Connect with us

International

ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മറിഞ്ഞ് 240 മരണം

Published

|

Last Updated

ജനീവ: പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ഥികള്‍ സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ ലിബിയന്‍ തീരത്ത് തകര്‍ന്ന് 240ഓളം ആളുകള്‍ മരിച്ചു. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര അഭയാര്‍ഥി സമിതി വക്താവ് ഫഌവിയോ ഡി ഗിയാകൊമോയാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
20 സ്ത്രീകളും ആറ് കുട്ടികളും ഉള്‍പ്പെടെ നൂറിലധികം അഭയാര്‍ഥികളുമായി ലിബിയയില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെ പുറപ്പെട്ട റബ്ബര്‍ ബോട്ടാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ രണ്ട് കുട്ടികളുടെത് ഉള്‍പ്പെടെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. 27 പേര്‍ രക്ഷപ്പെടുകയും ചെയ്തു. ബോട്ടിലുണ്ടായിരുന്ന 120ഓളം ആളുകള്‍ മരിച്ചിരിക്കാമെന്നാണ് കരുതുന്നത്.
ഏതാണ്ട് ഇതേ സമയത്ത് നടന്ന മറ്റൊരപകടത്തില്‍ 130 ഓളം അഭയാര്‍ഥികളുമായി സഞ്ചരിച്ച ബോട്ടാണ് തകര്‍ന്നത്. ഈ അപകടത്തിലും 120ഓളം ആളുകളെ കാണാതായെന്നാണ് വിവരം.
ഈ വര്‍ഷം ഇതുവരെയായി മെഡിറ്ററേനിയന്‍ കടലില്‍ സമാനമായ അപകടങ്ങളില്‍ 4,220 പേര്‍ മരിച്ചിട്ടുണ്ടെന്ന് പലായനം സംബന്ധിച്ച അന്താരാഷ്ട്ര സംഘടന അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍പ്പെട്ട അപകടങ്ങളില്‍ മരിച്ചത് 3,777 പേരായിരുന്നു. യുദ്ധം രൂക്ഷമായ സിറിയ, ലിബിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇറ്റലി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ പലായനം ക്രമാതീതമായി വര്‍ധിക്കുകയാണ്.
ഇതിനിടെ, താങ്ങാവുന്നതിലും അധികം ആളുകളുമായി എത്തുന്ന ബോട്ടുകള്‍ പ്രക്ഷുബ്ധമായ കടലില്‍ അപകടത്തില്‍ പെടുന്നതും പതിവാണ്.