എന്‍ ഡി ടി വിക്ക് എന്തുകൊണ്ട് സന്ദേശ് ആയിക്കൂടാ?

Posted on: November 7, 2016 6:00 am | Last updated: November 7, 2016 at 7:48 pm

ndtv2002ല്‍ ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യാ ശ്രമത്തിന് ശേഷം, മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഗുജറാത്തി ഭാഷയില്‍ പ്രസിദ്ധം ചെയ്യുന്ന പത്രങ്ങളുടെ അധിപന്‍മാര്‍ക്കൊക്കെ കത്തയച്ചിരുന്നു. പ്രമുഖ ഗുജറാത്തി പത്രം ‘സന്ദേശി’ന് അയച്ച കത്ത് ഇവിടെ പരിഭാഷപ്പെടുത്തുന്നു.

”പത്രാധിപര്‍,
സന്ദേശ്

പ്രിയപ്പെട്ട സര്‍,

സബര്‍മതി എക്‌സ്പ്രസിന്റെ കോച്ചുകള്‍ക്ക് തീയിട്ട്, നിരപരാധികളായ ആളുകളെ ചുട്ടെരിച്ചത് സംസ്ഥാനത്തെ സംബന്ധിച്ചും പൊതുവില്‍ മാനവരാശിയെ സംബന്ധിച്ചും തികച്ചും ദൗര്‍ഭാഗ്യകരമായിരുന്നു. മനുഷ്യത്വരഹിതമായ ഈ പ്രവൃത്തി സംസ്ഥാനത്തെ സമാധാന അന്തരീക്ഷത്തെ കലുഷിതമാക്കി. സമാധാനം പുനസ്ഥാപിക്കുന്നതിന് കഴിയാവുന്ന മികച്ച ശ്രമം സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉടനടിയുണ്ടായി. ജനങ്ങളെയും സര്‍ക്കാറിനെയും ബന്ധിപ്പിക്കുന്നതില്‍ സംസ്ഥാനത്തെ പത്രങ്ങള്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. മാനവികതക്ക് വലിയ രീതിയിലുള്ള സേവനമാണ് നിങ്ങള്‍ ചെയ്തത്…
… ഗോധ്ര സംഭവത്തിന് ശേഷം വര്‍ഗീയ സംഘര്‍ഷമുണ്ടായപ്പോള്‍ താങ്കളുടെ പത്രം സംയമനത്തോടെ പ്രവര്‍ത്തിച്ചുവെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അതില്‍ താങ്കളോട് നന്ദിയുള്ളവനാണ്.

വിശ്വസ്തതയോടെ
നരേന്ദ്ര മോദി
മുഖ്യമന്ത്രി’

2002 ഫെബ്രുവരി 27നാണ് സബര്‍മതി എക്‌സ്പ്രസിന്റെ ആറാം നമ്പര്‍ കോച്ചില്‍ തീപടര്‍ന്ന് 58 പേര്‍ കൊല്ലപ്പെട്ടത്. ഫെബ്രുവരി 28ന് വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ഗുജറാത്ത് ബന്ദില്‍ ആരംഭിച്ച കൊലയും കൊള്ളയും കൊള്ളിവെപ്പും ലൈംഗിക അതിക്രമങ്ങളും മൂന്നാഴ്ചയോളം നീണ്ടു. മുസ്‌ലിംകളെ ലക്ഷ്യമിട്ട് ആസൂത്രിതവും സംഘടിതവുമായി നടന്ന ആക്രമണം വംശഹത്യാ ശ്രമമല്ലാതെ മറ്റൊന്നായിരുന്നില്ല. അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും വിധത്തില്‍ ഗുജറാത്തി പത്രങ്ങള്‍ പ്രവര്‍ത്തിച്ചുവെന്ന ആരോപണം ആ ദിവസങ്ങളില്‍ തന്നെ ശക്തമായിരുന്നു. അത്തരം ശ്രമങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്നു സന്ദേശ്. വംശഹത്യാകാലത്ത് ഹിന്ദുത്വ അനുകൂല നിലപാടെടുത്തത് മൂലം സന്ദേശിന്റെ പ്രചാരത്തില്‍ ഒന്നര ലക്ഷത്തിന്റെ വര്‍ധനയുണ്ടായെന്നാണ് കണക്ക്. ഹിന്ദുക്കളുടെ മൃതദേഹം കണ്ടെത്തി, ഹിന്ദു സ്ത്രീകള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു തുടങ്ങി കള്ളങ്ങളും അര്‍ധ സത്യങ്ങളും അഭ്യൂഹങ്ങളും വലിയ തലക്കെട്ടുകളാക്കിയിരുന്നു സന്ദേശ് ആ ദിവസങ്ങളില്‍. അത്തരമൊരു പത്രത്തിന്റെ പത്രാധിപര്‍ക്കാണ്, സംയമനത്തോടെ പ്രവര്‍ത്തിച്ചതില്‍ സന്തോഷം രേഖപ്പെടുത്തിയും മാനവികതക്ക് നല്‍കിയ വലിയ സംഭാവനയില്‍ നന്ദി രേഖപ്പെടുത്തിയും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി കത്തയച്ചത്.
പത്താന്‍കോട്ട് വ്യോമതാവളത്തിനു നേര്‍ക്ക് ഈ വര്‍ഷം ജനുവരിയിലുണ്ടായ ആക്രമണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അവിടെ സൂക്ഷിച്ചിരുന്ന ആയുധശേഖരത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്, വലിയ കുറ്റമാണെന്ന് കണ്ടെത്തി ‘എന്‍ ഡി ടി വി ഇന്ത്യ’ എന്ന ഹിന്ദി വാര്‍ത്താ ചാനലിനെതിരെ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നടപടി സ്വീകരിച്ചിരിക്കയാണ്. ഒരു ദിവസം സംപ്രേഷണം നിര്‍ത്തിവെക്കണമെന്നതാണ് ശിക്ഷ. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി പണ്ടെഴുതിയ കത്തിനെക്കുറിച്ച് ഓര്‍ത്തത്. ഹിന്ദുത്വ അജന്‍ഡയുടെ സാക്ഷാത്കാരത്തിന് ഉതകും വിധത്തില്‍ അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയോ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അത് അഭിനന്ദനാര്‍ഹമാകുന്നത് 2002ലെ മാത്രം കാഴ്ചയല്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ പാകത്തിലുള്ള പ്രകോപനപരമായ പ്രസ്താവനകളും പ്രവൃത്തികളും പലതുണ്ടായി. കേന്ദ്ര- സംസ്ഥാന മന്ത്രിസഭയില്‍ അംഗങ്ങളായിരിക്കുന്നവര്‍, ബി ജെ പിയുടെ നേതൃസ്ഥാനങ്ങളിലിരിക്കുന്നവര്‍ ഒക്കെ അതിന്റെ മുന്‍പന്തിയിലുണ്ടായിരുന്നു. വ്യക്തികളും സംഘടനകളുമൊക്കെ നല്‍കിയ പരാതി പരിഗണിച്ച് ചില നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിന്‍മേലുള്ള അന്വേഷണം, രാജ്യത്തെ പൊലീസ് സംവിധാനത്തിന്റെ പതിവ് രീതിയനുസരിച്ച് നടക്കും. അന്വേഷണത്തിലെ പതിവുകള്‍, ന്യായാന്യായങ്ങള്‍ നിശ്ചയിക്കുമ്പോള്‍ സ്വാധീനിക്കും വിധത്തിലാകുമെന്ന് ഉറപ്പ്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കും വിധത്തിലുള്ള പ്രസ്താവനകള്‍ വിലക്കാനോ, പ്രസ്താവന ശരിയായില്ലെന്ന് പറയാനോ സംഘര്‍ഷം സൃഷ്ടിക്കാന്‍ പാകത്തിലുള്ള പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പറയാനോ ഭരണത്തിന്റെയോ പാര്‍ട്ടിയുടെയോ നേതൃത്വത്തിലിരിക്കുന്നവര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം ഇത്തരം ചിലതൊക്കെ വേണ്ടിവരുമെന്ന വിധത്തില്‍ സംസാരിക്കാന്‍ സംഘപരിവാര നേതാക്കള്‍ മടി കാട്ടിയതുമില്ല.
ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച്, ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ ഏകീകരിച്ച് അധികാരം പിടിക്കാനും നിലനിര്‍ത്താനും നടത്തിയ ശ്രമങ്ങള്‍ ഇക്കാലത്തിനിടെയുണ്ടാക്കിയ വലിയ മുറിവുകള്‍, അതിന്റെ തുടര്‍ച്ച സൃഷ്ടിച്ചിരിക്കുന്ന അസ്വസ്ഥതകള്‍, ബഹുസ്വര സമൂഹത്തെ, ഭൂരിപക്ഷ മതത്തിന് മേധാവിത്വമുള്ളതാക്കാന്‍ ഭരണകൂടം തന്നെ മുന്‍കൈയെടുത്ത് നടത്തുന്ന നീക്കങ്ങള്‍ ഇതൊക്കെ രാജ്യത്തിന്റെ, അതില്‍ അധിവസിക്കുന്ന വിവിധ വിഭാഗങ്ങളുടെ സുരക്ഷക്ക് നേര്‍ക്ക് ഉയര്‍ത്തിയിരിക്കുന്ന വെല്ലുവിളി വലിയ കാര്യമായി സംഘ പരിവാരത്തിനോ അവര്‍ നിയന്ത്രിക്കുന്ന ഭരണകൂടത്തിനോ തോന്നുന്നില്ല.
പത്താന്‍കോട്ടെ വ്യോമതാവളത്തില്‍ സൂക്ഷിച്ചിരിക്കുന്ന ആയുധ – ഉപകരണ ശേഖരത്തെക്കുറിച്ച് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നത്, വ്യോമതാവളം ആക്രമിക്കപ്പെട്ടതിന് ശേഷമാണ്. ആക്രമിക്കാന്‍ പദ്ധതിയിട്ടവര്‍ക്ക് താവളത്തെക്കുറിച്ചും അതിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുമൊക്കെ നേരത്തെ തന്നെ വിവരം കിട്ടിയിരുന്നുവെന്ന് ചുരുക്കം. അതെങ്ങനെ സംഭവിച്ചുവെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ടാകണം. എന്തെങ്കിലും നിഗമനങ്ങളിലെത്തിയതായ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അകത്തുകടന്ന് ആക്രമണം നടത്തിയവര്‍ എത്ര പേരുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാന്‍ ആക്രമണം പൂര്‍ത്തിയാകുമ്പോള്‍ പോലും സൈന്യത്തിനോ മറ്റ് ഏജന്‍സികള്‍ക്കോ സാധിച്ചിരുന്നില്ല. ഒടുവില്‍ അക്രമികള്‍ കൊണ്ടുവന്നതും വ്യോമതാവളത്തിലുണ്ടായിരുന്നതുമൊക്കെ പൊട്ടിച്ച് (നിയന്ത്രിത സ്‌ഫോടനം) തീര്‍ത്താണ് വ്യോമതാവളം സുരക്ഷിതമാണെന്ന് സുരക്ഷാ ഏജന്‍സികളും പ്രതിരോധ മന്ത്രാലയവും പ്രഖ്യാപിച്ചത്. ഇത്രയുമൊക്കെയായിട്ടും ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ആദ്യം പറഞ്ഞത്. വീഴ്ചയുണ്ടായെന്നും അന്വേഷിക്കുമെന്നും പിന്നീട് പറയേണ്ടി വന്നു. ഇതേക്കുറിച്ചൊക്കെ അന്വേഷിച്ച് പാളിച്ചകളുണ്ടാകാതെ നോക്കാന്‍ ഉത്തരവാദിത്തമുള്ളവര്‍ എന്‍ ഡി ടി വി ഇന്ത്യക്കെതിരെ നടപടി സ്വീകരിക്കാന്‍ തിടുക്കപ്പെടുമ്പോള്‍, അത് മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്തുക എന്ന അജന്‍ഡയുടെ ഭാഗമാണ്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തറിയിച്ചുവെന്ന് ഇന്ന് കുറ്റപ്പെടുത്തുന്നവര്‍ നാളെ രാജ്യദ്രോഹം പ്രചരിപ്പിച്ചുവെന്ന് കുറ്റപ്പെടുത്താന്‍ മടിക്കാനിടയില്ല. നിലവിലുള്ള ഭരണകൂടത്തെ വിമര്‍ശിക്കുന്നതോ എതിര്‍ക്കുന്നതോ ഒക്കെ രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെടുകയുമാകാം. ഭോപ്പാലില്‍ തടവുചാടിയെന്ന് പറയപ്പെടുന്ന എട്ട് പേരെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന മധ്യപ്രദേശ് പോലീസിന്റെ അവകാശവാദത്തെ മാധ്യമങ്ങള്‍ ചോദ്യം ചെയ്യുന്നത് പോലെയുള്ള സംഗതികള്‍, വൈകാതെ രാജ്യദ്രോഹത്തിന്റെ പട്ടികയില്‍പ്പെടുത്തി ശിക്ഷാ നടപടി സ്വീകരിക്കാന്‍ അര്‍ഹതയുള്ളതായി മാറുമെന്ന് ചുരുക്കം. അതിലേക്ക് കാര്യങ്ങളെത്തിക്കാതെ സ്വയം നിയന്ത്രിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്ന സന്ദേശമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കുന്നത്. ഭരണകൂടത്തെയും അതിന്റെ ആയുധങ്ങളെയും സംശയിക്കുന്ന മോശം സംസ്‌കാരത്തില്‍ നിന്ന് മാധ്യമങ്ങള്‍ മാറുന്ന സുന്ദര-മനോജ്ഞ കാലത്തെക്കുറിച്ചാണ് നരേന്ദ്ര മോഡിയും കൂട്ടരും സ്വപ്‌നം കാണുന്നത്. അതിനെയാണ് ചിലര്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നൊക്കെ പറഞ്ഞ് അവഹേളിക്കുന്നത്.
നേരിട്ടോ അല്ലാതെയോ സംഘപരിവാര അജന്‍ഡക്കൊപ്പം നില്‍ക്കുന്ന മാധ്യമങ്ങള്‍ രാജ്യത്ത് ധാരളമാണ്. നെറ്റ്‌വര്‍ക്ക് 18 ശൃംഖലയുടെ ഭൂരിഭാഗം ഓഹരികള്‍ റിലയന്‍സ് സ്വന്തമാക്കിയതിന് പിറകെയാണ് റിലയന്‍സ് മൊബൈല്‍ നെറ്റ്‌വര്‍ക്കിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രത്യക്ഷപ്പെട്ടത്. നെറ്റ്‌വര്‍ക്ക് 18ന് കീഴിലുള്ള ടെലിവിഷന്‍ സ്‌ക്രീനുകള്‍ മോദി അനുകൂലമോ സംഘ അനുകൂലമോ ആയി മാറിത്തുടങ്ങുകയും ചെയ്തു. ഈ മാറ്റത്തിന് തയ്യാറല്ലാത്ത സ്‌ക്രീനുകള്‍ക്കും പത്രങ്ങള്‍ക്കും വലിയ മുന്നറിയിപ്പാണ് എന്‍ ഡി ടി വി ഇന്ത്യക്കെതിരായ നടപടിയിലൂടെ വാര്‍ത്താവിതരണ പ്രക്ഷേപണ വിഭാഗം നല്‍കിയിരിക്കുന്നത്. എതിര്‍ ശബ്ദങ്ങളെ എത്രത്തോളം ദുര്‍ബലമാക്കാമോ അത്രത്തോളം ദുര്‍ബലമാക്കുക, അതിന് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണ് ആദ്യം വേണ്ടതെന്ന് നരേന്ദ്ര മോദിയോളം അറിയുന്നവര്‍ ചുരുക്കമായിരിക്കും. ഗുജറാത്തിനെ അടക്കിവാണ വ്യാഴവട്ടത്തില്‍ അദ്ദേഹം സമര്‍ഥമായി ചെയ്തത് അതായിരുന്നു.
ഓഹരി കൈമാറ്റത്തിന്റെ വിവരം മറച്ചുവെച്ചുവെന്നാരോപിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ എന്‍ ഡി ടി വിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് ഏതാനും ദിവസം മുമ്പാണ്. നടപടിക്രമങ്ങളിലെ വീഴ്ച മാത്രമാണുള്ളതെങ്കിലും അതിനെ സെബി വലിയ ഗൗരവത്തില്‍ കാണുന്നതിന് പിറകില്‍ ഭരണകൂടത്തിന്റെ സമ്മര്‍ദമുണ്ടോ എന്ന് പുതിയ സാഹചര്യത്തില്‍ സംശയിക്കേണ്ടിവരും. സന്ദേശിന്റെ പതിപ്പുകള്‍ മാത്രം രാജ്യത്തുണ്ടായാല്‍ മതിയെന്ന ചിന്ത ഭരണകൂടത്തിനുണ്ടെന്ന് തന്നെ കരുതണം. അവരെ അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്ന കാലത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളില്‍ സ്വതന്ത്ര മാധ്യമങ്ങളെന്ന കരടുണ്ടാകരുതെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടാകും.