Connect with us

Articles

അര്‍നബ് ഗോസ്വാമിയില്‍ നിന്ന് രക്ഷപ്പെടുന്ന ഇന്ത്യ

Published

|

Last Updated

“അടുത്ത അഞ്ചു വര്‍ഷത്തിനിടയില്‍ നമ്മുടെ രാജ്യത്തിന് ആഗോള നിലവാരത്തിലുള്ള ന്യൂസ് ചാനലുകള്‍ ഉണ്ടാകുമെന്നാണ് ഞാന്‍ സ്വപ്‌നം കാണുന്നത്. ബി ബി സി, സി എന്‍ എന്‍ തുടങ്ങിയ ചാനലുകള്‍ പോലെ ലോകത്തൊട്ടാകെ സംപ്രേഷണം ചെയ്യുന്ന ഇന്ത്യയുടെ ആ ചാനലില്‍ ഒരു സുപ്രധാന സ്ഥാനം വഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”””
2012-ല്‍ ഗുഡ് ടൈംസ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അര്‍നബ് ഗോസ്വാമി പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ ദിവസം ടൈംസ് നൗ ചാനലില്‍ നിന്ന് രാജി വെച്ച് മാധ്യമലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അര്‍നബ്. മുംബൈയിലെ ലോവര്‍ പാരലിലെ ടൈംസ് നൗ ചാനലിന്റെ മീറ്റിംഗ് റൂമില്‍ നടന്ന സാധാരണ എഡിറ്റോറിയല്‍ മീറ്റിംഗില്‍ പങ്കെടുത്ത നാല്‍പത് സഹപ്രവര്‍ത്തകരെ സാക്ഷിയാക്കിയാണ് ടൈംസ് നൗ ചാനലിന്റെ പടിയിറങ്ങുകയാണെന്ന് അര്‍നബ് ഗോസ്വാമി പ്രഖ്യാപിച്ചത്.
സാധാരണപോലെ, അഭ്യൂഹങ്ങള്‍ പരന്നു. റൂപര്‍ട്ട് മര്‍ഡോക്ക്, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുമായി സഹകരിച്ച് അര്‍നബ് ഗോസ്വാമി സ്വന്തമായി ഒരു ന്യൂസ് ചാനല്‍ തുടങ്ങാന്‍ പോകുന്നു എന്നതാണ് അതിലൊന്ന്. അമേരിക്കയിലെ പ്രശസ്തമായ ഫോക്‌സ് ന്യൂസില്‍ ചേരാന്‍ പോകുകയാണെന്നും വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. അതേസമയം, ടൈംസ് നൗ ചാനലില്‍ അര്‍നബ് അവതരിപ്പിച്ചിരുന്ന ന്യൂസ് അവര്‍ സംവാദത്തില്‍ പ്രമുഖരായ പലരും പങ്കെടുക്കാന്‍ വിസമ്മതിച്ചതോടെ, ചാനലിന്റെ റേറ്റിംഗ് കുറയുകയും തുടര്‍ന്ന് ടൈംസ് നെറ്റ്—വര്‍ക്ക്‌സ് മാനേജ്‌മെന്റ് അദ്ദേഹത്തെ പുറത്താക്കാന്‍ തീരുമാനിക്കുകയും ചെയ്തു എന്നും വ്യാഖ്യാനങ്ങള്‍ വരുന്നുണ്ട്.
ഘോരമായ ഒരു മഴ പെയ്തു കഴിഞ്ഞ പ്രതീതിയാണ് രാജ്യത്തെ ടി വി പ്രേക്ഷകര്‍ക്ക് ഇപ്പോഴുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന വാര്‍ത്താ ചാനല്‍ എന്ന് സ്വയം അവകാശപ്പെടുന്ന ടൈംസ് നൗ രാത്രി ഒന്‍പതിന് പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്താധിഷ്ടിത സംവാദ പരിപാടിയായ ന്യൂസ് അവറില്‍ പങ്കെടുക്കാനെത്തുന്നവരെ ശകാരവാക്കുകള്‍ കൊണ്ടും വൃത്തികെട്ട പദപ്രയോഗങ്ങള്‍ കൊണ്ടും ആക്രമിക്കുന്ന അവതാരകന്‍ അര്‍ണബ് ഗോസ്വാമി നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ജെ എന്‍ യു ക്യാമ്പസിലെ സമരം ആരംഭിച്ച പശ്ചാത്തലത്തില്‍ ഇതേ പരിപാടിയില്‍ പങ്കെടുത്ത ഉമര്‍ ഖാലിദ് എന്ന വിദ്യാര്‍ഥി നേതാവിനെ തീവ്രവാദി എന്ന് പോലും വിളിച്ചുകളഞ്ഞു അര്‍ണബ് ഗോസ്വാമി. തന്റെ സംവാദപരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പരസ്പരം വഴക്കിടാനും ഒച്ചവെക്കാനും അവതാരകനായ അര്‍നബ് ഗോസ്വാമി അവസരം നല്‍കിയിരുന്നു. ന്യൂസ് അവറില്‍ പങ്കെടുക്കുന്ന ആളുകള്‍ ഒച്ചവെച്ചു തളരുമ്പോള്‍ അര്‍നബ് എല്ലാവരെക്കാളും ശബ്ദമുയര്‍ത്തും. വിവാദ വിഷയങ്ങള്‍ മാത്രം ചര്‍ച്ചക്കെടുക്കുകയും അതുവഴി പ്രേക്ഷകശ്രദ്ധ തന്റെചാനലിലേക്ക് എത്തിക്കുകയും ചെയ്തു മിടുക്ക് കാണിക്കുകയായിരുന്നു അദ്ദേഹം. ഇനി ന്യൂസ് അവര്‍ എന്ന അര്‍നബ് പരിപാടി ഇല്ലാതെ ടൈംസ് നൗ ചാനല്‍ എങ്ങനെ പിടിച്ചുനില്‍ക്കും എന്ന ചര്‍ച്ചയേക്കാള്‍ ശാന്തമായിരുന്നു ന്യൂസ് കാണാനുള്ള നല്ല സമയമായി ഈ അവസരത്തെ കാണാനാണ് പ്രേക്ഷകര്‍ക്ക്് ഇപ്പോള്‍ താത്പര്യം. അതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട പ്രതികരണങ്ങള്‍ തെളിയിക്കുന്നത്. അര്‍നബില്‍ നിന്ന് ഇന്ത്യ രക്ഷപ്പെട്ടു എന്നാണ് അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തത്.
എന്നും ബി ജെ പിക്കൊപ്പം നടക്കാനാണ് അര്‍നബിനുള്ളിലെ പത്രപ്രവര്‍ത്തകന്‍ ഇഷ്ടപ്പെട്ടത്. ദേശസ്‌നേഹവും ദേശവിരുദ്ധതയും നിര്‍വചിക്കാന്‍ ആ പത്രപ്രവര്‍ത്തകന്‍ തന്റെ സമയത്തിന്റെ ഏറ്റവും കൂടുതല്‍ ഭാഗം മാറ്റിവെച്ചു. നരേന്ദ്ര മോദി എന്ന പ്രാദേശിക രാഷ്ട്രീയ നേതാവിനെ സൂപ്പര്‍മാനാക്കാന്‍ അര്‍നബ് ഗോസ്വാമിയോളം പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകന്‍ ഇല്ല എന്ന് തന്നെ പറയാം. ആര്‍ എസ് എസ് രാജ്യത്തുടനീളം നടപ്പിലാക്കാന്‍ ഉദ്ദേശിച്ച ഓരോ അജന്‍ഡയും ചര്‍ച്ചയാക്കുകയും രാജ്യത്തെ മധ്യവര്‍ഗ ടി വി പ്രേക്ഷകരെ ആ വഴിക്ക് ചിന്തിപ്പിക്കാന്‍ ഉറക്കൊഴിക്കുകയും ചെയ്തു അദ്ദേഹം. ഒരുപക്ഷേ, തന്റെ സൂപ്പര്‍മാന്‍ ഇമേജ് സൃഷ്ടിക്കാന്‍ ഏല്‍പ്പിച്ച അന്താരാഷ്ട്ര പബ്ലിക് റിലേഷന്‍ കമ്പനികളെക്കാള്‍, അര്‍നബ് ഗോസ്വാമി രൂപപ്പെടുത്തിയ പൊതുജനാഭിപ്രായവും പ്ലാറ്റ്‌ഫോമും ആണ് നരേന്ദ്ര മോദിക്ക് കൂടുതല്‍ സഹായകമായിട്ടുണ്ടാകുക. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ഫലത്തിലും പ്രചരണങ്ങളിലും അര്‍നബ് വഹിച്ച പങ്ക് ഏറെ വലുതായിരുന്നു.
ന്യൂസ് അവറിലെ ചര്‍ച്ചാവിഷയം ഏതുമാകട്ടെ, ബി ജെ പി കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായി സംവാദം തിരിച്ചുവിടാനും അഭിപ്രായവ്യത്യാസം രേഖപ്പെടുത്തുന്നവരെയെല്ലാം ദേശവിരുദ്ധരും രാജ്യസ്‌നേഹമില്ലാത്തവരുമായി മുദ്രകുത്തപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാനും അര്‍നബ് ഗോസ്വാമിക്ക് സാധിച്ചിരുന്നു.
രാജ്യസ്‌നേഹം, കശ്മീര്‍, തീവ്രവാദം, മുസ്‌ലിം സ്ത്രീ, ഹിന്ദു വര്‍ഗീയത, ന്യൂനപക്ഷ പ്രീണനം, പാകിസ്ഥാന്‍ തുടങ്ങിയ വൈകാരിക വിഷയങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് ന്യൂസ് അവര്‍ സംവാദ പരിപാടി അവതരിപ്പിച്ചു. എങ്ങനെയും ചാനലിന്റെ റേറ്റിംഗ് കൂട്ടുക എന്നത് മാത്രമായിരുന്നു അര്‍ണബിന്റെ ലക്ഷ്യം. അതോടെ, മാധ്യമ നൈതികത എന്നത് അന്ധവിശ്വാസമോ അസംഭവ്യമോ ആയി മാറി. മൂന്ന് ഖാന്മാരായ മുസ്‌ലിംകള്‍ ബോളിവുഡ് സിനിമാ ലോകം കയ്യിലൊതുക്കി വെച്ചിരിക്കുകയാണെന്നും ഇത് അനുവദിക്കരുതെന്ന് പോലും ഗോസ്വാമി അലറി വിളിച്ചു. വ്യാജ വീഡിയോകളും വാര്‍ത്തകളും ചാനലില്‍ നിറഞ്ഞു. കാശ്മീരില്‍ ഒരു പെണ്‍കുട്ടി പീഡനത്തിനിരയായപ്പോള്‍, സാധാരണ ചാനലുകള്‍ ചെയ്യുന്നത് പോലെ ഇരയുടെ ബ്ലര്‍ ചെയ്ത മുഖം പ്രദര്‍ശിപ്പിക്കാന്‍ സമ്മതിച്ചില്ല. പ്രേക്ഷകര്‍ക്ക് അത് കാണാന്‍ താത്പര്യമുണ്ടാവില്ല എന്ന് പറഞ്ഞ് ആ പെണ്‍കുട്ടിയുടെ മുഖം പ്രദര്‍ശിപ്പിക്കുന്ന വീഡിയോ സംപ്രേഷണം ചെയ്യാന്‍ എഡിറ്റിംഗ് റൂമില്‍ അര്‍ണബ് നേരിട്ടെത്തി. മുംബൈ സ്‌ഫോടനത്തില്‍ പിടിക്കപ്പെട്ട അജ്മല്‍ കസബ് ക്ഷമാപണം നടത്തുന്ന വീഡിയോ മറ്റേതു ചാനലിനു ലഭിക്കുന്നതിനും മുമ്പേ, ടൈംസിന് ലഭിച്ചിരുന്നു. പക്ഷേ, അത് കാണുന്നവര്‍ക്ക് കസബിനോട് സഹതാപം ഉണ്ടാവുമെന്ന് പറഞ്ഞ് അര്‍ണണബ് അത് കാണിച്ചില്ല. ഐ എസിലേക്ക് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് നടക്കുന്നു എന്ന വ്യാജവാര്‍ത്ത സ്വയം നിര്‍മിക്കുകയും അതിന് പിന്തുണ നല്‍കുന്ന വീഡിയോയായി വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഡല്‍ഹി ബട്ട്‌ല ഹൗസ് ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ കാണിക്കാന്‍ പോലും ചീഫ് എഡിറ്റര്‍ ധൈര്യം കാണിച്ചു. ജെ എന്‍ യു സമരകാലത്തും പാകിസ്ഥാന്‍ മുദ്രാവാക്യം വിളിക്കുന്ന ദേശദ്രോഹികള്‍ എന്ന പേരില്‍ വ്യാജദൃശ്യങ്ങള്‍ ഈ ചാനല്‍ കാണിച്ചിരുന്നു. ഇത്തവണ കശ്മീര്‍ പ്രശ്‌നം ആരംഭിച്ച ദിവസം തന്നെ മൂന്ന് കാശ്മീര്‍ യുവാക്കള്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടപ്പോള്‍ ആ വാര്‍ത്ത അര്‍ണബ് കൊടുത്തപ്പോള്‍ നിരന്തരം ചോദിച്ച ചോദ്യം ഇതിനോട് വിഘടനവാദികള്‍ ആരും എന്താണ് പ്രതികരിക്കാത്തത് എന്നായിരുന്നത്രേ. പ്രസ്തുത ദിവസം രാവിലെ തന്നെ ചാനലിന്റെ കാശ്മീര്‍ റിപ്പോര്‍ട്ടര്‍ പൂജ നിരവധി നേതാക്കളുടെ പ്രതികരണം ചാനലിലേക്ക് അയച്ചിരുന്നു. ആ ദൃശ്യങ്ങള്‍ മുഴുവന്‍ സ്റ്റുഡിയോ റൂമിലിരിക്കുമ്പോഴാണ് ന്യൂസ് അവതാരകനായ അര്‍ണബ്, വിഘടനവാദികള്‍ എന്താണ് പ്രതികരിക്കാത്തത് എന്ന് നിരന്തരം ചോദിക്കുന്നത്. അത്തരം ചോദ്യങ്ങള്‍ വരുമ്പോള്‍ മാത്രമാണ് കാശ്മീരികളുടെ രാജ്യസ്‌നേഹത്തിലേക്കും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും കാര്യങ്ങള്‍ ചെന്നെത്തുക എന്ന് മറ്റാരേക്കാളും അര്‍ണബ് ഗോസ്വാമിക്കറിയാമായിരുന്നു.
വാര്‍ത്തകള്‍ക്കുള്ളില്‍ നിറച്ച വര്‍ഗീയതയും മുസ്‌ലിം വിരുദ്ധതയും ദേശസ്‌നേഹത്തിന്റെയും ദേശീയ താത്പര്യത്തിന്റെയും പേരില്‍ അവതരിപ്പിച്ചത് കൊണ്ടുതന്നെ അര്‍നബ് ഗോസ്വാമി എന്നും വിവാദങ്ങള്‍ക്കൊപ്പമായിരുന്നു. ശരിയും തെറ്റും വസ്തുതയും ഒന്നുമല്ല, വാര്‍ത്തകളുടെ വേഗമാണ് പ്രധാനം എന്ന അപകടകരമായ രീതിയായിരുന്നു ഒരു മാധ്യമ സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് അദ്ദേഹം എന്നും സ്വീകരിച്ചിരുന്നത്.
അര്‍നബ് ഗോസ്വാമിയെപ്പോലെയുള്ള മാധ്യമപ്രവര്‍ത്തകര്‍ ദേശീയരാഷ്ട്രീയത്തിലെ അജന്‍ഡകള്‍ നിര്‍ണയയിക്കാനും വഴിതിരിച്ചുവിടാനും തുടങ്ങുന്നത് വലിയ അപകടമാണെന്ന് രാജ്യത്തെ പ്രമുഖരായ പലരും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇനി ഏതു രൂപത്തിലാണ് അര്‍നബ് വീണ്ടും ജനിക്കുക എന്നതാണ് ആശങ്കയുണര്‍ത്തുന്ന വസ്തുത.