വായനയുടെ പുതുലോകം സൃഷ്ടിക്കാന്‍ 2.5 കോടി ദിര്‍ഹമിന്റെ പുസ്തകങ്ങള്‍ വാങ്ങുന്നു

Posted on: November 10, 2016 8:07 pm | Last updated: November 22, 2016 at 1:10 am
2.5 കോടി ദിര്‍ഹമിന്റെ പുസ്തകങ്ങള്‍ വാങ്ങുന്നതിന് യു എ ഇയിലെ പ്രസാധകരുമായി ശൈഖ്  മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ് അധികൃതര്‍ ഒപ്പുവെക്കുന്നു
2.5 കോടി ദിര്‍ഹമിന്റെ പുസ്തകങ്ങള്‍ വാങ്ങുന്നതിന് യു എ ഇയിലെ പ്രസാധകരുമായി ശൈഖ്
മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ് അധികൃതര്‍ ഒപ്പുവെക്കുന്നു

ഷാര്‍ജ: രാജ്യത്തെ ജനങ്ങളെ കൂടുതല്‍ ധിഷണാപരമായി മുന്നേറുന്നതിനും പുതു ജീവിത ക്രമം ചിട്ടപെടുത്തുന്ന പുതിയ വായനാ ലോകം സൃഷ്ടിക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ പുസ്തകങ്ങള്‍ വാങ്ങുന്നതിന് രാജ്യത്തെ 15 പ്രമുഖ പ്രസാധകരുമായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ് (എം ബി ആര്‍ ജി ഐ) 2.5 കോടി ദിര്‍ഹമിന്റെ കരാറുകള്‍ ഒപ്പിട്ടു. ക്യാബിനറ്റ് അഫയേഴ്സ് ഭാവി കാര്യ മന്ത്രിയും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റിവ് ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി അറിയിച്ചതാണിക്കാര്യം.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് അല്‍ ആമിരിയുടെ സാന്നിധ്യത്തിലാണ് ഒപ്പിടല്‍ ചടങ്ങ് നടന്നത്. അറബ് റീഡിംഗ് ചലഞ്ചിന്റെ ഭാഗമായി രൂപം കൊണ്ട വായനക്കായുള്ള സംരംഭങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിനാണ് പുതിയ കരാര്‍ കൊണ്ട് ലക്ഷ്യം വെക്കുന്നത്.
2015 സെപ്റ്റംബറില്‍ ആരംഭിച്ച റീഡിംഗ് ചലഞ്ചില്‍ അറബ് ലോകത്തെ 15 രാജ്യങ്ങളില്‍ നിന്ന് 30,000 സ്‌കൂളുകളിലെ 36.5 ലക്ഷം വിദ്യാര്‍ഥികളാണ് 50 പുസ്തകങ്ങള്‍ വീതം വായിച്ചു തീര്‍ത്തു വായനയുടെ പുതിയ സംസ്‌കാരം സൃഷ്ടിച്ചത്. പുതിയ കരാറിന്റെ പ്രഖ്യാപനം രജ്യത്തെ പ്രസാധകരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കൂടിയുള്ളതാണ്.