30 ലക്ഷത്തോളം പേരെ പുറത്താക്കും: ട്രംപ്‌

Posted on: November 15, 2016 9:15 am | Last updated: November 15, 2016 at 9:15 am

donald-trumpന്യൂയോര്‍ക്ക്: 30 ലക്ഷത്തോളം അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും പുറത്താക്കാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കയിലെ പുതിയ ഭരണകൂടം പദ്ധതി തയ്യാറാക്കുന്നു. രേഖകളില്ലാതെ കുടിയേറിയവരെയോ അഭയാര്‍ഥികളായി വന്ന് താമസിക്കുന്നവരെയോ പിടികൂടി പുറത്താക്കാനും അല്ലെങ്കില്‍ അറസ്റ്റ് ചെയ്യാനുമാണ് ഉദ്ദേശിക്കുന്നതെന്ന് ട്രംപ് സി ബി എസിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ട്രംപ് നടത്തുന്ന ആദ്യ ടെലിവിഷന്‍ അഭിമുഖമായിരുന്നു ഇത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രഖ്യാപിച്ചിരുന്ന പല പദ്ധതികളില്‍ നിന്നും ട്രംപ് പിന്മാറിയിരുന്നെങ്കിലും കുടിയേറ്റക്കാരുടെ വിഷയത്തില്‍ എന്ത് നയമാണ് സ്വീകരിക്കുക എന്നത് ഏറെ നിര്‍ണായകമായിരുന്നു. ഒബാമ ഭരണകൂടം നടപ്പിലാക്കിയിരുന്ന ആരോഗ്യ പദ്ധതിക്കെതിരെ നേരത്തെ രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നെങ്കിലും ചില മാറ്റിത്തിരുത്തലുകളോടെ ആ പദ്ധതി തന്നെ തുടരുമെന്നായിരുന്നു ട്രംപിന്റെ വിശദീകരണം. എന്നാല്‍ അഭയാര്‍ഥി വിഷയത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ അഭിമുഖത്തിലെ അദ്ദേഹത്തിന്റെ നിലപാടുകള്‍.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെയും ഗുണ്ടാ സംഘങ്ങളെയും മയക്കുമരുന്ന് ലോബികളെയും പുറത്താക്കും. ഇവര്‍ ഏകദേശം ഇരുപതോ മുപ്പതോ ലക്ഷത്തോളം വരും. മെക്‌സിക്കോയുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗത്ത് മതില്‍ പണിയുമെന്ന വാഗ്ദാനം നടപ്പാക്കുകയും ചെയ്യും. എന്നാല്‍ പൂര്‍ണമായും മതില്‍ നിര്‍മാണം ആയിരിക്കില്ലെന്നും പകുതി ഭാഗം വേലികെട്ടിത്തിരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നുള്ള ചിലരുടെ അഭിപ്രായം പരിഗണിച്ചാണ് പകുതി ഭാഗം വേലി കെട്ടാന്‍ തീരുമാനിച്ചതെന്ന് പറയപ്പെടുന്നു.
അതിനിടെ, അമേരിക്കയില്‍ വ്യാപകമായി വിദ്വേഷ പരാമര്‍ശങ്ങളും വിദ്വേഷ നടപടികളും വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിനെതിരെ ട്രംപ് രംഗത്തെത്തണമെന്നാവശ്യപ്പെട്ട് അമ്പതിനായിരത്തിലധികം ആളുകള്‍ ഒപ്പ് വെച്ച പരാതിയും സമര്‍പ്പിച്ചിട്ടുണ്ട്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവ് വിദ്വേഷ പരാമര്‍ശങ്ങളുടെ പേരിലും മറ്റും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.