ഛേത്രി മാത്രമല്ല ടീം, ഇത് കൂട്ടായ്മയാണ്

Posted on: November 3, 2016 5:32 am | Last updated: November 3, 2016 at 12:33 am

aaaaബെംഗളുരു: ബെംഗളുരു എഫ് സി എന്നത് ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള ടീമല്ലെന്നും ടീം ഗെയിം ആണ് പ്രധാനമെന്നും കോച്ച് ആല്‍ബര്‍ട്ട് റോക പറഞ്ഞു. ശനിയാഴ്ച എ എഫ് സി കപ്പ് ഫൈനലിന് തയ്യാറെടുക്കുകയാണ് ബെംഗളുരു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ മാത്രം കേന്ദ്രീകരിച്ച് ടീമിന്റെ വിജയസാധ്യതകള്‍ വിശകലനം ചെയ്യുന്ന പ്രവണതയെ നിരുത്സാഹപ്പെടുത്തുകയാണ് കോച്ച് ചെയ്യുന്നത്.
നിലവിലെ ചാമ്പ്യന്‍മാരായ ജൊഹര്‍ ദാറുലിനെതിരെ ഛേത്രിയുടെ തകര്‍പ്പന്‍ ലോംഗ് റേഞ്ചര്‍ ഗോളായിരുന്നു മത്സരം ഇന്ത്യന്‍ ക്ലബ്ബിന് അനുകൂലമാക്കിയത്. ഈ പ്രകടനം ഛേത്രിയിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയിലും ഛേത്രിയാണ് താരം.
എന്നാല്‍, തന്റെ ടീമിലെ പ്രധാന താരത്തെ സമ്മര്‍ദത്തിലാഴ്ത്തും ഈ ചര്‍ച്ചകള്‍ എന്ന ബോധ്യത്തോടെയാണ് കോച്ച് ആല്‍ബര്‍ട്ട് ഇടപെട്ടിരിക്കുന്നത്. ടീം ഗെയിം ആണ് ഫുട്‌ബോള്‍. വ്യക്തികള്‍ക്ക് വലിയ പ്രാധാന്യമില്ല. ചില ഘട്ടങ്ങളില്‍ വ്യക്തിപ്രഭാവം കൊണ്ട് മത്സരഗതി മാറിയേക്കാം. എങ്കിലും കൂട്ടായ പ്രവര്‍ത്തനമാണ് ടീമിന് ഗുണകരമാവുകയെന്നും ബെംഗളുരു എഫ് സി അത്തരമൊരു ടീമാണെന്നും കോച്ച് പറഞ്ഞത്.
ഛേത്രി ഗോളടിക്കാതിരുന്നപ്പോഴും ടീം മുന്നേറിയിട്ടുണ്ടെന്ന് കോച്ച് ചൂണ്ടിക്കാണിക്കുന്നു. ക്വാര്‍ട്ടര്‍ ഫൈനലിലും സെമിയുടെ ആദ്യപാദത്തിലും ഗോള്‍ നേടിയത് വിനീതും യുഗെനും ആയിരുന്നു.
ആ ഗോളുകള്‍ നിര്‍ണായകമായിരുന്നു. ഇത് മാത്രം മതി സുനില്‍ ഛേത്രിയെ ആശ്രയിച്ചു കൊണ്ടല്ല ബെംഗളുരു എഫ് സിയുടെ തന്ത്രങ്ങളെന്ന് ബോധ്യമാകുവാന്‍.
ടൂര്‍ണമെന്റില്‍ 26 ഗോളുകള്‍ നേടിയ ഇറാഖിന്റെ എയര്‍ഫോഴ്‌സ് എഫ് സിയാണ് ഫൈനലില്‍ ബെംഗളുരുവിന്റെ എതിരാളി. പതിനഞ്ച് ഗോളുകളുമായി ടൂര്‍ണമെന്റിന്റെ താരമായി നില്‍ക്കുന്ന ഹമ്മാദി അഹമ്മദിനെ തളയ്ക്കുക എന്നതും കോച്ച് ആല്‍ബര്‍ട്ട് റോക്കയുടെ പ്രധാന ചിന്താവിഷയമാണ്.