Connect with us

Articles

ഈ ക്ഷുദ്ര കൃതിയാണോ സര്‍വകലാശാല പുസ്തകമാക്കേണ്ടത്?

Published

|

Last Updated

“ഫറോവയെന്തിന് ആണ്‍കുട്ടികളെ കൊന്നൊടുക്കി, ഒരു സ്‌കൂള്‍ തുടങ്ങിയാല്‍ പോരായിരുന്നോ” എന്ന് ഒരു ഉര്‍ദു കവി ചോദിക്കുന്നുണ്ട്. എല്ലാ തരം വിധ്വംസക ചിന്തകളെയും എളുപ്പത്തില്‍ സന്നിവേശിപ്പിക്കാനുള്ള മാര്‍ഗമായി പാഠപുസ്തകങ്ങളെ ഉപയോഗിക്കുന്നവര്‍ക്കെതിരില്‍ രോഷം കൊള്ളുകയാണ് ഈ വാക്കുകള്‍. ആഗോള ഫാസിസത്തിന്റെ വളര്‍ച്ചയും ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസം അതിന്റെ ഹിംസാത്മക ചിന്തകള്‍ക്ക് പ്രചാരം നല്‍കിയതും അക്ഷരങ്ങളില്‍ വിഷം നിറച്ചുകൊണ്ടായിരുന്നു. കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ വിധ്വംസക വൃത്തിയുമായി കടന്നുവന്ന സലഫികളും വിദ്യാഭ്യാസ സംവിധാനങ്ങളെ ഏറ്റവും ഹീനമായ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്തിയവരാണ്.
കലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ബി എ അഫ്‌സലുല്‍ ഉലമ കോഴ്‌സില്‍ മൂന്നു മാസത്തോളമായി പഠിപ്പിച്ചുകൊണ്ടിരുന്ന “കിത്താബു തൗഹീദ്” സലഫി ഭീകരതയുടെ തീവ്രമുഖത്തെ അനാവരണം ചെയ്യുന്നതാണ്. മുഹമ്മദുബ്‌നു സ്വാലിഹ് അല്‍ ഉസൈമീന്‍ രചന നടത്തുകയും കേരളത്തിലെ സലഫി പ്രചാരകനായ കോയക്കുട്ടി ഫാറൂഖി സംഗ്രഹിക്കുകയും ചെയ്ത പുസ്തകം; തങ്ങളുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായവര്‍ക്കെതിരെ കൊലവിളി നടത്തുകയും ബഹുസ്വര ജീവിതം അസാധ്യമാക്കുകയും ചെയ്യുന്ന സന്ദേശങ്ങളാണ് അത് പ്രസരിപ്പിക്കുന്നത്. സര്‍ക്കാര്‍ ചെലവില്‍ ഭീകരത വിളയിച്ചെടുക്കാനുള്ള ഗൂഢ നീക്കങ്ങള്‍ക്കെതിരെയാണ് എസ് എസ് എഫ് പ്രക്ഷോഭമാലോചിച്ചത്. സുന്നി വിദ്യാര്‍ഥി പ്രസ്ഥാനം മുമ്പ് ഉയര്‍ത്തിവിട്ട ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സിലബസ്സില്‍ നിന്ന് പുറത്താക്കപ്പെട്ട ഈ ക്ഷുദ്രകൃതിയെ വീണ്ടും എഴുന്നള്ളിച്ചിരിക്കുന്നത് യു ഡി എഫ് സര്‍ക്കാര്‍ രൂപവത്കരിച്ച സലഫി സ്വാധീനമുള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസ് ആണ്. മുസ്‌ലിം ലീഗിന്റെ വഹാബി ബെയ്‌സിന്റെ സംഭാവനയാണ് ഓറിയെന്റല്‍ കോളജുകളെന്നതും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. കെ എം ഷാജി പറയുന്ന മുല്ലാ പൊളിറ്റിക്‌സിന് എതിരായ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ ബെയ്‌സ് അതാണ്. ഈ ഓറിയെന്റല്‍ കോളജിന്റെ മുഖ്യ ദൗത്യം തന്നെ സലഫി മൗലവിമാരെ സൃഷ്ടിക്കലാണ്. സുല്ലമി, മദനി തുടങ്ങിയ മൗലവിമാരുടെ പേരിനോട് ചേര്‍ത്തുവെക്കുന്ന നാമങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ പഠിപ്പിക്കുന്ന കോളജിലെ ബിരുദങ്ങളാണ്. സുന്നികള്‍ അവരുടെ ആദര്‍ശം സ്വന്തം ചെലവില്‍ പഠിപ്പിക്കുമ്പോള്‍ ഇവിടെ അന്യായമാര്‍ഗം സ്വീകരിക്കുന്നു.
പാരമ്പര്യ മുസ്‌ലിംകള്‍ക്ക് മതഭ്രഷ്ട് കല്‍പ്പിക്കാന്‍ വേണ്ടി മാത്രം സലഫികള്‍ രൂപകല്‍പ്പന ചെയ്ത തൗഹീദ് വിഭജനത്തിലൂന്നിയാണ് ഈ ഇരുപത് രൂപ പുസ്തകം വിഷം ചീറ്റുന്നത്. ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കും പാരമ്പര്യത്തിനും കടകവിരുദ്ധമായ ഈ തൗഹീദ് നിര്‍മാണത്തിലൂടെ സുന്നികളെ മക്കയിലെ അവിശ്വാസികളുമായി തുല്യപ്പെടുത്തുകയെന്നതാണ് സലഫിസത്തിന്റെ കാതല്‍. സലഫികളല്ലാത്തവരെല്ലാം അവിശ്വാസികളാണെന്നും അവിശ്വാസികളെല്ലാം വധിക്കപ്പെടേണ്ടവരാണെന്നും വരെ ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. തൗഹീദിന്റെ രണ്ടാം വിഭാഗമായി ഇവര്‍ പറയുന്ന തൗഹീദുല്‍ ഉലൂഹിയത്തിന്റെ വിശദീകരണത്തില്‍ അല്ലാഹുവിനെ സ്രഷ്ടാവായി അംഗീകരിക്കുന്നവന്‍ ഭക്ത്യാദരങ്ങളോടെ മഹാന്‍മാരുടെ ഖബര്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് നേര്‍ച്ചകള്‍ അര്‍പ്പിക്കുകയും ചെയ്താല്‍ അവന്‍ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നവനും അവിശ്വാസിയുമാണെന്നും നരകത്തില്‍ ശാശ്വതമായി കഴിയേണ്ടവനാണെന്നും എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. തുടര്‍ന്നുവരുന്ന വരികള്‍ അതിലേറെ വിഷലിപ്തവും ഹിംസാത്മകവുമാണ്. പ്രവാചകര്‍ യുദ്ധം നയിച്ച കൂട്ടരാണ് മുശ്‌രിക്കുകളെന്നും അവരുടെ രക്തവും ധനവും അവിടുന്ന് അനുവദീയമാക്കിയിട്ടുണ്ടെന്നും ഖുര്‍ആന്‍ വായിക്കുന്നവര്‍ക്ക് അത് ഗ്രഹിക്കാനാവുമെന്നുമാണ് ഖജനാവിലെ പണമുപയോഗിച്ച് ഇവിടെ പഠിപ്പിക്കപ്പെടുന്നത്. (പേജ് 11,12)
രക്തവും ധനവും അനുവദനീയമാക്കിയെന്നതിന്റെ ലളിത മലയാളം അവരെ കൊന്നുകളയാമെന്നും കൊള്ളയടിക്കാമെന്നുമാണ്. ഈ ആശയത്തെ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകരുടെയുംമേല്‍ കെട്ടിവെക്കുന്ന ഗൗരവതരമായ പ്രശ്‌നവും ഇവിടെയുണ്ട്. ഖുര്‍ആനെയും പ്രവാചകരെയും വികലമായി അവതരിപ്പിച്ച് സലഫീ രാഷ്ട്രീയ പ്രയോഗം നടത്തുക എന്നത് ലോകത്തെ ഭീകരവാദ പ്രസ്ഥാനങ്ങളുടെ സിദ്ധാന്തമാണ്. ഈ പുസ്തകത്തിന്റെ താളുകള്‍ വീണ്ടും മറിച്ചാല്‍ ഹിറ്റ്‌ലിസ്റ്റില്‍ പെടുത്തേണ്ടവരുടെ എണ്ണം പിന്നെയും കൂടും. തൗഹീദിന്റെ മൂന്നാം ഇനമായ അല്ലാഹുവിന്റെ നാമവിശേഷണത്തിലുള്ള ഏകത്വം പറയുന്നിടത്ത് വിശേഷണങ്ങളെ മുഴുവനും പ്രത്യക്ഷാര്‍ഥത്തില്‍ തന്നെ ഉള്‍ക്കൊള്ളണമെന്നും വ്യാഖ്യാനിക്കുന്നവര്‍ തൗഹീദില്‍ പിഴച്ചവരാണെന്നും സമര്‍ഥിക്കുന്നുണ്ട്. വ്യക്തമായി പറഞ്ഞാല്‍ അല്ലാഹുവിന് കൈകാലുകളുണ്ടെന്ന് വിശ്വസിക്കാത്തവര്‍ അമുസ്‌ലിംകളാണ്. സ്രഷ്ടാവ് സൃഷ്ടികളോട് എല്ലാ നിലയിലും വ്യത്യസ്തനാകണമെന്ന ഇസ്‌ലാമിക വിശ്വാസത്തിന്റെ ആധാര ശിലയെ അംഗീകരിക്കുന്നവര്‍ സലഫി ധാരയനുസരിച്ച് വധിക്കപ്പെടേണ്ടവരാണ്.
പ്രവാചക സ്‌നേഹികളോടും അവിടുത്തെ സവിശേഷതകളെ അനുസ്മരിക്കുന്നവരോടും തികഞ്ഞ അസഹിഷണുത തന്നെ പ്രകടിപ്പിക്കുന്നുണ്ട് കാലിക്കറ്റ് യൂനിവേഴിസിറ്റിയുടെ “കിതാബുത്തൗഹീദ്.” സുന്നി ആചാരങ്ങളെ പ്രമാണവിരുദ്ധമായി ചിത്രീകരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം നടത്തുകയാണിവിടെ. തിരുനബി(സ)യുടെ പിറവിയില്‍ സന്തോഷിച്ചുള്ള ആഘോഷ പരിപാടികളെ തള്ളപ്പെടേണ്ട ആരാധനയെന്നാണ് പുസ്തകം പരിചയപ്പെടുത്തുന്നത്. റജബ് ഇരുപത്തിയേഴിന് ആകാശയാത്രയിലൂടെ മുത്തുനബിക്ക് കൈവന്ന ഇലാഹീ ദര്‍ശനമടക്കമുള്ള മഹാ സൗഭാഗ്യത്തെ അംഗീകരിക്കാനും മനസ്സില്ല. മിഅ്‌റാജിനെ കുറിച്ചുള്ള വിശ്വാസവും റജബ് 27ന് അതുസംബന്ധമായുള്ള അനുസ്മരണവും തികച്ചും പ്രമാണവിരുദ്ധമാണെന്നും ഒഴിവാക്കപ്പെടേണ്ട ആചാരമാണെന്നും പുസ്തകം പറഞ്ഞുവെക്കുന്നു. (പേജ് 26)
സലഫികളല്ലാത്തവരുടെ രക്തം ചിന്താന്‍ ആഹ്വാനം ചെയ്യുന്ന ഹിംസാത്മക പ്രത്യയശാസ്ത്രത്തെ പിന്തുടരുന്ന നിലപാടില്‍ ആഗോള ഭീകര സംഘടനയായ ഐ എസിനും കേരള സലഫികള്‍ക്കുമിടയില്‍ താരതമ്യമുണ്ടെന്ന സത്യത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ് പുസ്തകം. തങ്ങള്‍ക്ക് അധികാരം കിട്ടിയ ഇടങ്ങളില്‍ ഈ ഉന്മൂലന സിദ്ധാന്തത്തെ വളരെ വിജയകരമായി തന്നെ സലഫികള്‍ നടപ്പാക്കിയിട്ടുണ്ട്. ഹിജാസില്‍ പാരമ്പര്യ മുസ്‌ലിംകളെ കഴുത്തറുത്ത് മനുഷ്യകബന്ധങ്ങള്‍ തീര്‍ത്തത് ആ ഭീകരരായിരുന്നു. മക്കയും മദീനയുമടങ്ങുന്ന വിശുദ്ധ സ്ഥലങ്ങളില്‍ പോലും കൊള്ളയും കൊലയും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിച്ചവരാണ് സലഫികളെന്ന് ചരിത്രത്തില്‍ വായിക്കാനാവുന്ന യാഥാര്‍ഥ്യമാണ്.
ഐ എസിനെ തള്ളിപ്പറയാന്‍ ഇപ്പോള്‍ നിര്‍ബന്ധിതരായ കേരള സലഫികള്‍ ആരംഭകാലത്ത് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ആവേശം കൊണ്ടവരായിരുന്നു. ഔദ്യോഗിക സലഫി ഗ്രൂപ്പിന്റെ മുഖപത്രം എഴുതുന്നു: വിമതഭീകരര്‍ ആരാധനാലയങ്ങളും തകര്‍ക്കുന്നു എന്ന ആരോപണമാണ് ഇപ്പോള്‍ നടക്കുന്നത്. ഖബര്‍ കെട്ടിപ്പൊക്കുന്നതിനെയോ ഖബര്‍ പടുത്തുയര്‍ത്തുന്നതിനെയോ പ്രമാണികരായ ഒരൊറ്റ അഹ്‌ലുസ്സുന്നയുടെ പണ്ഡിതനും അനുകൂലിച്ചിട്ടുമില്ല, ന്യായീകരിച്ചിട്ടുമില്ല. യാഥാസ്ഥികരായ മുസ്‌ലിംകളിലേക്ക് കയറിക്കൂടിയ ശിഈ അന്തവിശ്വാസങ്ങളെ യുദ്ധഭൂമിയില്‍ അഹ്‌ലുസ്സുന്നയുടെ പോരാളികള്‍ തകര്‍ത്തെറിഞ്ഞതിനെ പര്‍വതീകരിക്കുന്നത് സുന്നി പക്ഷത്തിന്റെ സായുധ ശക്തി നശിപ്പിക്കാന്‍ മാത്രമേ കാരണമാകുകയുള്ളൂ. അത്തരം കേന്ദ്രങ്ങള്‍ അപകടകരമാണെന്ന് മനസ്സിലാക്കിയ അഹ്‌ലുസ്സുന്നയുടെ പോരാളികള്‍ യുദ്ധത്തിനിടയില്‍ അവ നിരപ്പാക്കി മാറ്റിയത് ഉയര്‍ന്നു നില്‍ക്കുന്ന ഖബറുകളെ നിരപ്പാക്കണമെന്ന പ്രവാചക കല്‍പന നടപ്പാക്കുകയാണ് ചെയ്യുന്നത്. (വിചിന്തനം 18 ജൂലൈ 2014)
സലഫികളല്ലാത്തവര്‍ക്ക് ജീവിക്കാനര്‍ഹതയില്ലെന്ന ആദര്‍ശ പരിസരത്തില്‍ നിന്ന് കൊണ്ട് തന്നെയാണ് ഐ എസ് ഇറാഖിലും, സിറിയയിലുമെല്ലാം മനുഷ്യക്കുരുതികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഐ എസിന്റെ പ്രചോദനവും പ്രതിബദ്ധതയും സലഫി പ്രസ്ഥാനമാണെന്ന സത്യം ആര്‍ക്കും മൂടിവെക്കാനാവാത്ത വിധം ഇന്ന് സുവ്യക്തമായിട്ടുണ്ട്. ഹിജാസില്‍ കണക്കില്ലാത്ത സാംസ്‌കാരിക സിംബലുകളും ചരിത്രസ്മാരകങ്ങളും തല്ലിത്തകര്‍ത്ത സലഫി ഭീകരരുടെ റെക്കോര്‍ഡ് മറികടക്കാന്‍ ഇനിയും കുറേ ബുള്‍ഡോസറുകള്‍ ഐ എസിന് ചിലപ്പോള്‍ ഇറക്കേണ്ടിവരും. ഐ എസ്, സലഫി ബന്ധുത്വത്തെ കുറിച്ച് വരുന്ന പഠനങ്ങളും നിരീക്ഷണങ്ങളും ഇപ്പോള്‍ ഒന്നുകൂടി പ്രസക്തമാണ്. ഐ എസിന്റെ ആശയാഭിമുഖ്യം പൂര്‍ണമായും സലഫി മൂവ്‌മെന്റിനോടാണെന്നും അവരുടെ പാഠപുസ്തകങ്ങളാണ് ഐ എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നുമൊക്കെയുള്ള സുപ്രധാനമായ വിവരങ്ങളാണ് അവ മുന്നോട്ട് വെക്കുന്നത്. സലഫി പാഠപുസ്തകങ്ങളുടെ ദുരന്തപരിണിതിയാണ് ഐ എസ് എന്ന് വരുമ്പോള്‍ കേരളത്തിലെ ഈ പ്രശ്‌നത്തെ എത്ര ഗൗരവമായാണ് നമ്മള്‍ സമീപിക്കേണ്ടതെന്ന് വ്യക്തമാവും.
പാരമ്പര്യ വിശ്വാസികളെയും അവിശ്വാസികളെയും വധിച്ചുകളയാന്‍ ആഹ്വാനം നല്‍കുന്ന പ്രത്യയശാസ്ത്രവുമായി കേരളത്തില്‍ ഒതുങ്ങിക്കഴിയാന്‍ സാധിക്കാത്തത് കൊണ്ടാണ് സലഫി യുവാക്കള്‍ പലായനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. പുറപ്പെട്ട് പോയവരുടെ വ്യക്തിവൈകല്യങ്ങളല്ല, പ്രത്യയ ശാസ്ത്രത്തിന്റെ ആഴമേറിയ വൈകൃതങ്ങളാണ് പ്രതി. മതത്തിനകത്തുള്ളവരോട് ഇത്രമേല്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സലഫികളുടെ പരമത വിശ്വാസികളോടുള്ള നിലപാടിന്റെ ജീവിച്ചിരിക്കുന്ന തെളിവാണ് ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗം. സലഫികള്‍ മാത്രമുള്ള ലോകത്തേ ജീവിക്കാനാവൂ എന്ന പ്രത്യയശാസ്ത്രം തന്നെയാണ് ദമ്മാജ് സലഫിസത്തിന്റെയും ആശയസ്രോതസ്സ്. അതുകൊണ്ട് തന്നെയാണ് ബഹുസ്വര കേരളത്തില്‍ നിന്ന് ചില സലഫികള്‍ക്ക് അവിടേക്കും വണ്ടി കയറേണ്ടി വന്നത്. സലഫീ ഭീകരത വിളയിച്ചെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുമ്പോള്‍ പീസ് സ്‌കൂളുകളെ അതില്‍ നിന്നൊഴിവാക്കാന്‍ മാത്രം മതേതരമാണ് വഹാബികളെന്ന് സമൂഹം എങ്ങനെ വിശ്വസിക്കും? ഭീകരതയുടെ ആശയ സ്രോതസ്സുകള്‍ക്ക് വളരാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നത് മഹാപാതകം തന്നെയാണ്. അതുകൊണ്ട് കൂടിയാണ് സര്‍ക്കാര്‍ ചെലവില്‍ സലഫിസം അനുവദിക്കില്ലെന്ന് എസ് എസ് എഫ് പറയുന്നത്. സമുദായിക രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തണലില്‍ സലഫി പ്രചാരണത്തിന് പൊതുമുതല്‍ ഉപയോഗിക്കാന്‍ സലഫികള്‍ക്ക് കഴിഞ്ഞുവെന്നത് ഒരു ദുഃഖ സത്യമാണ്. കേരളത്തിലെ സലഫികളെ സംരക്ഷിക്കാന്‍ വരുന്നവര്‍ക്ക് നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. ഈ ഘട്ടത്തില്‍ പോലും ചില സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കളും ഇനിയും ആ കാപട്യം തുടരുന്നത് ജുഗുപ്‌സാവഹം തന്നെയാണ്. സലഫികളെ സംരക്ഷിക്കാന്‍ ഐക്യവേദിയുണ്ടാക്കുന്നവര്‍ ഇസ്‌ലാമിനെ കരിവാരിത്തേക്കുന്നവര്‍ക്ക് കരുത്തേകുകയാണ്.
പുസ്തകം പിന്‍വലിക്കുന്നു എന്നത് താല്‍കാലികമായ പിന്മാറ്റമായി എസ് എസ് എഫ് കരുതുന്നു. ഈ സമരം അവസാനിക്കുന്നില്ല. എസ് എസ് എഫ് ഉയര്‍ത്തിയ സമരാഹ്വാനം ചെവികൊള്ളാന്‍ സര്‍വകലാശാല അധികൃതര്‍ താമസംവിനാ നിര്‍ബന്ധിക്കപ്പെട്ടുവെന്നത് സംഘടനയുടെ സമരചരിത്രത്തിലെ ഉജ്ജ്വലവിജയവും വിഷയത്തിന്റെ ഗൗരവവും അരക്കിട്ടുറപ്പിക്കുന്നു. ഔദ്യോഗിക സംവിധാനങ്ങളെ സമുദായ രാഷ്ട്രീയ മേല്‍ക്കോയ്മ ഉപയോഗപ്പെടുത്തി സലഫീ ആശയം പ്രചരിപ്പിക്കുന്ന നിഗൂഢതകളെ തുടച്ചു നീക്കുവോളം ഈ വിദ്യാര്‍ഥി സംഘം അടങ്ങിയിരിക്കില്ല.

---- facebook comment plugin here -----

Latest