ഹസീബിന് വഴിത്തിരിവായത് സച്ചിന്റെ നെറ്റ് പ്രാക്ടീസ്

Posted on: November 11, 2016 6:05 am | Last updated: November 11, 2016 at 1:06 am

imgid32576151-jpg-galleryന്യൂഡല്‍ഹി: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ഇന്നിംഗ്‌സ് ഓപണ്‍ ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഹസീബ് ഹമീദ്. ഇംഗ്ലീഷ് യുവതാരത്തെ ബാറ്റ്‌സ്മാനാകാന്‍ പ്രചോദിപ്പിച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കറെ നേരില്‍ കാണാനിടയായതാണ്.
ഹസീബിന്റെ പിതാവ് ഇസ്മാഈല്‍ ഹമീദ് ആ സംഭവം ഓര്‍ത്തെടുക്കുന്നു. 2004 ല്‍ മുംബൈയിലെത്തിയപ്പോള്‍ എംഐജി ക്ലബ്ബില്‍ മകനെയും കൂട്ടി ഇസ്മാഈല്‍ എത്തി. അവിടെ നെറ്റ്‌സില്‍ ഒരു ഇന്ത്യന്‍ താരം ബാറ്റിംഗ് പരിശീലനം നടത്തുന്നുണ്ട്.
ഹസീബ് ഏറെ നേരെ അത് നിരീക്ഷിച്ചു നിന്നു. അതാരാണെന്നായി ഏഴ് വയസുകാരന്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ബാറ്റിംഗ് ജീനിയസിനെ കുറിച്ച് അവിടെ വെച്ചാണ് ഹസീബ് പിതാവില്‍ നിന്ന് മനസ്സിലാക്കുന്നത്. അന്ന് തീരുമാനിച്ചു, സച്ചിനെ പോലെ ഒരു ഓപണിംഗ് ബാറ്റ്‌സ്മാനാകണം. ഇംഗ്ലണ്ടിനായി എന്നെങ്കിലും കളിക്കണം.
2010 ല്‍ മുംബൈയില്‍ വിദ്യ പരദ്കര്‍ എന്ന പരിശീലകന്റെ ശിഷ്യത്വം സ്വീകരിച്ചു. പോലീസ് ജിംഖാന ക്ലബ്ബിനായി ഹസീബ് കളിച്ചു.
ആത്മസമര്‍പ്പണം ചെയ്യുന്ന കളിക്കാരനാണ് ഹസീബെന്ന് പോലീസ് ജിംഖാന മുന്‍ ക്രിക്കറ്റ് സെക്രട്ടറി റിട്ടയേര്‍ഡ് എ സി പി ഇഖ്ബാല്‍ ശെയ്ഖ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം പോലീസ് ഷീല്‍ഡ് കളിക്കാന്‍ ഹസീബിന് താത്പര്യമുണ്ടായിരുന്നു. എന്നാല്‍, ഒരു ക്ലബ്ബിലും രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഹസീബിന് കളിക്കാന്‍ സാധിച്ചില്ല. രാജ്‌കോട്ട് സ്റ്റേഡിയത്തില്‍ ഹസീബ് ഹമീദിന്റെ അരങ്ങേറ്റ ഇന്നിംഗ്‌സ് കാണുവാന്‍ അദ്ദേഹത്തിന്റെ കുടുംബമുണ്ടായിരുന്നു.
ഇംഗ്ലീഷ് കൗണ്ടിയില്‍ ലങ്കാഷെയറിനായി പതിനാറ് മത്സരങ്ങളില്‍ രണ്ട് സെഞ്ച്വറികളടക്കം 49.91 ശരാശരിയില്‍ 1198 റണ്‍സ് സ്‌കോര്‍ ചെയ്താണ് ഹസീബ് ദേശീയ ടീം സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചത്.
അരങ്ങേറ്റ ഇന്നിംഗ്‌സില്‍ മികച്ച രീതിയില്‍ തുടങ്ങിയ ഹസീബ് 31 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയില്‍ ആദ്യമായി ഡി ആര്‍ എസ് തീരുമാനത്തിലൂടെ പുറത്താകുന്ന താരമായും ഹസീബ് ചരിത്രത്തിലിടം നേടി.