പക്ഷിപ്പനി: കേരളത്തില്‍ ലാബ് സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍

Posted on: November 3, 2016 6:57 am | Last updated: November 3, 2016 at 12:00 am

ആലപ്പുഴ: പക്ഷിപ്പനി പോലുള്ള രോഗങ്ങള്‍ സംസ്ഥാനത്ത് തന്നെ കണ്ടെത്താനുള്ള ലാബ് സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് മന്ത്രി കെ രാജു. പക്ഷിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പക്ഷികളെ ഇന്‍ഷ്വര്‍ ചെയ്യുന്ന കാര്യം സര്‍ക്കാറിന്റെ മുന്നിലുണ്ടെന്നും അതിന് കര്‍ഷകരുടെ കൂടി സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്ക് മാന്യമായ നഷ്ട പരിഹാരമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ചൊവ്വാഴ്ച വരെ 38,312 താറാവുകളെ നീക്കി സംസ്‌കരിച്ചതായി മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാറിനോട് കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനായി നാളെ ഡല്‍ഹിയിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.
പക്ഷിപ്പനി പടര്‍ന്നത് സൈബീരിയയില്‍ നിന്നുള്ള ദേശാടന പക്ഷികള്‍ വഴിയാണെന്ന് പക്ഷിപ്പനി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര സംഘാംഗവും കേന്ദ്ര മൃഗസംരക്ഷണ ജോയിന്റ് സെക്രട്ടറിയുമായ എച്ച് കെ മുനി എല്ലപ്പ യോഗത്തില്‍ വ്യക്തമാക്കി. ജൂണില്‍ റഷ്യയില്‍ എച്ച്5 എന്‍8 സ്ഥിരീകരിച്ചിരുന്നു. സൈബീരിയന്‍ ദേശാടന പക്ഷികളുടെ സഞ്ചാരപഥമായ ഡല്‍ഹിയില്‍ കഴിഞ്ഞ ഒക്‌ടോബറിലും ഇതേ രോഗം കെണ്ടത്തി. തുടര്‍ന്ന് കേരളത്തിലും ഇത് കണ്ടെത്തിയതോടെയാണ് ദേശാടന പക്ഷികളാണ് ഇതിന്റെ ഉറവിടമെന്ന നിഗമനത്തിലെത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. തുടക്കത്തില്‍ തന്നെ രോഗലക്ഷണമുള്ള താറാവുകളെ കണ്ടെത്താനും ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ എത്തിച്ച് രോഗം സ്ഥിരീകരിക്കാനും സര്‍ക്കാര്‍ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
തകഴി, മുട്ടാര്‍, ചെറുതന, നീലംപേരൂര്‍, പള്ളിപ്പാട് എന്നിവിടങ്ങളില്‍ രോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ദ്രുതകര്‍മ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ ഒമ്പത് സംഘങ്ങള്‍ എല്ലാ ദിവസവും പ്രവര്‍ത്തിച്ചുവരുന്നതായി മന്ത്രി വ്യക്തമാക്കി. നഷ്ടപ്പെട്ട താറാവുകളുടെ എണ്ണം കൃത്യമായി ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ മഹസര്‍ തയ്യാറാക്കി രേഖപ്പെടുത്തുന്നതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍, ഡോ. എന്‍ എന്‍ ശശി, ഡോ. സത്യരാജ്, ഡോ. ഗോപകുമാര്‍, മുന്‍ എം പി. ടി ജെ ആഞ്ചലോസ്, ഇന്‍ എന്‍ നാരായണന്‍ പങ്കെടുത്തു.