ഐ എസ് എല്ലില്‍ എന്തും സംഭവിക്കാം !

Posted on: November 1, 2016 10:55 am | Last updated: November 1, 2016 at 10:55 am

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആദ്യ ഘട്ടം പിന്നിടുകയാണ്. ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്ന ചെന്നൈയിന്‍ എഫ് സിയും പൂനെ സിറ്റി എഫ് സിയും ഒഴികെയുള്ള ആറ് ടീമുകളും ഏഴ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. റൗണ്ട് റോബിന്‍ ലീഗടിസ്ഥാനത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇനി അത്രയും തന്നെ മത്സരങ്ങളേ അവശേഷിക്കുന്നുള്ളൂ. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം നാളെ ചെന്നൈയിന്‍ എഫ് സിയും മുംബൈ സിറ്റി എഫ് സിയും തമ്മിലുള്ള പോരാട്ടത്തോടെ ഐ എസ് എല്‍ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കും.
സെമിഫൈനലില്‍ ആരൊക്കെയുണ്ടാകും എന്നത് ഇപ്പോഴും പറയാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഏഴ് മത്സരങ്ങളില്‍ നാല് പോയിന്റ് മാത്രമുള്ള സീക്കോയുടെ എഫ് സി ഗോവയാണ് ഏറ്റവും പിറകില്‍, എട്ടാം സ്ഥാനത്തുള്ളത്. ഇനിയൊരു തിരിച്ചുവരവ് സാധ്യമാണോ എന്ന ചോദ്യം സീക്കോക്ക് നേരെ ഉയര്‍ന്നു കഴിഞ്ഞു. പക്ഷേ, സീക്കോ ആത്മവിശ്വാസത്തോടെ മറുചോദ്യം ഉന്നയിക്കുകയാണ് ചെയ്യുന്നത്.
ഐ എസ് എല്‍ ടേബിളില്‍ തന്റെ ടീം പിറകിലായിരിക്കും. എന്ന് കരുതി സെമിഫൈനല്‍ ബെര്‍ത്തില്‍ നിന്ന് ഏറെ അകലെയല്ല ഗോവന്‍ ടീം. പന്ത്രണ്ട് പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയിലേക്ക് എഫ് സി ഗോവക്കുള്ള അകലം എട്ട് പോയിന്റിന്റെതാണ്. തന്റെ ടീമിനെ തള്ളിപ്പറയാന്‍ സാധിക്കുമോ ? – സീക്കോയുടെ ചോദ്യം ഇതാണ്. ഇരുപത് പോയിന്റ് മതിയാകും സെമിഫൈനല്‍ ഉറപ്പിക്കാന്‍. മറ്റ് മത്സരങ്ങളുടെ ഫലം കൂടി അനുസരിച്ചാണെങ്കില്‍ പോലും. ശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ അഞ്ചെണ്ണം ജയിച്ചാല്‍ ഗോവയുടെ മുന്നോട്ടുള്ള പ്രയാണം എളുപ്പമാകുമെന്ന് സീക്കോ കണക്കുകളിലൂടെ ആശ്വാസം കൊള്ളുന്നു.
2014 ഐ എസ് എല്ലിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും നോക്കൗട്ട് റൗണ്ട് യോഗ്യത നേടിയത് പത്തൊമ്പത് പോയിന്റുമായിട്ടായിരുന്നു. കഴിഞ്ഞ സീസണില്‍ പോയിന്റ് നിലവാരം വര്‍ധിച്ചു.
ഫൈനല്‍ കളിച്ച ഡല്‍ഹി ഡൈനമോസും ചെന്നൈയിന്‍ എഫ് സിയും ഇരുപത്തിരണ്ട് പോയിന്റുകള്‍ നേടിയായിരുന്നു നോക്കൗട്ട് ഘട്ടത്തിലെത്തിയത്. സീസണിന്റെ നിലവാരം കുറേക്കൂടി ഉയര്‍ന്നതായിരുന്നു 2015 ല്‍. ഇരുപത് പോയിന്റ് നേടിയ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിക്ക് സെമി കളിക്കാനുള്ള ഭാഗ്യമില്ലാതെ പോയിരുന്നു.
എന്നാല്‍, 2016 സീസണ്‍ പകുതി പിന്നിടുമ്പോള്‍ ബോധ്യമാകുന്നത് വ്യക്തമായൊരു ആധിപത്യം ഒരു ടീമിനും ഇല്ല എന്നതാണ്. പതിനെട്ട് പോയിന്റിന് മുകളില്‍ നേടുന്നവര്‍ക്ക് സെമി ബെര്‍ത് ഉറപ്പിക്കാം.
കഴിഞ്ഞ രണ്ട് സീസണുകളെ അപേക്ഷിച്ച് സമനിലകള്‍ കൂടി എന്നത് ഒരു ഘടകമാണ്. ഇരുപത്തേഴ് മത്സരങ്ങളില്‍ പത്ത് കളികളാണ് ഫലമില്ലാതെ അവസാനിച്ചത്. മൂന്നാം സീസണില്‍ ടീമുകള്‍ തമ്മിലുള്ള അന്തരം കുറഞ്ഞുവെന്നതിന്റെ സൂചനയാണിത്. ആറ് പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള എഫ് സി പൂനെ സിറ്റിക്കും നാല് പോയിന്റുമായി ഏറ്റവും പിറകില്‍ തുടരുന്ന എഫ് സി ഗോവക്കും രണ്ട് തുടര്‍ ജയങ്ങള്‍ മതി ടോപ് ഫോറില്‍ പുതിയൊരു ക്രമം സൃഷ്ടിക്കാന്‍.
അതുപോലെ ഇത്തവണ ഐ എസ് എല്ലില്‍ കണ്ടുവരുന്ന ഒരു പുതുപ്രവണതയാണ് എതിര്‍ തട്ടകത്തിലെ ജയങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധന. ഹോം മാച്ച് കളിക്കുന്നതിനേക്കാള്‍ ക്ലബ്ബുകള്‍ സുരക്ഷിതര്‍ എവേ മാച്ചിലാണെന്ന അവസ്ഥ !
ആദ്യ 27 മത്സരങ്ങളുടെ കണക്കെടുപ്പില്‍ പതിനൊന്ന് എവേ ജയങ്ങളുണ്ട്. പത്തെണ്ണം സമനില. ഹോംഗ്രൗണ്ടില്‍ ആറ് ജയങ്ങള്‍.
കഴിഞ്ഞ രണ്ട് സീസണിലുമായി മുംബൈ സിറ്റി എഫ് സി എവേ മാച്ചില്‍ ജയിച്ച് ഒരു കളിയില്‍ മാത്രമാണ്.
ഇത്തവണ, സീസണ്‍ പകുതിയിലെത്തി നില്‍ക്കെ അവര്‍ രണ്ട് എവേ ജയങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു. പൂനെയിലും കൊല്‍ക്കത്തയിലുമായിരുന്നു മുംബൈയുടെ ജയങ്ങള്‍. അതുപോലെ ശ്രദ്ധേയമാണ് ഹോംഗ്രൗണ്ടിലെ വിജയദാരിദ്ര്യം. എഫ് സി പൂനെ സിറ്റിക്കും എഫ് സി ഗോവക്കും ഡല്‍ഹി ഡൈനമോസിനും ഒരു ഹോം മാച്ച് പോലും നടപ്പ് സീസണില്‍ ജയിക്കാന്‍ സാധിച്ചിട്ടില്ല.