യുവപ്രഭാഷകന്റെ തെറ്റായ പരാമര്‍ശങ്ങള്‍: ചേളാരി വിഭാഗത്തില്‍ വിവാദം രൂക്ഷം

Posted on: November 3, 2016 1:00 am | Last updated: November 3, 2016 at 1:00 am
SHARE

simsarതിരൂരങ്ങാടി: യുവപ്രഭാഷകന്റെ വിവാദ പരാമര്‍ശങ്ങളെ ചൊല്ലി ചേളാരി വിഭാഗത്തില്‍ വിവാദം കൊഴുക്കുന്നു. ചേളാരി വിഭാഗത്തിലെ പ്രഭാഷകനായ സിംസാറുല്‍ഹഖ് ഹുദവിയുടെ പ്രഭാഷണത്തിനെതിരെയാണ് വിവാദം കത്തിയാളുന്നത്.
സാമൂഹിക മാധ്യമങ്ങളിലും വിദേശ സദസ്സുകളിലും നിരന്തരമായി പ്രഭാഷണം നടത്തിവരുന്ന സിംസാറുല്‍ഹഖിന്റെ നിരവധി പരാമര്‍ശങ്ങള്‍ ഇതിനകം കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നായ തൊട്ടാല്‍ മണ്ണ് കൊണ്ട് ശുദ്ധിയാക്കുന്നതിന് പകരം സോപ്പ് മതിയെന്നും തൂങ്ങിമരണം കൊണ്ട് ഈമാന്‍ നഷ്ടപ്പെടുകയില്ലെന്നുമുള്ള പരാമര്‍ശത്തിനെതിരെ ചേളാരി വിഭാഗം പണ്ഡിതനും നന്തി ദാറുസ്സലാം അറബിക് കോളജ് വൈസ് പ്രിന്‍സിപ്പലുമായ മാണിയൂര്‍ അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി പരസ്യമായി രംഗത്ത് വന്നിരുന്നു. സിംസാറുല്‍ഹഖിന്റെ നിലപാടിനെ കടുത്തഭാഷയില്‍ ചോദ്യം ചെയ്തുകൊണ്ടാണ് ഇദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പ്രഭാഷണം നടത്തിയത്. എന്നാല്‍ ഇദ്ദേഹത്തിന് മറുപടി എന്നോണം സിംസാറുല്‍ഹഖ് രംഗത്ത് വന്നത് വിവാദങ്ങള്‍ക്ക് വീണ്ടും ശക്തി പകരുകയായിരുന്നു. തന്റെ തെറ്റായ നിലപാടിനെ ഒന്നുകൂടി ശക്തിയായി അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ സിംസാറുല്‍ഹഖിന്റെ ഈ മറുപടിക്ക് നിശിതമായ ഭാഷയില്‍ മറുപടി പറഞ്ഞുകൊണ്ട് മാണിയൂര്‍ അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി വീണ്ടും രഗംത്ത് വന്നിട്ടുണ്ട്. സിംസാറുല്‍ ഹഖ് സലഫിസത്തിലേക്ക് നീങ്ങുകയാണെന്നും അത് കുറച്ച് കഴിയുമ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും മാണിയൂര്‍ പറയുന്നു. ആയത്തിന്റെ അര്‍ത്ഥം മാറ്റിപ്പറയുകയും ജനങ്ങള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ പറയുകയും ചെയ്യുന്നത് ഗൗരവകരമാണ്. സിംസാര്‍ പറയുന്ന തെറ്റുകള്‍ തിരുത്താതെ ഞങ്ങള്‍ അടങ്ങി നില്‍ക്കണമെന്നാണോ പറയുന്നത്. ഏതെങ്കിലും ഒരു മദ്ഹബില്‍ ഉറച്ച് നിന്ന് അതിന്റെ വീക്ഷണം പറയുന്നതിന് പകരം ആധുനിക പണ്ഡിതന്‍മാര്‍ എന്ന് പറഞ്ഞ് ആളുകളെ സലഫിസത്തിലേക്ക് നയിക്കുകയാണെന്ന് മാണിയൂര്‍ മുസ്‌ലിയാര്‍ തന്റെ പ്രഭാഷണത്തില്‍ ആശങ്കപ്പെടുന്നു. ചേളാരി വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രഭാഷണങ്ങള്‍ വലിയ വിവാദമാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്നാല്‍ ഉത്തരവാദപ്പെട്ടവര്‍ ഒന്നും പ്രതികരിക്കാതെ മൗനം പാലിക്കുന്നത് അണികളില്‍ കൂടുതല്‍ ചേരിതിരിവിന് കാരണമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here