സിമി ഏറ്റുമുട്ടല്‍; അധികൃതരുടെ മൊഴിയില്‍ വൈരുധ്യം

Posted on: November 1, 2016 12:20 am | Last updated: November 1, 2016 at 12:20 am
SHARE

simiഭോപ്പാല്‍: ജയില്‍ ചാടിയ സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ ചുറ്റിപ്പറ്റി നിരവധി ദുരൂഹതകള്‍ നിലനില്‍ക്കുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പറയുന്നതില്‍ വൈരുധ്യമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് ലേഖകന്‍ ലഭ്യമായ വിവരങ്ങളും ദുരൂഹതകളും ഇങ്ങനെ അവതരിപ്പിക്കുന്നു:
1- അറിഞ്ഞത്: ജയില്‍ ഗാര്‍ഡിനെ സ്പൂണും സ്റ്റീല്‍ പാത്രങ്ങളും ആയുധമാക്കി വധിക്കുകയും മറ്റൊരാളെ ബന്ദിയാക്കുകയും ചെയ്ത ശേഷം എട്ട് സിമി പ്രവര്‍ത്തകര്‍ ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി തടവുചാടിയെന്നാണ് പൊലീസ് പറയുന്നത്.ദുരൂഹത: എട്ട് പേരും കൃത്യമായി ഒരുമിച്ച് ഒരേയിടത്തേക്ക് രക്ഷപ്പെട്ടത് എന്ത്‌കൊണ്ട്? പിടിക്കപ്പെടാതിരിക്കാന്‍ ചിതറിയോടാഞ്ഞത് എന്ത്‌കൊണ്ട്?
2- അറിഞ്ഞത്: പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയതെന്ന് ഭോപ്പാല്‍ ഐ ജി യോഗേഷ് ചൗധരി പറയുന്നു. ഗ്രാമവാസികള്‍ വിവരം നല്‍കിയെന്നാണ് മുഖ്യമന്ത്രിയും പറയുന്നത്.
ദുരൂഹത: പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയില്‍ ജയില്‍ ചാടിയെന്നാണ് പോലീസ് പറയുന്നത്. രാവിലെ എട്ട് മണിയോടെയാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇതിനിടയില്‍ ഇവരുടെ ചിത്രങ്ങള്‍ പോലും പുറത്തുവന്നിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ രാവിലെ തന്നെ നാട്ടുകാര്‍ക്ക് എങ്ങനെയാണ് ഈ എട്ട്‌പേരും ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞത്? മാത്രമല്ല ഇവര്‍ കൊല്ലപ്പെട്ട് കിടക്കുന്ന പ്രദേശം ഒരിക്കലും കണ്ണില്‍ പെടാത്ത ഇടമാണ്. ഇവിടെ എങ്ങനെയാണ് ഗ്രാമവാസികള്‍ ഇവരെ കണ്ടെത്തിയത്.
3- അറിഞ്ഞത്: പുലര്‍ച്ചെ രണ്ടിന് എട്ട് പേരും ചേര്‍ന്ന് ജയില്‍ ഗാര്‍ഡ് രാംനരേഷ് യാദവിനെ കൊലപ്പെടുത്തിയെന്ന് പോലീസ്. തടവ് ചാടാന്‍ ദീപാവലി ദിനം തിരഞ്ഞെടുത്തു.
ദുരൂഹത: പുലര്‍ച്ചെ രണ്ടിന് സാധാരണ ഗതിയില്‍ തടവുകാര്‍ സെല്ലുകളില്‍ കഴിയുന്ന സമയമാണ്. സെല്ലുകളില്‍ കഴിയുന്ന ഇവര്‍ എങ്ങനെ പുറത്തുകടന്നുവെന്നതിന് വ്യക്തമായ വിശദീകരണം ജയില്‍ അധികൃതര്‍ നല്‍കിയിട്ടില്ല. ആഘോഷദിനത്തില്‍ എല്ലാവരും വൈകിയാണ് ഉറങ്ങിയത്. ഇങ്ങനെയൊരു ദിവസം തന്നെ തിരഞ്ഞെടുത്തത് എന്ത്‌കൊണ്ട്? ദീപാവലി ആഘോഷത്തിനിടെ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യമൊട്ടാകെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതുമാണ്.
4- അറിഞ്ഞത്: ജീന്‍സും സ്‌പോര്‍ട്‌സ് ഷൂവും ധരിച്ച തരത്തിലാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയത്.
ദുരൂഹത: സെല്ലുകളില്‍ കഴിയുന്നവര്‍ക്ക് ഷൂസും വാച്ചും അണിയാന്‍ ജയില്‍ അധികൃതര്‍ അനുവദിച്ചിരുന്നോ? തടവ് ചാടിയ ശേഷം വേഷം മാറിയെന്നാണെങ്കില്‍ അവ അവര്‍ക്ക് എവിടെ നിന്ന് കിട്ടി?
5- അറിഞ്ഞത്: തടവു ചാടിയ പ്രതികള്‍ പോലീസിനെ ആക്രമിച്ചുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നുണ്ട്. അങ്ങനെയാണ് സംഭവം ഏറ്റുമുട്ടല്‍ ആകുന്നത്.
ദുരൂഹത: ജയില്‍ ചാടിയവര്‍ക്ക് എവിടെനിന്ന് ആയുധം ലഭിച്ചു? പുറത്തുവന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തുനിന്ന് ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുന്നതാണ്. വീണു കിടക്കുന്നയാളെയും വെടിവെക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here