Connect with us

International

മറയുണ്ടാകില്ല; മുസ്‌ലിംവിരുദ്ധതക്കും വര്‍ണവെറിക്കും

Published

|

Last Updated

വര്‍ഗീയ വിഷം ചീറ്റി അമേരിക്കയുടെ തീവ്രവലതുപക്ഷ ബോധത്തെ രാഷ്ട്രീയപരമായി ചൂഷണം ചെയ്ത് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് പദത്തിലേക്ക് വലതുകാല്‍വെക്കുമ്പോള്‍ വിറക്കുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളാണ്. ഇസ്‌ലാമോഫോബിയ തലക്ക് പിടിച്ച ട്രംപിന്റെ ആദ്യ നയതന്ത്ര ഇടപെടല്‍ പശ്ചിമേഷ്യയിലായേക്കും. ഇറാന്‍, തുര്‍ക്കി, സിറിയ, യമന്‍, സഊദി അറേബ്യ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ട്രംപിന്റെ നയതന്ത്ര ആക്രമണങ്ങള്‍ക്ക് വിധേയമാകും. ട്രംപിന്റെ റഷ്യയോടും ഇസ്‌റാഈലിനോടുമുള്ള അടുപ്പവും ഇസ്‌ലാംവിരുദ്ധതയും ഒരുമിച്ചാകുന്നത് മുസ്‌ലിം ലോകത്തിന് കടുത്ത ഭീഷണിയാകും ഉണ്ടാക്കുക. അമേരിക്കയെ എതിര്‍ക്കാന്‍ മുസ്‌ലിം രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന റഷ്യയുടെ പതിറ്റാണ്ടുകളുടെ ശൈലി ഇനി അവസാനിച്ചേക്കും.
സിറിയന്‍ അഭയാര്‍ഥികള്‍ ട്രംപിന്റെ വരവ് ഭീതിയോടെയാണ് കേട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് തന്നെ അഭയാര്‍ഥിവിരുദ്ധ നിലപാടുകള്‍ വ്യക്തമാക്കിയ ട്രംപ് അഭയാര്‍ഥികള്‍ക്ക് മുന്നില്‍ അമേരിക്കയിലേക്കുള്ള കവാടങ്ങള്‍ കൊട്ടിയടക്കും. കൂടാതെ ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കന്‍ സ്വാധീനത്തില്‍ അഭയാര്‍ഥിവിരുദ്ധ നിലപാടുകളില്‍ ഉറച്ച് നില്‍ക്കും.
അമേരിക്കയിലേക്ക് മുസ്‌ലിംകള്‍ക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന തിരഞ്ഞെടുപ്പ് പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ നടപ്പിലാക്കാന്‍ ട്രംപിന് സാധിക്കില്ലെങ്കിലും അഭയാര്‍ഥികളോടും തൊഴില്‍, വിസിറ്റിംഗ്‌വിസയിലെത്തുന്ന മുസ്‌ലിംകളോടും മറ്റും അമേരിക്കയുടെ ഇസ്‌ലാംവിരുദ്ധത മറയില്ലാതെ പുറത്തുവരും. കുടിയേറ്റക്കാരായ മുസ്‌ലിംകളോടും ആഫ്രിക്കന്‍, മെക്‌സിക്കന്‍ വംശജരോടും മനുഷ്യത്വപരമല്ലാത്ത സമീപനമാകും അമേരിക്കയുടേത്.
സിറിയന്‍ വിഷയം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കാനും ബുഷിന്റെ കാലത്തെ ഇറാഖ് അധിനിവേശത്തിന്റെ വ്യത്യസ്ത പതിപ്പുകള്‍ ആവര്‍ത്തിക്കപ്പെടാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അന്ന് അല്‍ഖാഇദയും സദ്ദാമുമായിരുന്നു അധിനിവേശത്തെ ന്യായീകരിക്കാനുള്ള മറയെങ്കില്‍ ഇസിലായിരിക്കും സിറിയയടക്കമുള്ള രാജ്യങ്ങളിലെ യു എസ് സ്വാധീനം ശക്തമാക്കാന്‍ ട്രംപ് ഉപയോഗിക്കുക.
ഒബാമ സര്‍ക്കാര്‍ സിറിയന്‍ സര്‍ക്കാറിനെതിരെയുള്ള നിലപാടാണ് എടുത്തതെങ്കില്‍ റഷ്യക്കൊപ്പം ചേര്‍ന്ന് അസദ് സര്‍ക്കാറിനൊപ്പമാകും ട്രംപ്. അമേരിക്കയുടെ ഇസ്‌ലാംവിരുദ്ധത നിലപാടുകള്‍ ട്രംപിലൂടെ പ്രാവര്‍ത്തികതലത്തിലേക്കെത്തുമ്പോള്‍ എതിര്‍ശബ്ദം ഉണ്ടാകാനും ഇടയില്ല.
സിറിയന്‍ സര്‍ക്കാറിനൊപ്പം അമേരിക്കയും റഷ്യയും ചേരുമ്പോള്‍ വിമതര്‍ക്കെതിരെന്ന പേരില്‍ അതിരൂക്ഷമായ ആക്രമണം നടത്താനും സിറിയയില്‍ വ്യക്തമായ നയതന്ത്ര ഇടപെടലിനും അമേരിക്കക്ക് ഇനി പ്രയാസമുണ്ടാകില്ല.
ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂവമായി അടുത്ത സൗഹൃദമുള്ള ട്രംപിന് ഫലസ്തീന്‍ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കേണ്ട ആവശ്യം വരില്ല. യു എന്നടക്കമുള്ള സഭകളില്‍ ഇസ്‌റാഈലിന് പൂര്‍ണ പിന്തുണ അമേരിക്ക നല്‍കും. ഫലസ്തീനിലെ ഇസ്‌റാഈല്‍ ആക്രമണം ശക്തമാകും.
ഇറാന്‍ വിഷയത്തില്‍ ഒബാമ സ്വീകരിച്ച മൃദുസമീപനവും ആണവകരാറും താറുമാറാകാനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇറാനുമായുള്ള നയതന്ത്രബന്ധത്തെ കണിശമായി എതിര്‍ത്ത റിപ്പബ്ലിക്കന്‍ നേതാവ് കൂടിയാണ് ട്രംപ്.

---- facebook comment plugin here -----

Latest