ലീഗ് വിളിച്ചു ചേര്‍ത്ത യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല: കാന്തപുരം

>>ഏക സിവില്‍കോഡ്: പ്രധാനമന്ത്രിയെ കാണും
Posted on: November 3, 2016 12:03 am | Last updated: November 3, 2016 at 12:05 am

kANTHAPURAM NEWകോഴിക്കോട്: ഏക സിവില്‍കോഡ് സംബന്ധിച്ച് കോഴിക്കോട് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലേക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലെന്നും കത്ത് ലഭിച്ചിട്ടില്ലെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. എറണാകുളത്ത് നടക്കുന്ന ശരീഅത്ത് സമ്മേളനത്തെ കുറിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യോഗം നടക്കുന്ന സമയം താന്‍ ജോര്‍ദാനിലായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് യോഗത്തെ കുറിച്ച് അറിഞ്ഞത്. മുമ്പ് നടക്കാറുള്ള യോഗങ്ങളെ കുറിച്ച് അറിയിക്കാറുണ്ടായിരുന്നുവെങ്കിലും ഇത്തവണ യോഗം അറിയിച്ചിട്ടില്ലെന്നും കാന്തപുരം പറഞ്ഞു. എറണാകുളത്ത് ഇന്ന് സംഘടിപ്പിക്കുന്ന ശരീഅത്ത് സമ്മേളനത്തിലേക്ക് മത സംഘടനകളെ ക്ഷണിച്ചിട്ടുണ്ട്. രാഷ്ട്രീയ സംഘടനകളെ ക്ഷണിച്ചിട്ടില്ല. ഏകസിവില്‍കോഡ് നടപ്പാക്കുന്നതില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആശങ്ക പ്രധാനമന്ത്രിയെ കണ്ട് നേരിട്ട് ബോധ്യപ്പെടുത്തുമെന്ന് ചോദ്യത്തിന് മറുപടിയായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. നേരത്തെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച വേളയില്‍ നിലവിലുള്ള നിയമങ്ങളില്‍ മാറ്റം വരുത്തരുതെന്നും ചരിത്രത്തില്‍ തിരുത്തലുകള്‍ വരുത്തരുതെന്നും അദ്ദേഹത്തോട് അഭ്യര്‍ഥിച്ചിരുന്നതായി കാന്തപുരം പറഞ്ഞു.