ഓഫറുണ്ടെങ്കിലും കണക്ഷന്‍ നല്‍കാന്‍ കഴിയാതെ ബി എസ് എന്‍ എല്‍

Posted on: November 5, 2016 9:40 am | Last updated: November 5, 2016 at 9:40 am

BSNLഅരീക്കോട്: ഓഫറുകള്‍ ഏറെയുണ്ടെങ്കിലും ലൈനുകള്‍ക്ക് കണക്ഷന്‍ കിട്ടാനില്ല. ബി എസ് എന്‍ എല്‍ കണക്ഷന്‍ എടുക്കാന്‍ വേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ച് പ്രചാരണം നടത്തുകയാണ്. എന്നാല്‍ ഉപഭോക്താക്കള്‍ കണക്ഷന് വേണ്ടി ഓഫീസില്‍ കയറി ഇറങ്ങുമ്പോള്‍ ലൈനില്ലെന്ന് പറഞ്ഞ് മടക്കുകയാണ്. അഞ്ച് വര്‍ഷമായി ലാന്‍ഡ് ലൈന്‍ കണക്ഷന്‍ പലരും ഉപേക്ഷിക്കുകയാണ്.
ഇത് വീണ്ടെടുക്കാനാണ് ഓഫറുകളുമായി ബി എസ് എല്‍ എല്‍ രംഗത്ത് വന്നത്. രാത്രി ഒമ്പത് മുതല്‍ രാവിലെ ഏഴ്‌വരെ രാജ്യത്തെ ഏത് ഫോണിലേക്കും സൗജന്യമാണ്. മാത്രമല്ല ഞായറാഴ്ചയും പ്രത്യേക അവധി ദിവസങ്ങളിലും മുഴുവന്‍ സമയ സൗജന്യമാണ്. ഇക്കാര്യം ബി എസ് എന്‍ എല്‍ വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും പ്രചാരണം നടത്തുന്നുണ്ട്. ഇന്‍കമിംഗ് കോളുകള്‍ക്ക് മാത്രം പ്രതിമാസം 75 രൂപ വാടകയുള്ള ഓഫറും ഉണ്ട്. പക്ഷേ അപേക്ഷകരോട് നല്‍കാന്‍ ലൈനില്ലെന്ന പരാതിയാണ് അധികൃതര്‍ നല്‍കുന്നത്. 2006ലാണ് ബി എസ് എന്‍ എല്‍ അവസാനമായി കേബിള്‍ ഇട്ടത്. 2007ലാണ് മൊബൈല്‍ഫോണ്‍ വ്യാപകമായത്. ഇതോടെ ലാന്റ് ലൈനുകള്‍ പലരും ഉപേക്ഷിക്കാന്‍ തുടങ്ങി. അത് വീണ്ടെടുക്കാനുള്ള പെടാപാടിലാണ് ഇപ്പോള്‍. വീതി കൂട്ടിയതോടെ റോഡില്‍ സ്ഥാപിച്ച കേബിളുകളെല്ലാം മൂടപ്പെട്ടു. ഇവകിളച്ച് കേബിള്‍ കണ്ടെത്താനുള്ള അനുമതി പൊതുമരാമത്ത് വകുപ്പ് നല്‍കാത്തതാണ് പുതിയ കണക്ഷനുള്ള തടസം.
മാത്രമല്ല നിലവിലുള്ള കണക്ഷനിലെ തകരാറും ഇതോടെ കണ്ടെത്താന്‍ സാധിക്കുനില്ല. അപേക്ഷകര്‍ കൂടുകയാണെങ്കില്‍ ബദല്‍ സംവിധാനം തേടാമെന്ന് ബി എസ് എന്‍ എല്‍ അധികൃതര്‍ പറയുന്നു. ചിലയിങ്ങളിലെല്ലാം വയര്‍ലെസ് കണക്ഷന്‍ നല്‍കുനുണ്ടെങ്കിലും അത്ര വിശ്വാസകരമല്ലെന്ന് അധികാരികള്‍ തന്നെ സമ്മതിച്ചതാണ്. കാലാവസ്ഥയിലെ മാറ്റത്തിനനുസരിച്ചാണ് അതിന് റെഞ്ച് ലഭിക്കുക. കൂടാതെ ടവറിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലും ആയിരിക്കണം.
കാള്‍ ഓഫറുകള്‍ക്ക് പുറമെ ഇന്റര്‍നെറ്റ് സേവനത്തിനുവേണ്ടിയും പലരും കണക്ഷന് വേണ്ടി സമീപിക്കുന്നുണ്ടെന്ന് അധികൃര്‍ പറയുന്നു. ഇന്റര്‍നെറ്റില്‍ സ്വകാര്യ കമ്പനികളേക്കാള്‍ നേട്ടം ബി എസ് എന്‍ എല്ലിലാണെന്ന തിരിച്ചറിവാണ് ഇതിന് കാരണം. ഇന്റര്‍നെറ്റിനും ആനുകൂല്യങ്ങള്‍ വര്‍ധിച്ചതോടെ ഉപഭോക്താക്കളുടെ എണ്ണവും ബി എസ് എന്‍ എല്ലിന് കൂടിയിട്ടുണ്ട്. ഉപഭോക്താക്കള്‍ കൂടുന്നതനുസരിച്ചുള്ള ജീവനക്കാരുടെ നിയമനം നടത്താത്തതും നിലവിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാത്തതും ഉപഭോക്താക്കളെ കുഴക്കുന്നുണ്ട്.