തിരഞ്ഞെടുപ്പ് സഖ്യം; അഖിലേഷ് യാദവ് വഴങ്ങില്ലെന്ന് റിപ്പോര്‍ട്ട്

Posted on: November 1, 2016 6:20 am | Last updated: November 1, 2016 at 12:21 am

ലക്‌നോ: അടുത്ത വര്‍ഷം ആദ്യം ഉത്തര്‍ പ്രദേശില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യ സാധ്യതകള്‍ക്കുള്ള ശ്രമങ്ങള്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗും അദ്ദേഹത്തിന്റെ സഹോദരന്‍ ശിവപാല്‍ സിംഗ് യാദവും നടത്തുമ്പോള്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇതിനെരാണെന്ന് റിപ്പോര്‍ട്ട്. മതേതര വോട്ടുകള്‍ ഒരു പെട്ടിയില്‍ വീഴ്ത്തുകയെന്ന ലക്ഷ്യത്തോടെ ബീഹാറില്‍ പരീക്ഷിച്ച് വിജയിച്ച മഹാസഖ്യ മോഡലിലാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായി എസ് പി സഖ്യശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഈ നീക്കം പാര്‍ട്ടിക്ക് കൂടുതല്‍ ദോഷകരമാകുമെന്ന വിലയിരുത്തലാണ് അഖിലേഷിനുള്ളതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഇത് സംബന്ധിച്ച തന്റെ നിലപാട് കഴിഞ്ഞ കാലങ്ങളില്‍ അഖിലേഷ് വെളിപ്പെടുത്തിയിരുന്നു. സഖ്യത്തെ അഖിലേഷിനോട് കൂറ് പുലര്‍ത്തുന്ന രാംഗോപാല്‍ യാദവും എതിര്‍ത്തിരുന്നു. ബീഹാര്‍ മുഖ്യമന്ത്രി നതീഷ് കുമാര്‍, ജെ ജി യു നേതാവ് ശരത് യാദവ്, ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവരോട് ചര്‍ച്ച നടത്തി സഖ്യസാധ്യത ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ശിവപാല്‍ യാദവും കൂട്ടരും കണക്കു കൂട്ടുന്നത്. ഈ കണക്കു കൂട്ടലുകള്‍ക്ക് കൂടുതല്‍ ബലമേകി മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ അടക്കമുള്ളവരെ ഈ മാസം അഞ്ചിന് നടക്കുന്ന പാര്‍ട്ടിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.