ഖത്വര്‍ ഗ്രീന്‍ ബില്‍ഡിംഗ് കോണ്‍ഫറന്‍സ് 13നു തുടങ്ങും

Posted on: November 7, 2016 9:55 pm | Last updated: November 9, 2016 at 9:57 pm

QF-QGBC_Cobranded Logo_BILINGUAL_80-20_CMYKദോഹ: ഖത്വര്‍ ഗ്രീന്‍ ില്‍ഡിംഗ് കൗണ്‍സിലിന്റെ രണ്ടാമത് വാര്‍ഷിക കോണ്‍ഫറന്‍സ് ഈ മാസം 13 മുതല്‍ 15 വരെ ഖത്വര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ഖത്വര്‍ ഫൗണ്ടേഷന്‍ സി ഇ ഒയും വൈസ് ചെയര്‍പേഴ്‌സനുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍ താനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന സമ്മേളനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. അക്കാദമിക രംഗത്തെ ഗവേഷകര്‍, സുസ്ഥിര മേഖലയിലുള്ള വിദഗ്ധര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍, നഗരാസൂത്രണ മേഖലയിലെ വിദഗ്ധര്‍, ആര്‍ക്കി ടെക്ചര്‍മാര്‍, പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സ് തുടങ്ങിയവര്‍ പങ്കെടുക്കും. ഖത്വറും മേഖലയും ലോകവും നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ക്ക് ഹരിത നിര്‍മാണ പരിഹാരങ്ങള്‍ സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടക്കും. സുസ്ഥിരതയുമായി ബന്ധപ്പെട്ട വെല്ലുവിളികളും ഏറ്റവും നവീനമായ ഗവേഷണങ്ങളും ആശയങ്ങളും സമ്മേളനം പരിഗണിക്കും. അക്കാദമിക് രംഗത്തെ വിദഗ്ധരും വ്യവസായരംഗത്തെ പ്രമുഖരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കും. ഖത്വറിനും ഗള്‍ഫ് മേഖലക്കും അനുഗുണമായ രീതിയില്‍ പാരിസ്ഥിതിക സംരംക്ഷണം ഉറപ്പു വരുത്തിക്കൊണ്ടുള്ള പരിപാടികള്‍ക്കും പദ്ധതികള്‍ക്കും രൂപം നല്‍കുന്നതിനെക്കുറിച്ചുള്ള ആലോചനകളും നടക്കും. പരിസ്ഥിതി സൗഹൃദ പരിപാടികളിലൂടെ സുസ്ഥിര വികസനം സാധ്യമാക്കുകയും നവീനമായ ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കുകയും ചെയ്യുകയെന്ന ശ്രമത്തിന്റെ ഭാഗമായിക്കൂടിയാണ് ഖത്വര്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍ വാര്‍ഷിക സമ്മേളനം സംഘടിപ്പിക്കുന്നത്. ഖത്വര്‍ സമ്പദ്‌മേഖലയുടെ ഭാഗമായി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരും പരിസ്ഥിതി, ഹരിത പ്രവര്‍ത്തകരും ഈ മേഖലയിലെ ആഗോള പ്രശസ്തരും സമ്മേളനത്തില്‍ പങ്കെടുക്കും. ഖത്വര്‍ നാഷനല്‍ വിഷന്‍ 2030 യാഥാര്‍ഥ്യമാക്കുന്നതില്‍ കൗണ്‍സിലിനുള്ള പങ്കും സ്വീകരിക്കേണ്ട സമീപനങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. വിവിധ മേഖലകളില്‍നിന്നുള്ള എഴുപതിലധികം പ്രഭാഷകര്‍ ക്ലാസുകളെടുക്കും. കാലാവസ്ഥാ വ്യതിയാനം സംന്ധിച്ച യുഎന്നിന്റെ 22-ാമത് സെഷന്‍ നടക്കുന്ന കാലയളവിലാണ് കോണ്‍ഫറന്‍സ് നടക്കുന്നതെന്ന പ്രത്യകതയുമുണ്ട്.