സെയില്‍ പ്രമോഷനുകള്‍ക്ക് മന്ത്രാലയത്തിന്റെ കടിഞ്ഞാണ്‍

Posted on: November 7, 2016 10:02 pm | Last updated: November 9, 2016 at 9:57 pm

New Stamp Guidelineദോഹ: വ്യാപാര സ്ഥാപനങ്ങളുടെ പ്രമോഷനുകളും വിലക്കിഴിവ് വാഗ്ദാനങ്ങളും നിരീക്ഷണ വിധേയമാക്കുന്നതിന് സാമ്പത്തിക വാണിജ്യ മന്ത്രാലയം നടപടി സ്വീകരിക്കുന്നു. സത്യസന്ധവും ഉപഭോക്താക്കള്‍ക്ക് തൃപ്തികരവുമായ പര്‍ച്ചേസ് ഉറപ്പ് വരുത്തുന്നതിനാണ് പുതിയ സംവിധാനവുമായി മന്ത്രാലയം രംഗത്തു വരുന്നത്.
ഇതിന്റെ ഭാഗമായി ‘ആത്മവിശ്വാസത്തോടെ വാങ്ങുക’ എന്ന ശീര്‍ഷകത്തിലുള്ള ലോഗോ മന്ത്രാലയം പുറത്തിറക്കി. ബിസിനസ് സ്ഥാപനങ്ങളിലെ ഓഫറുകളും ഡിസ്‌കൗണ്ടുകളും മന്ത്രാലയം പുറത്തിറക്കിയ ലോഗോ ഉപയോഗിച്ച് മാത്രമെ പരസ്യം ചെയ്യാന്‍ പാടുള്ളൂവെന്നാണ് പുതിയ നിര്‍ദേശം. ഓഫറുകളില്‍ ആകൃഷ്ടരായി ബിസിനസ് ഔട്ട്‌ലെറ്റുകളില്‍ എത്തുന്നവര്‍ക്ക് പൂര്‍ണമായും സുതാര്യവും സുരക്ഷിതവുമായ സേവനം നല്‍കുക എന്നതാണ് ഉദ്ദേശ്യമെന്ന് അധികൃതര്‍ വിശദീകരിച്ചു. പുതിയ നിയമപ്രകാരം കച്ചവട സ്ഥാപനങ്ങള്‍ ഉത്പന്നങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിക്കുമ്പോള്‍ മുന്‍കൂര്‍ അനുവാദം വാങ്ങുകയും അതിനൊപ്പം തങ്ങള്‍ നല്‍കുന്ന ഓഫര്‍ പര്യങ്ങളില്‍ മന്ത്രാലയം നല്‍കുന്ന ‘ആത്മവിശ്വാസത്തോടെ വാങ്ങുക’ ലോഗോ ഉപയോഗിക്കുയും വേണം. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഇന്‍വോയിസുകളിലും ലോഗോ ഉണ്ടാകണം.
എല്ലാ ഷോപ്പുടമകളും ഇത്തരത്തിലുള്ള ഡിസ്‌കൗണ്ട്, ഓഫര്‍ പരസ്യങ്ങളിലും പ്രഖ്യാപനങ്ങളിലും ഇക്കാര്യം ശ്രദ്ധിക്കണം. ഈ രംഗത്തെ നിയമലംഘനങ്ങളും തട്ടിപ്പുകളും ഇല്ലതാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം. ഡിസ്‌കൗണ്ട് പരസ്യത്തിലെ ലോഗോ നോക്കി ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഓഫര്‍ സര്‍ക്കാര്‍ അംഗീകാരപ്രകാരമുള്ളതാണോ എന്ന് മനസിലാക്കാന്‍ സാധിക്കും. ലോഗോ ഇല്ലെങ്കില്‍ അനധികൃതമായ പരസ്യ പ്രചാരണമാണന്ന് മനസിലാക്കാം. ഓഫര്‍ പ്രഖ്യാപിച്ച സമയത്തും അതിനുമുമ്പുമുളള വിലകള്‍ സ്വയം വിലയിരുത്തിയായിരിക്കണം സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കേണ്ടതെന്ന് ഉപഭോക്താക്കള്‍ക്ക് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
നിയമലംഘനങ്ങള്‍ തടയുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി മന്ത്രാലയം കര്‍ശന പരിശോധനയാണ് നടത്തി വരുന്നത്. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ കണ്ടാല്‍ ഉപഭോക്തൃസംരക്ഷണ വാണിജ്യ തട്ടിപ്പ് തടയല്‍ വകുപ്പില്‍ അറിയിക്കാം. 16001 എന്ന നമ്പരില്‍ വിളിക്കുകയോ അതല്ലെങ്കില്‍ [email protected] എന്ന വിലാസത്തില്‍ ഇമെയില്‍ അയയ്ക്കുകയോ ചെയ്യാം. സോഷ്യല്‍ മീഡിയയിലും പരാതിപ്പെടാം.