പീഡനം: ഡോക്ടര്‍ അടക്കമുളള ആറ് പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്‌

Posted on: November 5, 2016 5:34 am | Last updated: November 5, 2016 at 12:35 am

കൊല്ലം: പരവൂര്‍ കലയ്‌ക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ക്വാര്‍ട്ടേഴ്‌സില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ഡോക്ടര്‍ അടക്കമുളള ആറ് പ്രതികളെ ഏഴ് വര്‍ഷം വീതം കഠിന തടവിന് കൊല്ലം കോടതി ശിക്ഷിച്ചു. ഡോക്ടര്‍ റേതിലക്, റീനാ ജോര്‍ജ്, ദിവ്യ, സരള, ബിനു, ഷാജഹാന്‍ എന്നിവരെയാണ് ശിക്ഷിച്ചത്. ഒന്നാം പ്രതി പരവൂര്‍ കൂറുമണ്ഡല്‍ ലക്ഷ്മി സദനത്തില്‍ ഡോ. റേതിലകന്റെ ക്വാര്‍ട്ടേഴ്‌സില്‍ മറ്റു പ്രതികളായ കോട്ടയം ഈരാറ്റുപേട്ട തിക്കോവില്‍ ചേരിമല മുതലക്കുഴിവീട്ടില്‍ റീനാ ജോര്‍ജ്, പത്തനംതിട്ട മല്ലപ്പളളി കുന്നന്താനം നടയ്ക്കല്‍ പുതുപറമ്പില്‍ മഞ്ജു, ആതിച്ചനെല്ലൂര്‍ തഴുത്തല കഞ്ഞിരംവിള വീട്ടില്‍ ബിനു, കൊട്ടിയം എസ് എന്‍ പോളിടെക്‌നിക്കിന് സമീപം ആലുംമൂട്ടില്‍ വീട്ടില്‍ ഷാജഹാന്‍, തിരുവനന്തപുരം വെമ്പായം കുതിരക്കളം കൃഷ്ണവിളാകത്ത് വീട്ടില്‍ സരളാദേവീ എന്നിവര്‍ ചേര്‍ന്ന് തിരുവല്ല സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് പെണ്‍വാണിഭം നടത്തിയെന്നാണ് കേസ്.
2004 ഒക്‌ടോബര്‍ 12 നായിരുന്നു സംഭവം. ഡോ. റെതിലക്കിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബാലാത്സംഗത്തിനും തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചതിനും അനാശാസ്യത്തിനുമായിരുന്നു കേസ്. രണ്ടും മൂന്നും പ്രതിക്കള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, അനാശാസ്യത്തിനു പ്രേരിപ്പിക്കല്‍ എന്നിവക്കും നാലും അഞ്ചും പ്രതികള്‍ക്കെതിരെ ബാലാത്സംഗത്തിനും ഏഴാം പ്രതിക്ക് അനാശാസ്യത്തിനെതിരെയുമായിരുന്നു കേസ് എടുത്തത്. ആറാം പ്രതി വിചാരണക്കിടെ മരിച്ചു. ആശുപത്രിയില്‍ അനാശാസ്യം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.