Connect with us

Gulf

യു എ ഇയുടെ ചൊവ്വാ ദൗത്യത്തിലേക്കുള്ള ദൂരം കുറയുന്നു

Published

|

Last Updated

മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ സാറ്റലൈറ്റ് മാനുഫാക്ചറിംഗ് ആന്‍ഡ് അസംബ്ലിംഗ് കോംപ്ലക്‌സ് ഉദ്ഘാടനെത്തിയ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും  ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം.

മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ സാറ്റലൈറ്റ് മാനുഫാക്ചറിംഗ് ആന്‍ഡ് അസംബ്ലിംഗ് കോംപ്ലക്‌സ് ഉദ്ഘാടനെത്തിയ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും
ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം.

ദുബൈ:ചൊവ്വയുടെ രഹസ്യങ്ങള്‍ തേടിയുള്ള യു എ ഇ യുടെ ദൗത്യത്തിലേക്കുള്ള വഴികള്‍ എളുപ്പമാകുന്നു. എമിറേറ്റ്‌സ് ചൊവ്വാ ദൗത്യമായ “പ്രതീക്ഷ” എന്ന അര്‍ഥം വരുന്ന അല്‍ അമലിന്റെ പര്യവേക്ഷണ പേടകത്തിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. വിക്ഷേപണ പേടകത്തിന്റെ ആദ്യ മാതൃകക്കാണ് ശൈഖ് മുഹമ്മദ് അംഗീകാരം നല്‍കിയിട്ടുള്ളത്.
2020ല്‍ വിക്ഷേപിക്കുന്ന പേടകം യു എ ഇയുടെ 50-ാമത് ദേശീയദിനമായ 2021ല്‍ ചൊവ്വയിലെത്തും. അറബ് ലോകത്ത് നിന്ന് ചൊവ്വയിലേക്ക് ആളില്ലാ പേടകമയക്കാന്‍ തയ്യാറെടുക്കുന്ന ആദ്യ രാജ്യമാണ് യു എ ഇ. ഒന്‍പത് രാജ്യങ്ങളുമായി ചേര്‍ന്നാണ് ചൊവ്വാ ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്.
മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ യു എ ഇ സാറ്റലൈറ്റ് മാനുഫാക്ചറിംഗ് ആന്‍ഡ് അസംബ്ലിംഗ് കോംപ്ലക്‌സിന്റെ രണ്ടാംഘട്ടവും ശൈഖ് മുഹമ്മദ് തുറന്നു. ഒരേ സമയം നിരവധി ബഹിരാകാശ പദ്ധതികള്‍ നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനുമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്.
ബഹിരാകാശ പര്യവേക്ഷണമാണ് യു എ ഇയുടെ ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ചൊവ്വാ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. യു എ ഇ ശാസ്ത്രമേഖലയുടെ ഗുണപരമായ കുതിച്ചുചാട്ടമാണ് പര്യവേക്ഷണ പേടകം. ചൊവ്വാ ദൗത്യത്തിന് തുടക്കം കുറിച്ച ആദ്യ രാജ്യമെന്ന നിലയില്‍ അഭിമാനമുണ്ടെന്ന് ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
ചൊവ്വാ ഗ്രഹത്തിന്റെ ഇതുവരെ കണ്ടെത്താത്ത രഹസ്യങ്ങള്‍ പഠിക്കുന്നതിനൊപ്പം ഭൂമിയുടെ അന്തരീക്ഷത്തെ കുറിച്ചുമാണ് അല്‍ അമല്‍ പഠനം നടത്തുക. മണിക്കൂറില്‍ 1,26,000 കിലോമീറ്റര്‍ വേഗതയില്‍ ആറു കോടി കിലോമീറ്റര്‍ സഞ്ചരിച്ച് ഏഴു മാസം കൊണ്ട് പേടകം ചൊവ്വയിലെത്തും. ചൊവ്വാ ദൗത്യ സംഘത്തിലെ എല്ലാവരും സ്വദേശികളായ ശാസ്ത്രജ്ഞന്‍മാരാണ്. ദൗത്യ സംഘത്തില്‍ ഇപ്പോള്‍ 75 ശാസ്ത്രജ്ഞരാണുള്ളത്. വിക്ഷേപണ കാലമെത്തുമ്പോഴേക്കും 150 ശാസത്രജ്ഞര്‍ സംഘത്തിലുണ്ടാകും. പേടകത്തില്‍ നിന്നുള്ള വിവരങ്ങള്‍ ലോകത്തെ 200 സര്‍വകലാശാലയുമായി പങ്കുവെക്കും. അന്താരാഷ്ട്ര ബഹിരാകാശ രംഗത്ത് യു എ ഇ നല്‍കുന്ന വലിയ സംഭാവനയായിരിക്കും ഇത്. മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ സാറ്റലൈറ്റ് നിര്‍മാണ പ്രക്രിയയുടെ ഭാഗമായി ഇമാറാത്തി എന്‍ജിനീയര്‍മാര്‍ വികസിപ്പിച്ചെടുത്ത അറബ്‌ലോകത്തെ ആദ്യ സാറ്റലൈറ്റായ “ഖലീഫ സാറ്റ്” ശൈഖ് മുഹമ്മദ് പുറത്തിറക്കിയിരുന്നു. 2018ലാണ് ഖലീഫ സാറ്റ് ലോഞ്ച് ചെയ്യുക.
ബഹിരാകാശ രംഗത്തെ പുതിയ കാല്‍വെപ്പ് വിജയകമരമാകുമ്പോള്‍ ചൊവ്വാ ദൗത്യത്തിന് ഇറങ്ങിപ്പുറപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ യു എ ഇ ഏഴാമതാകും. ഇതുവരെ ഇന്ത്യയുള്‍പെടെ നാലു രാജ്യങ്ങളുടെ ദൗത്യങ്ങള്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. മംഗള്‍യാന്‍ എന്ന ചൊവ്വാ ദൗത്യം വിജയകരമായി വിക്ഷേപിച്ച ഇന്ത്യ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി മാറിയിരുന്നു.
1964ല്‍ നാസയാണ് ആദ്യമായി ചൊവ്വാ ദൗത്യം വിജയകരമായി നടത്തിയത്. പിന്നീട് 1971ല്‍ റഷ്യയും 2003ല്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും നാലാമതായി ഇന്ത്യയുമാണ് വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയത്. ചൈന, ജപ്പാന്‍, എന്നിവരുടെ ദൗത്യങ്ങള്‍ നേരത്തെ പരാജയപ്പെട്ടിരുന്നു.
മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, മുഹമ്മദ് ബിന്‍ റാശിദ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ക്യാബിനറ്റ് അഫയേഴ്‌സ് ആന്‍ഡ് ഫ്യൂച്ചര്‍ മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി, ദുബൈ പ്രോട്ടോകോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ എന്നിവരും സംബന്ധിച്ചു.