സൂപ്പര്‍ ലിയോ ഗോളില്‍ മുംബൈക്ക് ത്രില്ലര്‍ സമനില

Posted on: November 3, 2016 12:34 am | Last updated: November 3, 2016 at 12:34 am
ചെന്നൈയിന്റെ ലീഡ് ഗോള്‍ നേടിയ ജെജെയുടെ ആഹ്ലാദപ്രകടനം
ചെന്നൈയിന്റെ ലീഡ് ഗോള്‍ നേടിയ ജെജെയുടെ ആഹ്ലാദപ്രകടനം

ചെന്നൈ: ഫൈനല്‍ വിസിലിന് രണ്ട് മിനുട്ട് ശേഷിക്കെ പകരക്കാരന്‍ ലിയോ കോസ്റ്റയുടെ ഗോള്‍..! ചെന്നൈയിന്‍ എഫ് സിയുടെ തട്ടകത്തില്‍ തോല്‍വിയെ മുഖാമുഖം കണ്ട മുംബൈ സിറ്റി എഫ് സിക്ക് ത്രില്ലടിപ്പിക്കുന്ന സമനില. ഗോള്‍ അകന്നു നിന്ന ആദ്യ പകുതിക്ക് ശേഷമായിരുന്നു ചെന്നൈയിന്‍ എഫ് സിയുടെ ലീഡ് ഗോള്‍. അമ്പത്തൊന്നാം മിനുട്ടില്‍ ജെജെ ലാല്‍പെഖുലയാണ് ആതിഥേയര്‍ക്കായി സ്‌കോര്‍ ചെയ്തത്. ഈ ഗോളില്‍ മത്സരം പൂര്‍ത്തിയാക്കാമെന്ന പദ്ധതികളിലായിരുന്നു മാര്‍കോ മറ്റെരാസി പിന്നീടുള്ള മിനിട്ടുകളില്‍ ഗെയിം പ്ലാന്‍ ചെയ്തത്. അത് ഫലം കാണുന്ന കാഴ്ചയായിരുന്നു.
അത്‌ലറ്റിക്കോ മാഡ്രിഡിനെ പിന്തള്ളി ഐ എസ് എല്‍ ടേബിളില്‍ പന്ത്രണ്ട് പോയിന്റോടെ ഒന്നാം സ്ഥാനം ഉറപ്പിക്കുക മറ്റെരാസിയുടെ പ്രധാന അജണ്ടയായിരുന്നു. എന്നാല്‍, ഇറ്റാലിയന്‍ കോച്ചിന്റെ സകല അജണ്ടകളേയും അട്ടിമറിക്കുന്നതായിരുന്നു ലിയോ കോസ്റ്റയുടെ ലോംഗ് റേഞ്ചര്‍ ഗോള്‍. മൂന്നാം സീസണിലെ ത്രസിപ്പിക്കുന്ന ഗോളായി അത്.
ഏഴ് മത്സരങ്ങളില്‍ പത്ത് പോയിന്റുമായി ചെന്നൈയിന്‍ എഫ് സി നാലാം സ്ഥാനത്തും എട്ട് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റുള്ള മുംബൈ സിറ്റി എഫ് സി രണ്ടാം സ്ഥാനത്തുമാണ്. ഏഴ് കളികളില്‍ പന്ത്രണ്ട് പോയിന്റുള്ള അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് ഒന്നാം സ്ഥാനത്ത്.

പൂനെക്കും ഗോവക്കും
ജീവന്‍മരണ പോരാട്ടം

പൂനെ: ജീവവായു ആവശ്യമാണ് അന്റോണിയോ ഹബാസിന്റെ എഫ് സി പൂനെ സിറ്റിക്കും സീക്കോയുടെ എഫ് സി ഗോവക്കും. ഐ എസ് എല്‍ ടേബിളില്‍ ഏഴും എട്ടും സ്ഥാനത്ത് നില്‍ക്കുന്ന ഇവരാണ് ഇന്ന് മുഖാമുഖം. ആറ് മത്സരങ്ങളില്‍ ആറ് പോയിന്റാണ് പൂനെക്ക്, ഗോവക്ക് ഏഴ് മത്സരങ്ങളില്‍ നാല് പോയിന്റും. ലീഗില്‍ ഇനി ഗോവക്ക് അവശേഷിക്കുന്നത് ഏഴ് മത്സരങ്ങളാണ്. തുടര്‍ ജയങ്ങള്‍ മാത്രം മതി ഇപ്പോഴത്തെ ദുരവസ്ഥയില്‍ നിന്ന് അവര്‍ക്ക് തലപൊക്കാന്‍.
നിലവിലെ ഫോമും ചരിത്രവും ഹബാസിന് അനുകൂലമാണ്. ഒരു മത്സരം കുറച്ച് കളിച്ചുവെന്നതിന്റെ ആത്മവിശ്വാസം വേറെയും. സീക്കോയും ഹബാസും ഐ എസ് എല്ലില്‍ ഏഴ് തവണ മുഖാമുഖം വന്നിട്ടുണ്ട്. നാല് തവണയും മുന്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത കോച്ചായിരുന്ന ഹബാസ് ജയിച്ചു. ഒരു കളി പോലും സീക്കോക്ക് ജയിക്കാന്‍ സാധിച്ചിട്ടില്ല. ഈ ഏഴ് കളികളില്‍ നിന്ന് ആകെ നാല് ഗോളുകള്‍ മാത്രമാണ് സീക്കോയുടെ ടീമിന് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്.
ഹോംഗ്രൗണ്ടില്‍ പൂനെയുടെ റെക്കോര്‍ഡ് മോശമാണ്. ഇത്തവണ നാല് ഹോം മാച്ചുകളില്‍ നിന്ന് ആകെ രണ്ട് പോയിന്റാണ് പൂനെക്ക് സമ്പാദിക്കാനായത്. ഒരു കളി ഇതുവരെ ജയിച്ചിട്ടില്ല. അതേ സമയം, ഹോം ഗ്രൗണ്ടില്‍ ഇതുവരെ എഫ് സി ഗോവയോട് തോറ്റിട്ടില്ലെന്ന എന്ന ചരിത്രം പൂനെക്ക് അനുകൂലമായി നില്‍ക്കുന്നു.
കഴിഞ്ഞ നാല് കളികളിലും പൂനെക്ക് ജയിക്കാന്‍ സാധിച്ചിട്ടില്ല എന്നത് മൂന്നാം സീസണിലെ ദൈര്‍ഘ്യമേറിയ മോശം പ്രകടനങ്ങളിലൊന്നാണ്. ആറ് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റ് എന്നത് ഐ എസ് എല്‍ ചരിത്രത്തില്‍ പൂനെയുടെ ഏറ്റവും മോശം പ്രകടനമായി നില്‍ക്കുന്നു.
എന്നാല്‍, കോച്ച് ഹബാസ് ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ് സിയുടെ തിരിച്ചുവരവാണ് ഹബാസിന്റെ ആത്മവിശ്വാസത്തിനാധാരം.
ചെന്നൈയിന്‍ തുടക്കത്തില്‍ തുടരെ തോറ്റു. പക്ഷേ, അവര്‍ ചാമ്പ്യന്‍മാരായില്ലേ-ഹബാസ് ചോദിക്കുന്നു. ഒക്‌ടോബര്‍ ആദ്യ വാരത്തിലാണ് ടീമിന് മാര്‍ക്വു താരത്തെ ലഭിക്കുന്നത്. ടീമിന്റെ ഒരുക്കങ്ങളെ ഇത് ബാധിച്ചിട്ടുണ്ട്. ഇപ്പോഴും തൊണ്ണൂറ് ശതമാനമായിട്ടേയുള്ളൂ – ഹബാസ് പറഞ്ഞു.
സീക്കോയുടെ ഹബാസിനെ പോലെ അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നു. അവസ്ഥ വളരെ സങ്കീര്‍മായിരിക്കാം, പക്ഷേ തുടര്‍ ജയങ്ങള്‍ എല്ലാം മാറ്റിമറിക്കും. സെമി ബെര്‍ത് ഉറപ്പിക്കാന്‍ അഞ്ച് ജയങ്ങള്‍ മതിയെന്നാണ് സീക്കോ പറയുന്നത്.