നടപടി അസാധാരണം

Posted on: November 10, 2016 6:00 am | Last updated: November 10, 2016 at 12:24 am

SIRAJഅസാധാരണവും അമ്പരപ്പിക്കുന്നതുമായ നടപടിയാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മിന്നല്‍ വേഗത്തില്‍ പിന്‍വലിച്ച നടപടി. നോട്ടുകള്‍ മുമ്പും രാജ്യത്ത് പിന്‍വലിച്ചിട്ടുണ്ടെങ്കിലും അതിന് ദിവസങ്ങളുടെ സാവകാശം നല്‍കിയിരുന്നു. അസാധുവാക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് മാത്രം ഇക്കാര്യം പ്രഖ്യാപിക്കുന്നത് ചരിത്രത്തിലാദ്യമാണ്. കള്ളപ്പണവും കള്ളനോട്ടും തടയാനാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കള്ളപ്പണം കൈവശമുള്ളവര്‍ക്ക് അത് വെളിപ്പെടുത്താനും നികുതിയും പിഴയും ഒടുക്കി നിയമവിധേയമാക്കാനും ഇതിനിടെ അവസരം നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള പ്രഖ്യാപനം വന്നത്.
സാധാരണക്കാര്‍ക്ക് ചില്ലറ പ്രയാസങ്ങളല്ല കേന്ദ്രത്തിന്റെ മിന്നല്‍ നടപടി ഉണ്ടാക്കിയത്. പ്രധാനമന്ത്രിയുടെ പാതിരാ പ്രഖ്യാപന വിവരം ഇന്നലെ കാലത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുമായി കടയിലെത്തിയപ്പോഴാണ് പലരും അറിയുന്നത്. കാലത്ത് ദൂരദിക്കുകളിലേക്ക് യാത്ര പുറപ്പെട്ടവരെയും മെഡിക്കല്‍ കോളജുകളിലും മറ്റ് ആശുപത്രികളിലും ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ബന്ധുക്കളെയും ഇത് ദുരിതത്തിലാക്കി. ബേങ്കുകളില്‍ വെള്ളിയാഴ്ച മുതല്‍ക്കേ നോട്ടുകള്‍ മാറ്റി നല്‍കുകയുള്ളുവെന്നതിനാല്‍ രണ്ട് ദിവസമായി ജനം വലയുകയാണ്. എ ടി എമ്മുകളില്‍ നിന്ന് പിന്‍വലിക്കാനുള്ള പണത്തിന്റെ പരിധി 2000 രൂപയായി നിജപ്പെടുത്തിയത് ഇടപാടുകാരെയും കഷ്ടത്തിലാക്കും. പൊതുജനത്തെ ദുരിതത്തിലാക്കുന്ന സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു വേണോ കള്ളപ്പണവും കള്ളനോട്ടും തടയാന്‍? നോട്ട് പിന്‍വലിക്കുന്നതിന് ഏതാനും ദിവസത്തെ സാവകാശം പ്രഖ്യാപിച്ചാലും പിടിച്ചെടുക്കാമായിന്നില്ലേ കള്ളനോട്ടുകള്‍?
വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണ നിക്ഷേപമുള്ള രാജ്യങ്ങള്‍ക്കിടയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റര്‍ഗിറ്റി പുറത്തു വിട്ട കണക്കനുസരിച്ചു 2003 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്ന് 28 ലക്ഷം കോടി രൂപ വിദേശ ബേങ്കുകളിലേക്ക് ഒഴുകിയിട്ടുണ്ട്. 2012ലെ മാത്രം നിക്ഷേപം ആറ് ലക്ഷം കോടി വരും. കള്ളപ്പണത്തില്‍ അടുത്ത കാലത്തുണ്ടായ വന്‍ വര്‍ധനവാണ് ഇത് കാണിക്കുന്നത്. നികുതി വെട്ടിപ്പ്, അഴിമതി തുടങ്ങിയവയിലൂടെയാണ് കള്ളപ്പണം വര്‍ധിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന കളളപ്പണം നിയമവിധേയമാക്കാനായി സര്‍ക്കാര്‍ ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയുള്ള നാല് മാസക്കാലം അനുവദിച്ചിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ 64,275 പര്‍ 65,250 കോടിയുടെ കള്ളപ്പണമാണ് വെളിപ്പെടുത്തിയത്. വിദേശ ബേങ്കുകളിലുള്ള ഇന്ത്യന്‍ പണത്തിന്റെ രണ്ടര ശതമാനം മാത്രമാണിത്. ശരാശരി ഒരു കോടിയാണ് ഇതനുസരിച്ച് ഒരു വ്യക്തി വെളിപ്പെടുത്തിയത്. ശതകോടികളുടെയും സഹസ്രകോടികളുടെയും സമ്പാദ്യമുണ്ട് പലര്‍ക്കും വിദേശ ബേങ്കുകളില്‍. അവരൊന്നും സമ്പാദ്യം വെളിപ്പെടുത്താന്‍ മന്നോട്ട് വന്നിട്ടില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
പുതിയ നോട്ടുകളുടെ വ്യാജന്മാര്‍ പ്രത്യക്ഷപ്പെടുന്നത് വരെ കള്ളനോട്ടുകളുടെ പ്രചാരണത്തിന് ശമനമുണ്ടാകുമെന്നതിലുപരി നോട്ടുകള്‍ പിന്‍വലിച്ച നടപടിയും കള്ളപ്പണം വെളിച്ചത്ത് കൊണ്ടു വരുന്ന കാര്യത്തില്‍ പറയത്തക്ക പ്രയോജനം ചെയ്യില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. മക്കളുടെ വിവാഹം, വീട് നിര്‍മാണം, വ്യാപാരം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ലക്ഷങ്ങള്‍ കരുതിവെച്ച സാധാരണക്കാരും ചെറുകിട സമ്പന്നരും ഒഴിച്ചു വന്‍കിടക്കാരില്‍ ബേങ്കുകളിലും വീടുകളിലും പണം സൂക്ഷിക്കുന്നവര്‍ വിരളമാണ്. സ്വര്‍ണമായോ, ഭൂമി വാങ്ങിക്കൂട്ടിയോ, വിദേശ ബേങ്കുകളിലോ ആണ് അവര്‍ സമ്പാദ്യം നിക്ഷേപിക്കുന്നത്. നോട്ട് അസാധുവാക്കിയ തീരുമാനത്തിന് ശേഷവും അവരുടെ സമ്പാദ്യം സുരക്ഷിതമാണ്.
നികുതിയും പിഴയും ഒടുക്കാതെ തന്നെ അത് കൈകാര്യം ചെയ്യാനും വെളുപ്പിക്കാനും തുടര്‍ന്നും തങ്ങളുടെ പണം വിദേശ സ്ഥാപനങ്ങളില്‍ എത്തിക്കാനുമുള്ള മിടുക്ക് അത്തരക്കാര്‍ക്കുണ്ട്. അവരെ തൊടാനോ, പിടികൂടാനോ ഉള്ള തന്റേടവും നട്ടെല്ലും ഇതുവരെ രാജ്യം ഭരിച്ച ഭരണാധികാരികള്‍ക്കുണ്ടായിട്ടില്ല. സുപ്രീംകോടതി കള്ളപ്പണക്കാരുടെ പട്ടിക ആവശ്യപ്പെട്ടപ്പോള്‍ അവരുടെ പേര് വെളിപ്പെടുത്തരുതെന്നും സീല്‍വെച്ച കവറില്‍ മാത്രമേ പട്ടിക സമര്‍പ്പിക്കുകയുള്ളുവെന്നും ശഠിച്ച ഭരണാധികാരികളാണല്ലോ നാട് വാഴുന്നത്. കോര്‍പറേറ്റുകളുടടെയും അതിസമ്പന്നരുടെയും സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന മോദി സര്‍ക്കാറില്‍ നിന്നും ഇതിലപ്പുറം പ്രതീക്ഷിക്കാവതല്ല.