എല്ലാ കുട്ടികളെയും ഇംഗ്ലീഷ് സംസാരിക്കാന്‍ പ്രാപ്തരാക്കും

Posted on: November 5, 2016 8:20 am | Last updated: November 5, 2016 at 12:46 am

തിരുവനന്തപുരം: ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലുള്ള എല്ലാ കുട്ടികളെയും ഇംഗ്ലീഷ് സംസാരിക്കാന്‍ പ്രാപ്തരാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇതിലേക്കായി എസ് എസ് എ വഴി മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കി. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പഠനം മാതൃഭാഷയില്‍ ആകണമെന്നുള്ളതാണ് സര്‍ക്കാര്‍ നയം. എന്നാല്‍ മൂന്ന് ഭാഷ സംസാരിക്കാന്‍ പ്രാപ്തരാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അടുത്തഘട്ടമായി ഹിന്ദിയിലും ഇതേരീതിയില്‍ പരിശീലനം നല്‍കും.
എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷിക്കാരായ അധ്യാപകര്‍ക്ക് മൂന്ന് ശതമാനം സംവരണം ഏര്‍പ്പെടുത്തി. ചരിത്രത്തില്‍ ആദ്യമായാണ് എയ്ഡഡ് സ്‌കൂളുകളില്‍ സംവരണം ഏര്‍പ്പെടുത്തിയതെന്നും മന്ത്രി സി രവീന്ദ്രനനാഥ് പറഞ്ഞു.
സ്‌കൂളുകളില്‍ ഏക അധികാരകേന്ദ്രം രൂപവത്കരിക്കുന്ന കാര്യം ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഹൈസ്‌കൂളും വി എച്ച് എസ് സിയും ഉള്ളിടത്ത് അധികാരത്തര്‍ക്കം ഉണ്ടാകാറുണ്ട്. ഇതു പരിഹരിക്കുന്നതിനായി കൂട്ടായ ചര്‍ച്ച ആവശ്യമാണ്.
സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരുമായി സംസാരിച്ച് പരിഹാരമുണ്ടാക്കാനാണ് ശ്രമം. അടുത്ത അധ്യയന വര്‍ഷം മുതല്‍ (2017- 18) ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് കൈത്തറി ഉപയോഗിച്ചുകൊണ്ടുള്ള സ്‌കൂള്‍ യൂനിഫോം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ആറ് മുതല്‍ എട്ട് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് 400 രൂപ നിരക്കില്‍ പപണമായി യൂനിഫോമിനുള്ള തുക വിതരണം ചെയ്യുന്നതിനും തീരുമാനമായതായി മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് വളര്‍ച്ചയെത്തി മുറിക്കാറായ 145 തേക്കുകൂപ്പുകള്‍ ഉണ്ടെന്ന് മന്ത്രി കെ രാജു അറിയിച്ചു. ഏറ്റവും കൂടുതല്‍ കൂപ്പുകള്‍ ഉള്ളത് ചാലക്കുടിയിലാണ്.