മെസിക്ക് ബാഴ്‌സയില്‍ 500 ഗോള്‍

Posted on: November 8, 2016 10:39 am | Last updated: November 8, 2016 at 1:41 pm

messiബാഴ്‌സലോണ: അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ബാഴ്‌സലോണ ക്ലബ്ബില്‍ അഞ്ഞൂറാം ഗോള്‍. ഞായറാഴ്ച സെവിയ്യക്കെതിരായ സ്പാനിഷ് ലാ ലിഗ മത്സരത്തിലാണ് മെസി കാറ്റലന്‍ ക്ലബ്ബിനായി അഞ്ഞൂറാം ഗോള്‍ നേടിയത്. മത്സരം സെവിയ്യയുടെ തട്ടകത്തില്‍ 1-2ന് ബാഴ്‌സ ജയിച്ചു. മെസിക്കൊപ്പം ഉറുഗ്വെ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസും സ്‌കോര്‍ ചെയ്തു.
വിവിധ ചാമ്പ്യന്‍ഷിപ്പുകളിലും സൗഹൃദ മത്സരങ്ങളിലുമായി ബാഴ്‌സക്കായി 592 മത്സരങ്ങള്‍ കളിച്ചാണ് മെസി അഞ്ഞൂറ് ഗോളുകളിലെത്തിയത്. എന്നാല്‍, സൗഹൃദ മത്സരങ്ങളിലെ ഗോളുകള്‍ ഔദ്യോഗിക രേഖകളിലുണ്ടാകില്ല എന്നതിനാല്‍ 469 ഗോളുകളാണ് ഔദ്യോഗികം.
ബാഴ്‌സലോണക്കായി കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള പൗളിഞ്ഞോ അല്‍കന്റാരയേക്കാള്‍ 105 ഗോളുകള്‍ മുന്നിലാണിപ്പോള്‍ മെസി. 1912 മുതല്‍ 1927 വരെ രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു പൗളിഞ്ഞോയുടെ ഗോളടി.
ഏപ്രിലില്‍ മെസി അഞ്ഞൂറ് കരിയര്‍ ഗോളുകള്‍ തികച്ചിരുന്നു. അര്‍ജന്റീനക്കായി രാജ്യാന്തര മത്സരങ്ങളില്‍ നേടിയ ഗോളുകള്‍ ഉള്‍പ്പടെയാണിത്.
പതിനേഴാം വയസിലാണ് മെസി ബാഴ്‌സക്കായി ആദ്യ ഗോള്‍ നേടുന്നത്. 2005 മെയില്‍ അല്‍ബാസെറ്റെക്കെതിരെ ലാ ലിഗ മത്സരത്തിലായിരുന്നു ഈ ഗോള്‍. ലാ ലിഗയില്‍ മെസിയുടെ ഗോളടി 320 ഉം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ 90 ഉം ആണ്. ബാക്കിയുള്ള ഗോളുകള്‍ സ്പാനിഷ് കപ്പ് ചാമ്പ്യന്‍ഷിപ്പുകളിലും യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ് വേദികളിലാണ്.