Connect with us

Ongoing News

യൂറോപ്പ് ഇന്ന് കളത്തില്‍; ഇംഗ്ലണ്ട്, ഫ്രാന്‍സ് ഇന്നിറങ്ങും

Published

|

Last Updated

യൂറോപ്പ് ഇന്ന് മുതല്‍ മൂന്ന് നാള്‍ 2018 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളുടെ ചൂടില്‍. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, ചെക് റിപബ്ലിക് ടീമുകള്‍ ഇന്ന് കളത്തിലിറങ്ങും. ഇറ്റലിയും സ്‌പെയിനും ഞായറാഴ്ച ഇറങ്ങുമ്പോള്‍ യൂറോ കപ്പ് ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ തിങ്കളാഴ്ചയാണ് പോരിനിറങ്ങുന്നത്.
സ്‌കോട്‌ലന്‍ഡിനെതിരെ ഇംഗ്ലണ്ട് ഹോം മാച്ചിനാണ് ഒരുങ്ങുന്നത്. വെംബ്ലിയില്‍ ഇംഗ്ലീഷ് നിരയെ നയിക്കുക മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം വെയിന്‍ റൂണിയാകും. കഴിഞ്ഞ മത്സരത്തില്‍ സ്ലൊവേനിയക്കെതിരെ റൂണിയെ കോച്ച് സൗത്‌ഗേറ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഹെന്‍ഡേഴ്‌സനായിരുന്നു ടീമിനെ നയിച്ചത്. എന്നാല്‍, റൂണി ആത്മവിശ്വാസം വീണ്ടെടുത്തുവെന്നും സ്‌കോട്‌ലന്‍ഡിനെതിരെ അത് കാണാമെന്നും സൗത്‌ഗേറ്റ് പറയുന്നു.
ഹോം മാച്ചിന് ഇറങ്ങുന്ന ഫ്രാന്‍സിന്റെ എതിരാളി സ്വീഡനാണ്. പരുക്കേറ്റ ബയേണ്‍ മ്യൂണിക് സ്‌ട്രൈക്കര്‍ കിംഗ്‌സ്ലേ കോമാന്‍ ഇന്ന് ഫ്രഞ്ച് നിരയിലുണ്ടാകില്ല. മൊണാക്കോ സ്‌ട്രൈക്കര്‍ തോമസ് ലെമാറിനെ പകരം ടീമിലുള്‍പ്പെടുത്തി.
ഗ്രൂപ്പ് എയില്‍ ഫ്രാന്‍സും സ്വീഡനും ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് പിറകിലായി രണ്ടാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍. ഗ്രൂപ്പ് സിയില്‍ ജര്‍മനി കരുത്തറിയിച്ച് മുന്നിലുണ്ട്.
രണ്ടാം സ്ഥാനത്ത് അസര്‍ബൈജാനാണ്. ഗ്രൂപ്പ് ഡിയില്‍ സെര്‍ബിയയും അയര്‍ലന്‍ഡും ഒപ്പത്തിനൊപ്പം. ഗ്രൂപ്പ് ഇയില്‍ മോണ്ടെനെഗ്രോയും പോളണ്ടും ഇഞ്ചോടിഞ്ചാണ്. ഗ്രൂപ്പ് എഫില്‍ ഇംഗ്ലണ്ടിന് മേധാവിത്വം. ലിത്വാനിയ തൊട്ടുപിറകിലുണ്ട്. ഗ്രൂപ്പ് ജിയില്‍ സ്‌പെയിനും ഇറ്റലിയും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. ഗ്രൂപ്പ് എച്ചില്‍ ബെല്‍ജിയം, ഗ്രീസ്, ഗ്രൂപ്പ് ഐയില്‍ ക്രൊയേഷ്യ, ഐസ്‌ലാന്‍ഡ് ടീമുകളും ആദ്യ സ്ഥാനങ്ങളില്‍.

---- facebook comment plugin here -----

Latest