Connect with us

International

ഗവര്‍ണര്‍ക്കെതിരെ ഇന്തോനേഷ്യയില്‍ കൂറ്റന്‍ റാലി

Published

|

Last Updated

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായി ജക്കാര്‍ത്തയിലെ ഗവര്‍ണര്‍ക്കെതിരെ മതനിന്ദ ആരോപണം. ഗവര്‍ണര്‍ രാജിവെക്കണമെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പതിനായിരങ്ങള്‍ നിരത്തിലിറങ്ങി.
പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പ്രകടനം നടത്തിയ പ്രക്ഷോഭകര്‍ പോലീസുമായി ഏറ്റുമുട്ടി. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പ്രകടനക്കാര്‍ക്കെതിരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ജക്കാര്‍ത്ത ഗവര്‍ണര്‍ ബുസ്‌കി തജാഹ്ജ പുര്‌നാമക്കെതിരെയാണ് പ്രക്ഷോഭം ആളിക്കത്തിയിരിക്കുന്നത്. തലസ്ഥാന നഗരത്തില്‍ ബാനറുകളുമായി പതിനായിരത്തിലധികമാളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. വിവിധ മുസ്‌ലിം സംഘടനകളുടെ പ്രവര്‍ത്തകരാണ് പ്രക്ഷോഭത്തില്‍ അണിനിരന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനത്തിന്റെ അലയൊലികള്‍ ഉണ്ടാകുന്നുണ്ട്. തുടര്‍ ദിവസങ്ങളില്‍ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാന്‍ ഇത് കാരണമായേക്കും.
ജക്കാര്‍ത്തയുടെ ഗവര്‍ണറാകുന്ന ആദ്യ ചൈനീസ് വംശജനായ ക്രിസ്ത്യനാണ് അഹോക് എന്ന പേരില്‍ അറിയപ്പെടുന്ന ബുസ്‌കി. ഇന്തോനേഷ്യയിലെ ഒരു ശതമാനമാണ് ചൈനീസ് വംശജരുള്ളത്. ബുസ്‌ക്കിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പ്രേരിത പ്രക്ഷോഭമാണെന്നാണ് ഒരുകൂട്ടര്‍ വാദിക്കുന്നത്.
അതേസമയം, കൊട്ടാരത്തിന് മുമ്പില്‍ പ്രക്ഷോഭം നടത്തിയവര്‍ക്ക് പ്രസിഡന്റ് ജോകോ വിഡോഡോയെ കാണാന്‍ സാധിച്ചില്ല. പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ പ്രക്ഷോഭകര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് സംഘടന പ്രതിനിധികള്‍ വൈസ് പ്രസിഡന്റ് യൂസുഫ് കാലയുമായി ചര്‍ച്ച നടത്തി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് പ്രക്ഷോഭകരുടെ പ്രതിനിധികള്‍ക്ക് വൈസ് പ്രസിഡന്റ് ഉറപ്പ് നല്‍കി.

Latest