ജഡ്ജിമാരുടെ ഫോണ്‍ ചോര്‍ത്തല്‍; കെജ്‌രിവാളിനോട് വിശദീകരണം തേടി

Posted on: November 5, 2016 9:51 am | Last updated: November 5, 2016 at 9:51 am

kejriwallന്യൂഡല്‍ഹി: ജഡ്ജിമാരുടെ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് ഡല്‍ഹി പോലീസ് വിശദീകരണം തേടി. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തെ തുടര്‍ന്നാണ് പോലീസ് വിശദീകരണം തേടിയത്. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് പോലീസ് കെജ്‌രിവാളിന് കത്തയച്ചു.
ഡല്‍ഹി പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ വര്‍മയാണ് ജഡ്ജിമാരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്തയച്ചത്. താങ്കളുടെ ആരോപണങ്ങള്‍ ഏത് സ്രോതസ്സിനെ അടിസ്ഥാനമാക്കിയാണെന്ന് ഞങ്ങളെ അറിയിക്കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി എടുക്കാമെന്നുമാണ് പോലീസ് മേധാവി കൈമാറിയ കത്തില്‍ പറയുന്നത്. എന്നാല്‍, വിവരങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തോട് ചോദിച്ചാല്‍ മതിയെന്ന് കെജ്‌രിവാള്‍ പോലീസിന്റെ കത്തിനു മറുപടി നല്‍കി.
എന്നാല്‍, ഇതിനുള്ള മറുപടി കെ്ജരിവാള്‍ ട്വിറ്ററിലൂടെയാണ് നല്‍കിയത്. ഐ ബിയോട് ചോദിക്കുക, അവര്‍ എല്ലാം പറഞ്ഞുതരുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി ഹൈക്കോടതിയുടെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് രാജ്യത്തെ ജഡ്ജിമാരുടെ ഫോണ്‍ സംഭാഷണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചേര്‍ത്തുന്നുണ്ടെന്ന് കെജ്‌രിവാള്‍ പറഞ്ഞത്.