രാജ്യത്തിന് വേണ്ടി വീടും കുടുംബവും ത്യജിച്ചു; നടപടി തെറ്റെങ്കില്‍ എന്ത് ശിക്ഷ ഏറ്റുവാങ്ങാനും തയ്യാര്‍; വികാരധീനനായി പ്രധാനമന്ത്രി

Posted on: November 13, 2016 1:10 pm | Last updated: November 14, 2016 at 7:26 pm

mod-at-panaji
പനജി: ഉയര്‍ന്ന കറന്‍സികള്‍ റദ്ദാക്കിയ നടപടി സംബന്ധിച്ച് വിശദീകരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വികാരധീനനായി. രാജ്യത്തിന് വേണ്ടി വീടും കുടുംബവും ത്യജിച്ചയാളാണ് താന്‍. ഓഫീസ് കസേരയില്‍ വെറുതെ ഇരിക്കാനല്ല ജനിച്ചതെന്നും പ്രധാനമന്ത്രി വിതുമ്പലോടെ പറഞ്ഞു.

ധാര്‍ഷ്ട്യം കാണിക്കാനായല്ല കറന്‍സി പിന്‍വലിച്ചത്. അങ്ങനെ പറയുന്നതില്‍ എനിക്ക് വേദനയുണ്ട് രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന വേദന താന്‍ നേരില്‍ കണ്ടിട്ടുണ്ട്. തന്റെ നടപടി തെറ്റാണെങ്കില്‍ രാജ്യം തരുന്ന ഏത് ശിക്ഷയും ഏറ്റവുവാങ്ങാന്‍ തയ്യാറാണ്. അഴിമതിയില്ലാത്ത ഇന്ത്യ സൃഷ്ടിക്കാനാണ് തന്റെ ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ ബുദ്ധിമുട്ടുകള്‍ 50 ദിവസങ്ങള്‍കൊണ്ട് തീരും. കൂടുതല്‍ പദ്ധതികള്‍ മനസ്സിലുണ്ട്. അമ്പത് ദിവസങ്ങള്‍ കൊണ്ട്ജനങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തിലേക്ക് ഇന്ത്യയെ മാറ്റാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഗോവയിലെ മോപ്പ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.