Connect with us

Editorial

മനുഷ്യാവകാശത്തിലെ രാഷ്ട്രീയം

Published

|

Last Updated

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ ഡെമോക്രാറ്റിക് എതിരാളി ഹിലാരി ക്ലിന്റന്റെ സിറിയന്‍ നയം മൂന്നാംലോകമഹായുദ്ധത്തിന് വഴിവെക്കുമെന്നാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ടെലിവിഷന്‍ സംവാദത്തില്‍ പറഞ്ഞത്. അമേരിക്കയില്‍ അവിടുത്തെ ആഭ്യന്തര പ്രശ്‌നമല്ല തിരഞ്ഞെടുപ്പില്‍ വിഷയമാകുന്നതെന്ന വസ്തുത മാത്രമല്ല, വന്‍ ശക്തികള്‍ക്ക് സിറിയയുടെ കാര്യത്തില്‍ തികഞ്ഞ ആശയക്കുഴപ്പമുണ്ടെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഈ വാക്കുകള്‍. ഒബാമ ഭരണകൂടത്തിന്റെ നയം തന്നെയാണ് ഇക്കാര്യത്തില്‍ ഹിലാരിക്കുള്ളത്. പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ താഴെയിറക്കുകയാണ് സിറിയന്‍ പ്രതിസന്ധിയുടെ അടിസ്ഥാന പരിഹാരമെന്നതാണ് ആ നയം. ഇസില്‍ തീവ്രവാദികളെ അമര്‍ച്ചചെയ്യുന്നതിനാണ് അമേരിക്ക സിറിയയില്‍ വ്യോമാക്രമണം നടത്തുന്നതെന്ന് പുറമേ പറയുന്നുണ്ടെങ്കിലും യഥാര്‍ഥ ലക്ഷ്യം അസദ് തന്നെയാണ്. ഹിലാരിയെ വിമര്‍ശിക്കാന്‍ വേണ്ടിയാണെങ്കിലും ട്രംപ് ഈ സത്യം തുറന്നുപറയുന്നു. അടിയന്തരലക്ഷ്യം അസദിനെ താഴെയിറക്കലല്ലെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് യുദ്ധവെറി ഉള്ളില്‍ സൂക്ഷിക്കുന്ന ട്രംപ് പറയുമ്പോള്‍ അത് വെറുതെയായിരിക്കാനിടയില്ല. റഷ്യയുടെ നിലപാട് പരിഗണിച്ചുകൊണ്ടാണ് അദ്ദേഹം അത് പറഞ്ഞതെന്ന് വ്യക്തം.
സിറിയയില്‍ അമേരിക്കയുടെ നേര്‍വിപരീത ദിശയിലാണ് റഷ്യ സഞ്ചരിക്കുന്നത്. അസദിനെ സംരക്ഷിച്ചുകൊണ്ടുള്ള പരിഹാരമാണ് അവരുടെ ആവനാഴിയിലുള്ളത്. അത്‌കൊണ്ട് അസദ്‌വിരുദ്ധ വിമതര്‍ക്കെതിരെയാണ് അവരുടെ ആക്രമണം. അലപ്പോ പ്രവിശ്യയില്‍ തുടരുന്ന ക്രൂരമായ ആക്രമണങ്ങള്‍ ഇതിന്റെ ഭാഗമാണ്. പറഞ്ഞത് ട്രംപാണെങ്കിലും സംഗതി വസ്തുതയാണ്. സിറിയയില്‍ അമേരിക്ക- റഷ്യ നിഴല്‍ യുദ്ധമാണ് നടക്കുന്നത്. ഇതിന്റെ വ്യാപ്തി കൂടിയാല്‍, കൂടുതല്‍ രാഷ്ട്രങ്ങള്‍ കക്ഷിചേരാന്‍ മുതിര്‍ന്നാല്‍ അത് ലോകയുദ്ധമായി പരിണമിക്കാനുള്ള വിദൂര സാധ്യതയുണ്ട്. പുതിയ കാലത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക സവിശേഷതകളെ മുന്‍നിര്‍ത്തി അത്തരമൊരു സാധ്യത പൂജ്യമാണെന്ന് പറയാമെങ്കിലും സിറിയന്‍ മണ്ണില്‍ വന്‍ശക്തികള്‍ ഏറ്റുമുട്ടുകയാണെന്ന വസ്തുത വാ പിളര്‍ന്ന് നില്‍ക്കുന്നു.
യു എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ആഴ്ച കണ്ടത്. കൗണ്‍സിലില്‍ നിന്ന് റഷ്യയെ പുറത്താക്കിയിരിക്കുന്നു. 193 അംഗ പൊതുസഭയില്‍ 112 വോട്ട് മാത്രമാണ് റഷ്യക്ക് കിട്ടിയത്. കിഴക്കന്‍ യൂറോപ്യന്‍ മേഖലയില്‍ നിന്ന് റഷ്യയെ പിന്തള്ളി ഹംഗറിയും ക്രൊയേഷ്യയും അംഗത്വം നേടി. 2006ല്‍ യു എന്‍ മനുഷ്യാവകാശ സമിതി രൂപവത്കരിച്ചത് മുതല്‍ ഇതാദ്യമായാണ് റഷ്യ പുറത്താകുന്നത്. വീറ്റോ രാജ്യമായ റഷ്യയുടെ യു എന്നിലെ നിലക്ക് ഇത് വലിയ പരുക്കൊന്നും ഏല്‍പ്പിക്കുന്നില്ലായിരിക്കാം. യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സിംഹമാണെന്ന് സ്വയം നിനച്ചിരിക്കുന്ന പൂച്ചയാണെന്നും പറയാം. പക്ഷേ, പുതിയ ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ ഈ തിരിച്ചടിക്ക് പ്രാധാന്യമുണ്ട്. അലപ്പോയില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളെ മുന്‍ നിര്‍ത്തി അമേരിക്ക നടത്തിയ പ്രചാരണമാണ് റഷ്യയെ പുറന്തള്ളുന്നതിന് കാരണമായത്. സിറിയയില്‍ റഷ്യ നടത്തുന്ന ഇടപെടല്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന ആക്ഷേപമാണ് വിവിധ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ വഴി അമേരിക്ക മുന്നോട്ട് വെച്ചത്. എണ്‍പതിലധികം മനുഷ്യാവകാശ സംഘടനകളാണ് റഷ്യയെ ഒറ്റപ്പെടുത്താനായി ആഹ്വാനം നല്‍കിയത്.
റഷ്യക്ക് സിറിയയില്‍ എന്നല്ല, ലോകത്തെ ഏത് പ്രശ്‌നത്തിലും അവരുടേതായ സ്വാര്‍ഥ താത്പര്യങ്ങള്‍ ഉണ്ട്. അവയില്‍ പലതും നീതിയുക്തവുമല്ല. ശീതസമരം അവസാനിച്ചുവെന്നൊക്കെ പറയുന്നുണ്ടെങ്കിലും അമേരിക്കയുടെ എതിര്‍പക്ഷത്ത് നില്‍ക്കുകയെന്ന നയം ആ രാജ്യം ഇപ്പോഴും തുടരുന്നുണ്ട്. ചൈനയുമായുള്ള ബാന്ധവവും ഏഷ്യന്‍ നയം തീരുമാനിക്കുന്നതില്‍ ചൈനക്ക് അവര്‍ നല്‍കുന്ന പ്രാധാന്യവും ഏറ്റവും നല്ല ഉദാഹരണമാണ്. സിറിയയില്‍ ബശര്‍ അല്‍ അസദിനെ സംരക്ഷിക്കാന്‍ റഷ്യ പ്രതിജ്ഞാബദ്ധമാണ്. ആ ദൗത്യനിര്‍വഹണത്തിനിടക്ക് ക്രൂരമായ മനുഷ്യക്കുരുതികള്‍ റഷ്യ നടത്തുന്നുവെന്ന് പറയാവുന്നതുമാണ്. അങ്ങനെ നോക്കുമ്പോള്‍ മനുഷ്യാവകാശ സമിതിയില്‍ നിന്ന് റഷ്യ പുറത്ത് പോകേണ്ടത് തന്നെയാണ്.
ഇവിടെ ചോദ്യമതല്ല. റഷ്യ പുറത്ത് പോകുമ്പോള്‍ ആരൊക്കെയാണ് അകത്തുള്ളത് എന്നാണ്. വിവിധ മേഖലയില്‍ നിന്നായി 14 രാജ്യങ്ങളാണ് പുതുതായി അംഗത്വം നേടിയത്. ഇറാഖ്, സഊദി അറേബ്യ, ഈജിപ്ത്, ചൈന, ബ്രസീല്‍, റുവാണ്ട, ഹംഗറി, ക്രൊയേഷ്യ, ക്യൂബ, ദക്ഷിണാഫ്രിക്ക, ജപ്പാന്‍, ടുണീഷ്യ, അമേരിക്ക, ബ്രിട്ടന്‍ എന്നിവയാണ് അവ. ഈ പട്ടികയില്‍ അമേരിക്കയുണ്ടല്ലോ. മറ്റുള്ളവരൊക്കെ അവിടെ നില്‍ക്കട്ടെ. മനുഷ്യാവകാശത്തിന്റെ സംരക്ഷകരായിരിക്കാന്‍ അമേരിക്കക്ക് എന്ത് യോഗ്യതയാണുള്ളത്? ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്ന സിറിയ ഇങ്ങനെ അശാന്തമായത് എങ്ങനെയാണ്? ഭീകരവിരുദ്ധദൗത്യം വഴി യു എസ് നടത്തിയ സൈനികവും സൈനികേതരവുമായ ഇടപെടലുകള്‍ എത്രയെത്ര രാഷ്ട്രങ്ങളെയാണ് ശിഥിലമാക്കിയത്? ആ ശൈഥില്യത്തിന്റെ കൂടി സൃഷ്ടിയാണല്ലോ ഇസില്‍ തീവ്രവാദികള്‍. അസദിനെ താഴെയിറക്കാന്‍ വിമതരെ ആയുധമണിയിച്ചത് യു എസാണ്. അത് മാത്രമോ? ആഭ്യന്തരമായി അമേരിക്കയിലെ സ്ഥിതി പരിതാപകരമാണ്. അവിടെ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ കടുത്ത ആക്രമണമാണ് നടക്കുന്നത്. പോലീസും നീതിന്യായ സംവിധാനം പോലും വംശവെറിയില്‍ ആനന്ദം കണ്ടെത്തുകയാണ്. ഈ അമേരിക്കക്ക് ഇടമുള്ള മനുഷ്യാവകാശ കൗണ്‍സിലില്‍ റഷ്യക്കും തുടരാവുന്നതായിരുന്നു. യു എന്‍ ഒരിക്കല്‍ കൂടി രാഷ്ട്രീയ മേധാവിത്വ പ്രഖ്യാപനത്തിന്റെ വേദിയായെന്ന് മാത്രമാണ് കൗണ്‍സിലിലെ പുതിയ സംഭവവികാസങ്ങള്‍ അര്‍ഥമാക്കുന്നത്.