Connect with us

National

ഹിലരിയുടെ വിജയത്തിന് ജബ്രൗലിക്കാരുടെ പൂജ

Published

|

Last Updated

ലക്‌നോ: ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അവിടുത്തെ ജനതയോടൊപ്പം ആവേശത്തിലാണ് ഉത്തര്‍ പ്രദേശിലെ ജബ്രൗലി ഗ്രാമം. ലക്‌നോവിലെ മോഹന്‍ലാല്‍ ഗഞ്ച് താലൂക്കില്‍പ്പെട്ട ഈ ഗ്രാമം പക്ഷേ, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനൊപ്പമാണ്. ഹിലരിയുടെ വിജയത്തിന് വേണ്ടി പ്രത്യേക പൂജകള്‍ ഒരുക്കിയാണ് ഗ്രാമം അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ പങ്കാളികളാകുന്നത്.
ഹിലരിയോടുള്ള ഈ സ്‌നേഹം ജബ്രൗലിയിലെ ഗ്രാമീണരിലേക്കെത്തുന്നത് അവരുടെ ഭര്‍ത്താവും മുന്‍ യു എസ് പ്രസിഡന്റുമായ ബില്‍ ക്ലിന്റണ്‍ വഴിയാണ്. 2014ല്‍ ബില്‍ ക്ലിന്റണ്‍ ജബ്രൗലി സന്ദര്‍ശിച്ചിരുന്നു. ക്ലിന്റണ്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കാന്‍ എത്തിയ ക്ലിന്റണ്‍ ഗ്രാമം ദത്തെടുക്കുകയായിരുന്നു. ഇതോടെ ജബ്രൗലിയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായത്. ഹിലരിയും ബില്‍ ക്ലിന്റന്റെ പാത പിന്തുടരുമെന്നാണ് ഉത്തര്‍ പ്രദേശിലെ പിന്നാക്ക ഗ്രാമം പ്രതീക്ഷിക്കുന്നത്.
ഗ്രാമമുഖ്യന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രത്യേക പൂജയില്‍ ഹിലരി ക്ലിന്റന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ഹിലരിക്ക് ഉജ്ജ്വല വിജയം ആശംസിച്ച് ഗ്രാമീണര്‍ പരസ്പരം ലഡു വിതരണം ചെയ്തു.
2014 ജൂലൈ 17നാണ് ബില്‍ ക്ലിന്റണ്‍ ജബ്രൗലിയിലെ ഒരു പ്രൈമറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രണ്ട് മണിക്കൂറോളം സംബന്ധിച്ചത്. കുട്ടികളും സ്ത്രീകളുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. ഏഷ്യ പസഫിക് മേഖലയിലെ എട്ട് ദിവസ സന്ദര്‍ശനത്തിനിടെയായിരുന്നു ഉത്തര്‍ പ്രദേശിലെ പരിപാടി.

---- facebook comment plugin here -----

Latest