Connect with us

National

തെലങ്കാനയില്‍ ഭാര്യയുടെ മൃതദേഹവുമായി ഭര്‍ത്താവ് ഉന്തുവണ്ടി തള്ളിയത് 60 കിലോമീറ്റര്‍

Published

|

Last Updated

ഭാര്യയുടെ മൃതദേഹം ഉന്തുവണ്ടിയില്‍ ചുമന്ന് 60 കി. മീ ദൂരം സഞ്ചരിച്ച രാമുലു വഴിയരികില്‍ തളര്‍ന്നിരിക്കുന്നു

ഭാര്യയുടെ മൃതദേഹം ഉന്തുവണ്ടിയില്‍ ചുമന്ന് 60 കി. മീ ദൂരം സഞ്ചരിച്ച രാമുലു വഴിയരികില്‍ തളര്‍ന്നിരിക്കുന്നു

ബെംഗളൂരു: ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് തെലങ്കാനയില്‍ ഭാര്യയുടെ മൃതദേഹവുമായി ഭര്‍ത്താവ് ഉന്തുവണ്ടി തള്ളിയത് 60 കി. മീ ദൂരം. ഹൈദരാബാദ് നഗരത്തില്‍ ഭിക്ഷ യാചിച്ചുവന്ന രാമുലു (53)വാണ് ഭാര്യയുടെ മൃതദേഹവുമായി 24 മണിക്കൂര്‍ സഞ്ചരിച്ചത്. അദ്ദേഹത്തിന്റെ 46 വയസ്സുകാരിയായ ഭാര്യ കവിത കുഷ്ഠ രോഗിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നഗരത്തിലെ ഒരു റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് കവിത മരണത്തിന് കീഴടങ്ങി. സ്വദേശമായ സങ്കാറെഡ്ഡി ടൗണിലേക്ക് മൃതദേഹം എത്തിക്കാന്‍ ആശുപത്രി അധികൃതര്‍ 5,000 രൂപ രാമുലുവിനോട് ആവശ്യപ്പെട്ടു. പക്ഷേ കൈയില്‍ 1,000 രൂപ പോലും എടുക്കാനില്ലാതിരുന്ന രാമുലു, സ്വന്തം ഉന്തുവണ്ടിയില്‍ ഭാര്യയുടെ മൃതദേഹവുമായി ഗ്രാമത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
60 കി. മീറ്റര്‍ ദൂരം പിന്നിട്ട രാമുലു, ക്ഷീണിതനായി വഴിയരികില്‍ തളര്‍ന്നുവീണു. ഭാര്യയുടെ മൃതദേഹവുമായി പാതയോരത്തിരുന്ന് കണ്ണീരൊഴുക്കുന്ന വൃദ്ധനെക്കുറിച്ച് വഴിയാത്രക്കാരാണ് പോലീസില്‍ അറിയിച്ചത്. ഇവരുടെ അവസ്ഥ കണ്ട് വഴിയാത്രക്കാരില്‍ ചിലര്‍ പണമെറിഞ്ഞ് നല്‍കുന്നുണ്ടെങ്കിലും ആ സമയം രാമുലു നിലവിളിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. തുടര്‍ന്ന് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ വഴിയാത്രക്കാരും പോലീസും ചേര്‍ന്ന്, അവിടെനിന്നും 80 കി. മീറ്ററിലധികം ദൂരെയുള്ള മേഡക് ഗ്രാമത്തിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിളിച്ചു നല്‍കുകയായിരുന്നു.
കുഷ്ഠ രോഗികളായതിനാല്‍ ഇരുവരെയും സഹായിക്കാന്‍ ഉറ്റ ബന്ധുക്കളാരും എത്തിയിരുന്നില്ല. കഴിഞ്ഞ ആഗസ്റ്റില്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് ഒഡീഷയില്‍ ദനാ മാഝി എന്നയാള്‍ക്ക് ഭാര്യയുടെ മൃതദേഹവുമായി മകളോടൊപ്പം നടക്കേണ്ടി വന്ന സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒഡീഷ്യയിലെ കളഹന്ദിയില്‍ ക്ഷയരോഗം ബാധിച്ച് മരിച്ച 42കാരിയായ അമാങിന്റെ മൃതദേഹമാണ് ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ദനാ മാഝി തോളിലേറ്റി 12 കി. മീ നടന്നത്. മൃതദേഹവുമായി നടക്കുന്ന മാഝിയുടെയും ഒപ്പം 12 വയസ്സുകാരി മകളുടെയും ദൃശ്യങ്ങള്‍ ജനങ്ങളുടെ കണ്ണ് നനയിപ്പിച്ചിരുന്നു.
ആംബുലന്‍സ് വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് അമ്മയുടെ മൃതദേഹവുമായി മക്കള്‍ 12 കി. മീര്‍ ദൂരം ബൈക്കില്‍ സഞ്ചരിച്ചതും രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ഉലട്ട് ഗ്രാമത്തിലുള്ള പാര്‍വതാ ഭായിക്കാണ് ഈ ദുര്‍വിധി ഉണ്ടായത്. ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്നാണ് മക്കള്‍ക്ക് അമ്മയെ ബൈക്കിലിരുത്തി കൊണ്ടുവരേണ്ടി വന്നത്.
ഈ സംഭവങ്ങള്‍ രാജ്യമൊട്ടുക്കും ചര്‍ച്ചയായതിന് പിന്നാലെയാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച മറ്റൊരു സംഭവം കൂടിയുണ്ടായിരിക്കുന്നത്.

---- facebook comment plugin here -----

Latest