Connect with us

National

1000 ഉടന്‍ തിരിച്ചെത്തും

Published

|

Last Updated

ന്യൂഡല്‍ഹി: പിന്‍വലിച്ച ആയിരം നോട്ടുകള്‍ അധികം വൈകാതെ തിരിച്ചത്തുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്. ഏതാനും മാസങ്ങള്‍ക്കകം പുതിയ രൂപത്തില്‍ ആയിരം രൂപ നോട്ട് തിരിച്ചുകൊണ്ടുവരാനാണ് തീരുമാനിച്ചതെന്ന് ഇതോടൊപ്പം രാജ്യത്ത് നിലവിലുള്ള മുഴുവന്‍ കറന്‍സി നോട്ടുകളുടെയും ഘടനയില്‍ മാറ്റം വരുത്തുമെന്നും കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.
കേന്ദ്രത്തിന്റെ സാമ്പത്തിക നടപടികളെ കുറിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന ഇക്കണോമിക്ക് എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രൂപത്തിലും വലിപ്പത്തിലും മാറ്റം വരുത്തിയാകും നോട്ടുകള്‍ പുറത്തിറക്കുക. കാലാകാലങ്ങളില്‍ പുതിയ ഘടനയിലുള്ള നോട്ടുകള്‍ വിപണിയില്‍ എത്തിക്കാറുണ്ട്. ഇതിന് മുമ്പും ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ നോട്ടുകള്‍ പുറത്തിറക്കാനുള്ള നടപടികള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നുവരികയായിരുന്നു. ആര്‍ ബി ഐയിലെ മൂന്ന് ഉദ്യോഗസ്ഥരെ മാത്രമാണ് ഇതില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, പുറത്തിറങ്ങുന്ന പുതിയ നോട്ടുകളുടെ വ്യാജനോട്ടുകള്‍ നിര്‍മിക്കാന്‍ പാക്കിസ്ഥാന് കഴിയില്ലെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കി. ആര്‍ക്കും പകര്‍ത്താന്‍ കഴിയാത്ത തരത്തിലുള്ള സുരക്ഷാ രീതികളാണ് പുതിയ നോട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. നോട്ടുകള്‍ അച്ചടിക്കുന്നതിന് മുമ്പ് തന്നെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും റവന്യൂ ഇന്റലിജന്‍സും പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest