മുലപ്പാല്‍ നിഷേധിച്ച സംഭവം: കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു

Posted on: November 5, 2016 12:38 am | Last updated: November 5, 2016 at 12:38 am

മുക്കം: നവജാത ശിശുവിന് ഒരു ദിവസം മുഴുവന്‍ മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു. പിതാവ് ഓമശ്ശേരി ചക്കാനകണ്ടി അബൂബക്കര്‍, മാതാവ് ഹഫ്‌സത്ത് എന്നിവര്‍ക്കെതിരെയാണ് മുക്കം പോലീസ് കേസെടുത്തത്. പ്രസവം നടന്ന മുക്കം ഇ എം എസ് സഹകരണ ആശുപത്രി നഴ്‌സ് ഷാമിലയുടെ പരാതിയുടെയും ബാലാവകാശ കമ്മീഷന്‍ അധ്യക്ഷയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് പോലീസ് നടപടി. ജുവനൈല്‍ ജസ്റ്റിസ് 75, 87 വകുപ്പു പ്രകാരമാണ് കേസെടുത്തത്. കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. അഞ്ച് ബാങ്ക് കഴിഞ്ഞേ മുലപ്പാല്‍ നല്‍കാവൂ എന്ന നിര്‍ദേശം നല്‍കിയ കളന്‍തോടിലെ ഹൈദ്രോസ് തങ്ങള്‍ക്കെതിരെയും അന്വേഷണം നടക്കാന്‍ സാധ്യതയുണ്ട്.