ഡല്‍ഹി ഗംഭീരം; ഒന്നാമത്‌

Posted on: November 10, 2016 1:02 am | Last updated: November 10, 2016 at 1:02 am
ഗോള്‍ നേടിയ മലൂദ കോച്ച് സംബ്രോട്ടയുമായി ആഹ്ലാദം പങ്കുവെക്കുന്നു
ഗോള്‍ നേടിയ മലൂദ കോച്ച് സംബ്രോട്ടയുമായി ആഹ്ലാദം പങ്കുവെക്കുന്നു

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ പരിശീലകരുടെ പോരില്‍ ഡല്‍ഹി ഡൈനമോസ് കോച്ച് ജിയാന്‍ലൂക സംബ്രോട്ടക്ക് തകര്‍പ്പന്‍ ജയം. മറ്റെരാസി പരിശീലിപ്പിച്ച ചെന്നൈയിന്‍ എഫ് സിയെ സംബ്രോട്ടയുടെ ടീം ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ചെന്നൈയില്‍ നടന്ന ആദ്യ പാദത്തില്‍ 3-1നും ഡല്‍ഹി ജയിച്ചിരുന്നു. ഇതോടെ, മറ്റെരാസിക്കെതിരെ ഐ എസ് എല്ലില്‍ സമ്പൂര്‍ണ വിജയം കരസ്ഥമാക്കാന്‍ സംബ്രോട്ടക്ക് സാധിച്ചു.
ഫ്രഞ്ച് മാര്‍ക്വു താരം ഫ്‌ളോറന്റ് മലൂദ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഗാസെ, ലൂയിസ് എന്നിവര്‍ ഡല്‍ഹിക്ക് ഓരോ ഗോളുകള്‍ വീതം നേടി.
മെന്‍ഡിയാണ് ചെന്നൈയിന്‍ എഫ് സിയുടെ ആശ്വാസ ഗോള്‍ നേടിയത്. മലൂദയുടെ ആദ്യ ഐ എസ് എല്‍ ഗോളായിരുന്നു ഇരുപത്തഞ്ചാം മിനുട്ടില്‍ ചെന്നൈയിന്‍ വലയില്‍ കയറിയത്.
എണ്‍പത്തഞ്ചാം മിനുട്ടിലും മലൂദ സ്‌കോര്‍ ചെയ്തു. പതിനഞ്ചാം മിനുട്ടിലായിരുന്നു ഗാസെയുടെ ഗോള്‍. അമ്പത്തിനാലാം മിനുട്ടില്‍ ലൂയിസിന്റെ ഗോള്‍.
ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാലാം ജയവുമായി ഡല്‍ഹി പതിനാറ് പോയിന്റുമായി ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. എട്ട് മത്സരങ്ങളില്‍ പത്ത് പോയിന്റുള്ള ചെന്നൈയിന്‍ എഫ് സി ആറാം സ്ഥാനത്ത്. പതിനഞ്ച് പോയിന്റുള്ള മുംബൈ സിറ്റി എഫ് സിയാണ് രണ്ടാം സ്ഥാനത്ത്.
പന്ത്രണ്ട് വീതം പോയിന്റുമായി അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും കേരള ബ്ലാസ്റ്റേഴ്‌സും മൂന്നും നാലും സ്ഥാനങ്ങളില്‍. തുടര്‍ച്ചയായ മൂന്ന് സമനിലകള്‍ക്ക് പിന്നാലെ തോല്‍വിയേറ്റ ചെന്നൈയിന്‍ എഫ് സിക്ക് ശേഷിക്കുന്ന മത്സരങ്ങള്‍ നിര്‍ണായകമായി.