയില്ലെങ്കില്‍ ഇന്ധന വിതരണം നിര്‍ത്തിവെക്കുമെന്ന് ഐ ഒ സി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഒക്‌ടോബര്‍ മാസത്തെ പെന്‍ഷന്‍ ഇനിയും വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.