പാരിസ്ഥിതിക അടിയന്തരാവസ്ഥ

Posted on: November 7, 2016 6:00 am | Last updated: November 7, 2016 at 7:49 pm

SIRAJപുരോഗതിയുടെ ഇരകളാണ് മനുഷ്യര്‍. ഇതര ജീവജാലങ്ങളും മനുഷ്യന്റെ വികസന ത്വരയില്‍ സര്‍വനാശത്തിന് വിധേയമാകുകയാണ്. നിരവധി ജീവിവിഭാഗങ്ങള്‍ ഭൂമുഖത്ത് നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമായി. നഗരവത്കരണത്തിന്റെ കുതിച്ചോട്ടത്തില്‍ നിരവധി ഭൂവിഭാഗങ്ങള്‍ വാസയോഗ്യമല്ലാതായി. സാങ്കേതികമായി മാനവകുലം ആര്‍ജിച്ച വിപ്ലവകരമായ മുന്നേറ്റം പ്രകൃതിയില്‍ ഏല്‍പ്പിച്ച ആഘാതം അതിവിപുലമായി ചര്‍ച്ച ചെയ്യുന്ന കാലമാണിത്. മുമ്പ് പരിസ്ഥിതിയെക്കുറിച്ചുള്ള വേവലാതികള്‍ അതിനെകുറിച്ച് ചിന്തിക്കുകയോ പഠിക്കുകയോ ചെയ്യുന്ന ചെറുന്യൂനപക്ഷത്തിന്റെ മാത്രം കാര്യമായിരുന്നു. എന്നാല്‍, ഇന്ന് മുഴുവന്‍ മനുഷ്യരും പരിസ്ഥിതി വിനാശത്തിന്റെ ഭീകരതയെക്കുറിച്ച് ബോധവാന്‍മാരാണ്. നേര്‍ കണ്‍മുമ്പില്‍ ദുരന്തം കാണുന്നത് കൊണ്ട് മാത്രമാണത്.
അത്യുഷ്ണവും അതിശൈത്യവും പേമാരിയും മഴയില്ലായ്മയും സുനാമി, ഭൂചലനം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളും നേരിട്ട് അനുഭവിക്കുമ്പോള്‍ എല്ലാ അഹംബോധങ്ങളും അസ്തമിച്ച് വിനീതനാകാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാകുന്നു. അന്തരീക്ഷ മലിനീകരണം, ജലമലിനീകരണം, ശബ്ദ മലിനീകരണം, ആണവ നിലയങ്ങളുണ്ടാക്കുന്ന മലിനീകരണം, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ മൂലമുള്ള മലിനീകരണം. എല്ലാം ജീവചക്രത്തെ മഹാഗര്‍ത്തത്തിലേക്ക് താഴ്ത്താന്‍ വാ പിളര്‍ന്നു നില്‍ക്കുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഈ സ്ഥിതിവിശേഷത്തിന്റെ ഏറ്റവും ഭീകരമായ നിദര്‍ശനമാണ്. വിഷപ്പുക നിറഞ്ഞ് ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം ഡല്‍ഹിയില്‍ സാധാരണ ജീവിതം അസാധ്യമാക്കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പാരിസ്ഥിതിക, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്താദ്യമാണ് ഇത്തരമൊരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളിലേക്കും നിയന്ത്രണങ്ങളിലേക്കും നീങ്ങുകയും ചെയ്യുന്നത്. ചൈനീസ് തലസ്ഥാനമായ ബീജിംഗില്‍ നിന്ന് ഇത്തരം വാര്‍ത്തകള്‍ വന്നപ്പോള്‍ അത് അവിടെയല്ലേ എന്ന് സമാധാനിച്ചവരാണ് നമ്മള്‍. എന്നാല്‍ അന്ന് തന്നെ വിദഗ്ധ സര്‍വേകളെല്ലാം ഡല്‍ഹിയുടെ ഭീകരാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പൊടിപടലങ്ങളും മഞ്ഞും ഇടകലര്‍ന്ന് രൂപപ്പെട്ട പുകമഞ്ഞാണ് പ്രധാനമായും അപകടകരമാംവിധം മലിനീകരണം വര്‍ധിപ്പിച്ചത്. ഇതോടൊപ്പം കാറ്റിന്റെ വേഗം കുറഞ്ഞതും സ്ഥിതി സങ്കീര്‍ണമാക്കിയിട്ടുണ്ട്. ഇതിനിടെ ചൂടില്‍ നിന്ന് തണുപ്പിലേക്കുള്ള കാലവസ്ഥാമാറ്റം മൂലം രണ്ടാഴ്ച മുമ്പുതന്നെ മലിനീകരണത്തോത് കൂടുതല്‍ വഷളായിരുന്നു. ദീപാവലിയുടെ കരിമരുന്ന് പ്രയോഗങ്ങള്‍ കൂടിയായതോടെ സ്ഥിതി തീര്‍ത്തും പരിതാപകരമായി. ദീപാവലി സമയത്ത് വെടിമരുന്നിന്റെ ഉപയോഗം കുറക്കുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്തിരുന്നെങ്കിലും ഇത് വിജയം കണ്ടിരുന്നില്ല. ഇതിനുപുറമെ അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് വിളവെടുപ്പിന് ശേഷമുള്ള അവശിഷ്ടങ്ങള്‍ കത്തിച്ചതും സ്ഥിതി കൂടുതല്‍ മോശമാക്കി. ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍(പി എം) 2.5ന്റെ അന്തരീക്ഷത്തിലെ അളവ് കഴിഞ്ഞ ദിവസങ്ങളില്‍ 65 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഒപ്പം ദൂരക്കാഴ്ച കുറഞ്ഞത് ഗതാഗതത്തെ സാരമായി ബാധിക്കുകയും ചെയ്തു. രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ 1,800 വിദ്യാലയങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചുവെന്നത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. മലിനമായ അന്തരീക്ഷം കുട്ടികളുടെ ശ്വാസപ്രക്രിയയെയാണ് കാര്യമായി ബാധിക്കുക എന്നത് കൊണ്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈകൊണ്ടത്.
ഡല്‍ഹിയില്‍ വാഹനങ്ങള്‍ ഇടമുറുയാതെ റോഡിലിറങ്ങുന്നതും അതുവഴിയുണ്ടാകുന്ന ഗതാഗതക്കുരുക്കുകളും രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരമെന്ന നിലയില്‍ ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ഒറ്റ, ഇരട്ടയക്ക നമ്പര്‍ പരിഷ്‌കാരം മാതൃകാപരമായിരുന്നു. എന്നാല്‍ ജനങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പാണ് ഉയര്‍ന്നത്. ശ്വാസംമുട്ടുന്ന അവസ്ഥയിലും സൗകര്യങ്ങള്‍ ഉപേക്ഷിക്കാന്‍ മനുഷ്യന്‍ തയ്യാറല്ല. സ്വന്തമായി ശീതീകരിച്ച കാറുള്ള, മറ്റ് സൗകര്യമുള്ളവര്‍ക്ക് ഒരുപക്ഷേ മലിനീകരണത്തിന്റെ കാഠിന്യത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ പറ്റിയേക്കാം. എന്നാല്‍ സാധാരണക്കാരായ മനുഷ്യര്‍ എന്ത് ചെയ്യും? അതിസമ്പന്നരുടെ ആഡംബരത്തിന്റെ ഇരയായി ഈ മനുഷ്യര്‍ മാറുകയാണ്. ഉപഭോഗത്തിലും വികസനത്തിലും അച്ചടക്കം പാലിച്ചില്ലെങ്കില്‍ സര്‍വനാശമായിരിക്കും ഫലം. ആ ദുരന്തത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുനില്‍ക്കാന്‍ സാധിക്കില്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറക്കാനായില്ലെങ്കില്‍ ഉള്ളവന് പരിധി വെക്കണമെന്നാണ് മാഗ്‌സസെ അവാര്‍ഡ് ജേതാവായ ഡോ. സന്ദീപ് പാണ്ഡേ പറയുന്നത്. ഇത് ഏറെ പ്രസക്തമാണ്.
ഡല്‍ഹി രാജ്യത്തിനാകെയുള്ള മുന്നറിയിപ്പാണ്. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ബദല്‍ കണ്ടെത്തിയേ തീരൂ. നഗരങ്ങളുടെ ഹരിതവത്കരണത്തിന് സമഗ്രപദ്ധതി തയ്യാറാക്കണം. ഡല്‍ഹിയില്‍ തന്നെ ന്യൂഡല്‍ഹിയില്‍ മലിനീകരണം അത്ര ഭീകരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവിടെ കൂടുതല്‍ മരങ്ങള്‍ ഉള്ളത്‌കൊണ്ടാണ് അത്. നഗര വികസനത്തിന് പരിധി വെക്കണം. നഗരങ്ങള്‍ ആസൂത്രണം ചെയ്യുന്നത് പാരിസ്ഥിതിക യാഥാര്‍ഥ്യങ്ങള്‍ മുന്‍ നിര്‍ത്തിയാകണം. അടഞ്ഞ് വിസ്താരമില്ലാത്ത മലിനമായ നഗര വീഥികള്‍ രോഗങ്ങളുടെ പ്രഭവകേന്ദ്രങ്ങളാണ്. രാജ്യതലസ്ഥാനം അറിയപ്പെടുന്നത് ശ്വാസം മുട്ടി മരിക്കുന്ന മനുഷ്യരുടെ പേരിലാണെങ്കില്‍ എന്ത് രാജ്യാഭിമാനമാണ് നിലനില്‍ക്കുക.