ഐസക്ക് ഒളിപ്പിച്ചുവെച്ച അത്ഭുത വിളക്ക്‌

Posted on: November 3, 2016 5:39 am | Last updated: November 3, 2016 at 12:40 am

ആറന്മുളയില്‍ വീണ്ടും കൃഷിയിറക്കിയതിലല്ല കാര്യം. മുഖ്യമന്ത്രി വിത്തെറിഞ്ഞത് വിമാനത്താവള ഭൂമിയിലോ അതോ സ്വകാര്യഭൂമിയിലോ.? നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിനുള്ള ഭേദഗതി ചര്‍ച്ചയുടെ വലിയൊരു സമയം അപഹരിച്ചത് ഈ തര്‍ക്കം പരിഹരിക്കാനാണ്. നെല്‍കൃഷിയുടെ മഹത്വവും നെല്‍കര്‍ഷകരുടെ ദുരിതവും വിശദീകരിക്കുന്നതിനിടെ അടൂര്‍പ്രകാശാണ് ചര്‍ച്ച ആറന്മുളയിലെത്തിച്ചത്. മുഖ്യമന്ത്രിയും മന്ത്രി പരിവാരങ്ങളും ആഘോഷ പൂര്‍വ്വം വിത്തെറിഞ്ഞത് വിമാനത്താവള ഭൂമിയിലല്ലത്രെ. എന്‍ജിനീയറിംഗ് കോളജ് നിര്‍മ്മിക്കാന്‍ ഏറ്റെടുത്ത ഭൂമിയിലാണ്. ഈ ഭൂമി ഏറ്റെടുത്തതാകട്ടെ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ നാളിലും. വിത്തെറിഞ്ഞത് സ്വകാര്യ ഭൂമിയിലാണെങ്കിലും വിമാനത്താവള പദ്ധതി പ്രദേശത്തെ 70 ഏക്കറിലും കൃഷിയിറക്കുന്നുണ്ടെന്ന് സ്ഥലം എം എല്‍ എ വീണാജോര്‍ജ്ജ്. സ്വകാര്യ ഭൂമിയിലാണ് വിത്തെറിഞ്ഞതെന്ന് എം എല്‍ എ സമ്മതിച്ചതിന്റെ സന്തോഷം പ്രകാശും തിരുവഞ്ചൂരും മറച്ചുവെച്ചിട്ടില്ല. പി ടി തോമസ് ഒരു പടി കൂടി കടന്നതോടെ വിമര്‍ശനം പരിഹാസമായി.
മുഴുവന്‍ ഭൂമിയിലും കൃഷിയിറക്കാന്‍ കഴിയാത്ത വിധം തോടുകള്‍ നികത്തി യു ഡി എഫ് അവിടെയാകെ നശിപ്പിച്ചിട്ടുണ്ടെന്നായി വീണാജോര്‍ജ്ജ്. എം എല്‍ എയെ പരിഹസിക്കുന്നവര്‍ കാണിച്ച പോക്രിത്തരം മറക്കാന്‍ കഴിയില്ലെന്ന് പി സി ജോര്‍ജ്ജും നിലപാടെടുത്തു. എന്തായാലും ആറന്മുളയില്‍ ലക്ഷ്യമിട്ട വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍ നിര്‍മ്മിക്കാന്‍ പോകുന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തി. വയല്‍ സംരക്ഷിച്ചത് കൊണ്ട് കാര്യമില്ലെന്നും നെല്‍ കൃഷി ചെയ്യാന്‍ സംവിധാനമൊരുക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശിച്ചു. കൃഷിക്കാവശ്യമായ ഇറിഗേഷന്‍ ഫെസിലിറ്റി നല്‍കുന്നില്ല. ഉള്ള വെള്ളം തമിഴ്‌നാട് ചോര്‍ത്തി കൊണ്ടുപോകുകയാണ്. സ്വര്‍ണ്ണം വിളയിക്കാവുന്ന ഭൂമിയാണ് അട്ടപാടിയെങ്കിലും അതിന് നടപടിയില്ല. തിരുവഞ്ചൂര്‍ മന്ത്രിയായപ്പോഴും എന്ത് കൊണ്ട് നടപടിയുണ്ടായില്ലെന്ന് കെ ബാബു സംശയിച്ചു.
ക്ലാസ്‌ഫോര്‍ ജീവനക്കാരന്റെ വരുമാനം പോലും നെല്‍കര്‍ഷകന് ലഭിക്കുന്നില്ലെന്നായിരുന്നു കെ കൃഷ്ണന്‍കുട്ടിയുടെ പരാതി. നെല്‍കൃഷി ലാഭകരമല്ലാത്തതിനാല്‍ മറ്റുകൃഷികളിലേക്ക് നീങ്ങേണ്ട സാഹചര്യമാണെന്ന് എല്‍ദോ എബ്രഹാം. അതിനാല്‍ കൂടുതല്‍ സബ്‌സിഡി നല്‍കണമെന്നും ആവശ്യപ്പെട്ടു.
നികത്തിയ വയലുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ താലൂക്ക് സഭകള്‍ തീരുമാനിച്ചാലും ഉദ്യോഗസ്ഥര്‍ നടപ്പാക്കാന്‍ തയ്യാറാകാത്തതില്‍ സി കെ നാണു ഖിന്നനായി. തരിശ് ഭൂമിയില്‍ കൃഷി ഇറക്കി വിജയം കൊയ്ത യുവതലമുറ സ്വന്തംനാട്ടിലുണ്ടായതില്‍ അദ്ദേഹം അഭിമാനിച്ചു. യു ഡി എഫിന്റെ ഭേദഗതി എടുത്ത് കളയുന്നതോടെ നാട്ടിലാകെ അരക്ഷിതാവസ്ഥയുണ്ടാകുമെന്നായിരുന്നു എന്‍ ഷംസുദ്ദീന്‍ നിരീക്ഷണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് തരംമാറ്റിയ ഭൂമിയില്‍ വീടുവെക്കാന്‍ അനുമതി ലഭിക്കാത്തതിന്റെ പ്രശ്‌നം ടി വി രാജേഷും വി ഡി സതീശനും ഉന്നയിച്ചു. കേരളത്തെ വിറ്റുതുലച്ച യു ഡി എഫിന്റെ ഭേദഗതിയാണ് ഇല്ലാതാകാന്‍ പോകുന്നതെന്നായിരുന്നു സുരേഷ്‌കുറുപ്പിന്റെ നിരീക്ഷണം. നെല്‍വയല്‍ ഇല്ലാതാകുന്നതിന്റെ പ്രത്യാഘാതം ബോധ്യപ്പെടാന്‍ വലിയ ശാസ്ത്രീയ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
നെല്‍വയല്‍ നീര്‍ത്തട ഭേദഗതി സബ്ജക്ട് കമ്മറ്റിയിലേക്ക് പോയതോടെ പിന്നെ കിഫ്ബിയുടെ ഊഴമായിരുന്നു. ബില്‍ അവതരിപ്പിച്ച ഐസക്കിന് മുന്നില്‍ എം ഉമറും കെ എം മാണിയും തടസവാദം ഉന്നയിച്ചെങ്കിലും ചട്ടം ഉപയോഗിച്ച് എല്ലാം മറികടന്നു. കിഫ്ബി മന്ത്രിസഭക്ക് മുകളിലുള്ള ഒരു സൂപ്പര്‍ക്യാബിനറ്റ് ആയി മാറുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
സൂപ്പര്‍ വകുപ്പാകുമെന്ന് മാത്രമല്ല, പണം ചെലവഴിക്കുന്നത് പരിശോധിക്കാന്‍ നിയമസഭക്ക് പോലും കഴിയില്ലെന്ന് രമേശ് ചെന്നിത്തലയും. പണം കണ്ടെത്തുന്നതില്‍ അവ്യക്തയുണ്ടെങ്കിലും തന്റെ കയ്യില്‍ അത്ഭുതവിളക്കുണ്ടെന്ന മട്ടിലാണ് തോമസ് ഐസക്കിന്റെ പ്രതികരണം. മന്ത്രി എന്തോ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പിച്ചു. എന്തായാലും ഡെമോക്ലസിന്റെ വാള്‍ പോലെ വൈകാതെ ജനത്തിന് മേല്‍ അത് പതിക്കും. രണ്ട് മൂന്ന് മാസത്തിനകം കാര്യങ്ങള്‍ വ്യക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി. ചര്‍ച്ചയിലുടനീളം വിമര്‍ശം ഉന്നയിച്ചെങ്കിലും ബില്‍ പാസാക്കുന്നതില്‍ ഒരുമിച്ച് നിന്നു.
ഐക്യകണ്‌ഡേന പാസാക്കാന്‍ സഹായിച്ചതിന് പ്രതിപക്ഷ നിരയിലെത്തി ഐസക്ക് ഹസ്തദാനവും നല്‍കി.