പി എസ് സി ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സമയപരിധി ഏര്‍പ്പെടുത്താന്‍ തീരുമാനം

Posted on: November 8, 2016 6:21 am | Last updated: November 8, 2016 at 12:21 am

തിരുവനന്തപുരം: പി എസ് സി പരീക്ഷക്കുള്ള ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നതിന് നിശ്ചിത സമയപരിധി ഏര്‍പ്പെടുത്തുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ജനുവരിയിലെ പരീക്ഷ മുതല്‍ നടപ്പാക്കാന്‍ കമ്മീഷന്‍ യോഗം തീരുമാനിച്ചു. പുതിയ സംവിധാനമനുസരിച്ച് പരീക്ഷാ തീയതിക്ക് 20 ദിവസം മുമ്പ് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കായിരിക്കും പരീക്ഷയെഴുതാനുള്ള അവസരം ലഭിക്കുക. ഇതുപ്രകാരം ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ പരീക്ഷാ തീയതിക്ക് 35 ദിവസം മുമ്പ് അഡ്മിഷന്‍ ടിക്കറ്റ് പി എസ് സി ലഭ്യമാക്കും. ഇതുസംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എസ് എം എ സ്സായി അറിയിപ്പും നല്‍കും. 15 ദിവസത്തിനുള്ളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഈ ദിവസത്തിനുള്ളില്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണമെന്ന നിര്‍ദേശം ഒരുതവണകൂടി പിഎസ് സി എസ് എം എസ് വഴി അറിയിപ്പായി ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കും. 15 ദിവസം കഴിഞ്ഞാല്‍ പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ് അപ്രത്യക്ഷമാകും. പരീക്ഷാ കലണ്ടറിനൊപ്പം ഡൗണ്‍ലോഡ് ചെയ്യാനുള്ള തീയതിയും അറിയിക്കും.
പി എസ് സി പരീക്ഷക്ക് ധാരാളം ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്നുണ്ടെങ്കിലും പകുതിയോളം പേര്‍ പരീക്ഷക്ക് ഹാജരാകാത്തതിനാല്‍ വന്‍തോതില്‍ പാഴ്‌ച്ചെലവുണ്ടാവുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. അപേക്ഷാര്‍ഥികളുടെ എണ്ണം കണക്കിലെടുത്താണ് പി എസ് സി ചോദ്യപേപ്പര്‍ അച്ചടിക്കുന്നത്. ഒരുദ്യോഗാര്‍ഥിക്ക് 150 രൂപവരെയാണ് പി എസ് സി ചെലവാക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതാത്ത സാഹചര്യത്തില്‍ ചോദ്യപേപ്പര്‍ പാഴാവുന്നത് സാമ്പത്തികനഷ്ടത്തിന് ഇടയാക്കുമെന്നായിരുന്നു വിലയിരുത്തല്‍. ഇപ്പോള്‍ പരീക്ഷാ സമയത്തിന് മുമ്പുവരെ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാവും. പുതിയ സംവിധാനമനുസരിച്ച് നിശ്ചിത തീയതിക്കകം അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിന് അനുസരിച്ച് ചോദ്യപേപ്പര്‍ അച്ചടിക്കുകയും പരീക്ഷാകേന്ദ്രം സജ്ജമാക്കുകയും ചെയ്യും.